ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് എഞ്ചിനീയർ ആത്മഹത്യ ചെയ്തു
കോയമ്പത്തൂർ : ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് കോയമ്പത്തൂരിൽ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ശങ്കർ(29) എന്നയാളാണ് മരിച്ചത്. മൃതദേഹത്തിൽ നടത്തിയ പരിശോധനയ്ക്കിടെ പണവും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ പണവും നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യയെന്ന് എഴുതിയ ശങ്കറിന്റെ കുറിപ്പ് പൊലീസിന് ലഭിച്ചു.
ശങ്കറിനെ കോയമ്പത്തൂരിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്തിയത്. ഇയാൾ ഓൺലൈൻ ചൂതാട്ടത്തിന് അടിമയായിരുന്നു. തുടക്കത്തിൽ ഓൺലൈൻ ചൂതാട്ടത്തിലൂടെ ഇയാൾ കുറച്ച് പണം സമ്പാദിച്ചിരുന്നതായും കണ്ടെത്തി. പിന്നീട് ഇയാളുടെ സമ്പാദ്യമെല്ലാം നഷ്ടപ്പെടുകയായിരുന്നു. നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ ശങ്കർ സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങി. എന്നാൽ ആ പണവും നഷ്ടപ്പെട്ടു. ഇതോടെ ശങ്കർ വിഷാദരോഗത്തിലേക്ക് നീങ്ങി.
ഓൺലൈനിൽ എത്ര പണം നഷ്ടപ്പെട്ടെന്നും സുഹൃത്തുക്കളിൽ നിന്ന് എത്ര പണം കടം വാങ്ങിയെന്നും അറിയാൻ സാധിച്ചിട്ടില്ല. ശങ്കറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനായി അയച്ചിരിക്കുകയാണ്.