LogoLoginKerala

പൊരുതിത്തോറ്റ് ഘാന; ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

 
cr7
ഗോള്‍ നേട്ടത്തോടെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ സ്വന്തമാക്കി

ത്തര്‍ ലോകകപ്പില്‍ പോർച്ചുഗലിന് വിജയത്തുടക്കം. സ്റ്റേഡിയം 974ൽ നടന്ന മത്സരത്തിൽ ഘാനയ്‌ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ഗോളടിക്ക് തുടക്കമിട്ടപ്പോള്‍ ജാവോ ഫെലിക്‌സ്, റാഫേല്‍ ലിയോ എന്നിവര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ആന്ദ്രേ അയൂ, ഒസ്മാന്‍ ബുകാരി എന്നിവരാണ് ഘാനയുടെ ഗോളുകള്‍ നേടിയത്. ഗോള്‍ നേട്ടത്തോടെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. 

മത്സരത്തിന്റെ ആദ്യപകുതിയില്‍ പോര്‍ച്ചുഗലിന്റെ ആധിപത്യം ആണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും പോര്‍ച്ചുഗല്‍ മുന്നിലായിരുന്നെങ്കിലും ലക്ഷ്യത്തില്‍ നിന്ന് മാത്രം അകന്നുനിന്നു. 10-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന് ആദ്യ അവസരം ലഭിക്കുന്നത്. ബെര്‍ണാഡോ സില്‍വയുടെ ത്രൂബോള്‍ റൊണാള്‍ഡോ സ്വീകരിച്ച് ഗോളിന് ശ്രമിച്ചെങ്കിലും ഘാന ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. തുടർന്ന് 31-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ഗോള്‍ നേടിയെങ്കിലും റഫറി ഫൗള്‍ വിളിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ഘാന പ്രതിരോധത്തിലേക്ക് വലിഞ്ഞു പോര്‍ച്ചുഗൽ മുന്നേറ്റ താരങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ആദ്യ ഗോളിന് വഴി ഒരുങ്ങിയത്. ബോക്‌സില്‍ റൊണാള്‍ഡോയെ പ്രതിരോധതാരം സലിസു വീഴ്ത്തിയതിനു റഫറി പെനാല്‍റ്റി വിധിച്ചു. ഘാന താരങ്ങൾ വാറിന് വേണ്ടി റഫറിയോടു തർക്കിച്ചെങ്കിലും റഫറി കൂട്ടാക്കിയില്ല. 65-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ എടുത്ത പെനാൽറ്റി ഘാന ഗോള്‍കീപ്പറെ നോക്ക് കുത്തിയാക്കി മിന്നൽ വേഗത്തിൽ വല തുളച്ചു. എന്നാല്‍ എട്ട് മിനിറ്റിനു ശേഷം ഘാനയുടെ കുഡുസിന്റെ ക്രോസില്‍ മുന്നേറ്റതാരം അയൂ വലകുലുക്കി. 

സമനില ഗോൾ വന്നതോടെ പോർച്ചുഗൽ വീണ്ടും മുന്നേറ്റം കടുപ്പിച്ചു. 78-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ലീഡ് തിരിച്ചുപിടിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ത്രൂ ബോള്‍ സ്വീകരിച്ച ഫെലിക്‌സ് അനായാസം ഗോല്‍ കീപ്പറെ കീഴടക്കി പോർച്ചുഗലിന്റെ രണ്ടാം ഗോൾ കുറിച്ചു. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം പകരക്കാരനായി ഇറങ്ങിയ ലിയാവോയുടെ ഫിനിഷിലൂടെ പോർച്ചുഗൽ മൂന്നാം ഗോളും കുറിച്ചു. അവസാന നിമിഷങ്ങളിൽ ആക്രമിച്ചു കളിച്ച ഘാനയ്ക്ക് ബുകാരിയുടെ ഹെഡ്ഡറിലൂടെ ഒരു ഗോള്‍കൂടി മടക്കാനായെങ്കിലും ഒപ്പമെത്താൻ സാധിച്ചില്ല.