ഒപി സമയം കഴിഞ്ഞെന്ന് ന്യായീകരണം; അപകടത്തില്‍ പരിക്കേറ്റ ആദിവാസി മൂപ്പനും മകനും ചികിത്സ നല്‍കിയില്ല
Sun, 22 Jan 2023

തൃശ്ശൂര്‍: ഒപി സമയം കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ട് പുത്തൂരില്‍ അപകടത്തില്‍ പരിക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ചികിത്സ നിഷേധിച്ചതായി പരാതി. പുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഗിരീഷിനെതിരെയാണ് പരാതി. വല്ലൂര്‍ സ്വദേശികളായ രമേശനും വൈഷ്ണവുമാണ് അപകടത്തില്‍പ്പെട്ട് ചികിത്സ തേടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
ഇരുവരും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പുത്തൂരില്‍ വച്ചാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരെയും പുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഡോ. ഗീരീഷായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒപി സമയം കഴിഞ്ഞെന്നായിരുന്നു മറുപടി. അര മണിക്കൂര്‍ കാത്തു നിന്നു. തര്‍ക്കമായതോടെ ഡോക്ടര്‍ കാറെടുത്ത് പോയെന്നാണ് ആരോപണം.