LogoLoginKerala

പി കെ ശശിക്ക് നേരെ ഗുരുതര ആരോപണങ്ങളുമായി ജില്ലാ സെക്രട്ടേറിയറ്റ്

 
p k sasi
പാലക്കാട് ജില്ലയിലെ പാർട്ടി അണികൾക്കിടയിൽ വിഭാഗീയത വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് പി.കെ ശശിയാണെന്ന് അന്വേഷണ കമ്മീഷൻ അംഗങ്ങൾ തന്നെ യോഗത്തിൽ പറഞ്ഞു

പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കെ.റ്റി.ഡി.സി ചെയർമാൻ പി.കെ ശശിക്കെതിരെ വിമർശനം. വിഭാഗീയത വളർത്താൻ പി.കെ ശശി ശ്രമിക്കുന്നതായി യോഗത്തിൽ പങ്കെടുത്ത സംസ്ഥാന നേതാക്കൾ അഭിപ്രായപ്പെട്ടു. ജില്ലാ നേതൃത്വത്തെ മോശമാക്കാൻ ശശിയുടെ ഭാഗത്ത് നിന്ന് ശ്രമം നടത്തിയതായും വിമർശനം ഉയർന്നു.

പാലക്കാട് ജില്ലയിലെ പ്രാദേശികതലത്തിലെ വിഭാഗീയത പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന കമ്മറ്റി ചുമതലപ്പെടുത്തിയ കമ്മീഷൻ അംഗങ്ങളായ ആനാവൂർ നാഗപ്പൻ, കെ.കെ ജയചന്ദ്രൻ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തു. പാലക്കാട് ജില്ലയിലെ പാർട്ടി അണികൾക്കിടയിൽ വിഭാഗീയത വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് പി.കെ ശശിയാണെന്ന് അന്വേഷണ കമ്മീഷൻ അംഗങ്ങൾ തന്നെ യോഗത്തിൽ പറഞ്ഞു. ജില്ലാ നേതൃത്വത്തെ മോശമാക്കാനാണ് ശശി ശ്രമിച്ചത്. തനിക്കൊപ്പം ആളെ നിർത്താൻ ശശി പലതും ചെയ്യുന്നതായും വിമർശനം ഉയർന്നു.

മണ്ണാർക്കാട്, മുണ്ടൂർ മേഖലകളിൽ നിന്നുള്ള സെക്രട്ടറിയേറ്റ് അംഗങ്ങളും വിമർശനം ഉന്നയിച്ചു. കെ.റ്റി.ഡി.സി ചെയർമാൻ എന്ന നിലയിൽ പി.കെ ശശി മികച്ച പ്രവർത്തനം നടത്തുന്നില്ല. കെ.റ്റി.ഡി.സിയുടെ സംവിധാനങ്ങൾ വിഭാഗീയതക്കായി ഉപയോഗിക്കുന്നതായും വിമർശനം ഉയർന്നു. സഹകരണ ബാങ്കുകളിലെ സാമ്പത്തിക തിരിമറിയും അനധികൃത നിയമനവും നടന്നു എന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് പുതിയ ആരോപണം പി കെ ശശിക്ക് നേരെ ഉയരുന്നത്