പിണറായി വിജയനും സി പി എം നേതാക്കളും ഉമ്മൻചാണ്ടിയെ മാതൃകയാക്കണം: ബെന്നി ബഹനാൻ
Dec 28, 2022, 19:03 IST
കൊച്ചി: ആരോപണങ്ങളുണ്ടായപ്പോൾ ഏത് അന്വേഷണത്തെയും നേരിടാമെന്ന് പറയുക മാത്രമല്ല പ്രതിപക്ഷം ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിച്ച ഉമ്മൻചാണ്ടിയുടെ ശൈലി രാഷ്ട്രീയപ്രവർത്തകർ മാതൃകയാക്കണമെന്ന് ബെന്നി ബഹനാൻ എം.പി. നിയമസഭയ്ക്ക് അകത്തും പുറത്തും നേരിട്ട എല്ലാ ആരോപണങ്ങളും അന്വേഷിക്കാൻ ഉമ്മൻചാണ്ടി തയാറായി. ആഭ്യന്തരമന്ത്രി സ്‌ഥാനത്ത് നിന്ന് പോലും മാറി നിന്നു. ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറാവുക മാത്രമല്ല മണിക്കൂറുകളോളം ജുഡീഷ്യൽ കമ്മീഷന് മുന്നിൽ ഹാജരായി അന്വേഷണത്തോട് പൂർണമായും സഹകരിച്ചു.
കേരള പോലീസ് അന്വേഷണത്തിൽ കുറ്റവിമുക്തനാക്കി. സി ബി ഐ അന്വേഷണത്തിലും ഉമ്മൻചാണ്ടിക്ക് ക്ളീൻ ചിറ്റ നൽകി. ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അന്വേഷണത്തെ നേരിടാനും നിരപരാധിത്വം തെളിയിക്കാനും ഉമ്മൻചാണ്ടി കാണിച്ച മാതൃക മുഖ്യമന്ത്രിയും സി പി എം നേതാക്കളും പാഠമാക്കണം.
ആരോപണങ്ങളിൽ നിന്നും ആക്ഷേപങ്ങളിൽ നിന്നും ഒളിച്ചോടുന്ന മുഖ്യമന്ത്രിയാണ് ഇന്നുള്ളത്. അന്വേഷണത്തെ നേരിടാൻ പോലും പിണറായി വിജയൻ ഭയക്കുന്നു. ഉമ്മൻചാണ്ടിക്കെതിരേ ഉണ്ടായതിനേക്കാൾ കടുത്ത ആരോപണങ്ങൾ കൂടുതൽ വിശ്വാസ്യതയുള്ള കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായിട്ടും അന്വേഷണം നേരിടാൻ മുഖ്യമന്ത്രി മടിക്കുന്നു. വ്യക്തമായ മറുപടി പോലൂം പറയാതെ ഓടിയൊളിക്കുകയാണ് മുഖ്യമന്ത്രിയും സി പി എം നേതാക്കളും.
ഉമ്മൻചാണ്ടിയുടെ മാതൃക രാഷ്ട്രീയ പ്രവർത്തകർക്കാകെ പാഠമാകണം. ഇനിയെങ്കിലും അന്വേഷണത്തെ നേരിടാൻ മുഖ്യമന്ത്രിയും സി പി എം നേതാക്കളും തയാറാകണമെന്നും ബെന്നി ബഹനാൻ പറഞ്ഞു.