LogoLoginKerala

ലോകകിരീടം എന്ന സ്വപ്നം ബാക്കിയാക്കി കണ്ണീരോടെ ക്രിസ്റ്റ്യാനോ കളംവിട്ടു

 
ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് ഇതിഹാസത്തിന് ലോകകിരീടമില്ലാതെ കണ്ണീരോടെ മടക്കം. മനസ്സിൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു ലോകകപ്പ് ആയിരിക്കും അഞ്ച് തവണ ലോകകപ്പ് കളിച്ചിട്ടുള്ള ക്രിസ്റ്റ്യാനോയ്ക്ക് ഖത്തറിലേത്. കഴിഞ്ഞ മത്സരത്തിലും ആദ്യ ഇലവനിൽ സ്ഥാനം കിട്ടാതിരുന്ന ക്രിസ്റ്റ്യാനോയ്ക്ക് ഇന്നും അത് തന്നെയായിരുന്നു വിധി. അവസാന ലോകകപ്പിന് ബൂട്ട് കെട്ടിയിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോർച്ചുഗലിനും ഇരുട്ടടിയായിരുന്നു ഇന്നത്തെ മത്സരത്തിൽ മോറോക്കോയിൽ നിന്നുള്ള അട്ടിമറി. 


ഇന്ന് പോർച്ചുഗൽ പുറത്തായതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണ് നിറഞ്ഞ് കൊണ്ടാണ് കളം വിട്ടത്. അവസാന വിസിലിന് ശേഷം റൊണാൾഡോ സഹ താരങ്ങളെ കാത്തു നിൽക്കാതെ മൈതാനം വിട്ടു. കണ്ണീരോടെ താരം ഡ്രസിംഗ് റൂമിലേക്ക് പോകുന്ന വീഡിയോ ഇതിനോടകം തന്നെ ഫുട്ബോൾ ആരാധകരെ ഒന്നടങ്കം സങ്കടത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ കളിയിൽ നിന്ന് വിപരീതമായി മധ്യ നിരയിലേക്ക് ഇറങ്ങി പന്ത് വാങ്ങി മികച്ച പ്രകടനമാണ് താരം ഇന്ന് പുറത്തെടുത്തത്. 

ഇതോടെ പോർച്ചുഗൽ ടീമിനകത്തുള്ള വിള്ളലാണ് തുറന്നു കാട്ടപ്പെടുന്നത്. കഴിഞ്ഞ മത്സരത്തിലും പോർച്ചുഗൽ താരങ്ങൾ വിജയം ആഘോഷിക്കുമ്പോൾ അവരുടെ കൂടെ കൂടാതെ തിരിച്ച് ഡ്രസിങ് റൂമിലേക്ക് ക്രിസ്റ്റ്യാനോ പോയിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി താരത്തെ വിമർശിച്ച് കൊണ്ടും അനുകൂലിച്ചുകൊണ്ടും നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നത്. പോർച്ചുഗൽ പുറത്തായതോടെ  റൊണാൾഡോ വിരമിക്കുമോ എന്ന ചോദ്യമാകും ഇനി ഉയരുക.