തൊട്ടാല്‍ പൊള്ളും; സ്വർണ വില നാൽപതിനായിരത്തിലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന്റെ ഇന്നത്തെ വില് നാല്‍പ്പതിനായിരത്തിലേക്ക്. ഇന്ന് 200 രൂപയാണ് പവന് വര്‍ധിച്ചത്. 39,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4975 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡിസംബര്‍ ഒന്നിന് 39000 രൂപയായിരുന്നു സ്വര്‍ണവില. ഒമ്പതു ദിവസത്തിനിടെ എണ്ണൂറു രൂപയുടെ വര്‍ധനയുണ്ടായി. ബുധനാഴ്ച 39600 രൂപയായിരുന്നു പവന്‍ വില. വ്യാഴാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
ഈ വര്‍ഷം മാര്‍ച്ചില്‍ സ്വര്‍ണവില നാല്‍പ്പതിനായിരം കടന്നിരുന്നു. പിന്നീട് തിരിച്ചിറങ്ങുകയായിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വമാണ് വിലയില്‍ പ്രതിഫലിച്ചിരുന്നത്. പലിശ നിരക്കിലെ വര്‍ധനയും സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. നിരക്കുകള്‍ വര്‍ധിക്കുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണം വില്‍ക്കുകയും ഉയര്‍ന്ന പലിശ ലഭിക്കുന്ന നിക്ഷേപങ്ങളില്‍ പണമിറക്കുകയുമാണ് ചെയ്യുന്നത്. പണപ്പെരുപ്പം വര്‍ധിക്കുന്ന സമയത്ത് കറന്‍സിയുടെ മൂല്യം കുറയുമ്പോള്‍ സുരക്ഷിത ഓപ്ഷന്‍ എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നുണ്ട്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച അടിസ്ഥാന പലിശ നിരക്കുകള്‍ റിസര്‍വ് ബാങ്ക് വീണ്ടും വര്‍ധിപ്പിച്ചിരുന്നു. വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റാണ് (0.35 ശതമാനം) വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.90 ശതമാനത്തില്‍നിന്ന് 6.25 ശതമാനമായി. വിപണിയിലെ അനിശ്ചിതത്വം മറികടക്കാന്‍ ആറു മാസത്തിനിടെ റിപ്പോ നിരക്കുകള്‍ രണ്ടു ശതമാനത്തോളമാണ് ഉയര്‍ത്തിയത്.