LogoLoginKerala

അസി. പ്രൊഫസര്‍ നിയമനം; എം ജി സര്‍വകലാശാല സുപ്രീം കോടതിയിലേക്ക്

 
Supreme Court

നിയമനത്തിലെ കോടതി ഇടപെടലില്‍ എംജി സര്‍വ്വകലാശാലയ്ക്ക് അതൃപ്തി. എം ജി സര്‍വ്വകലാശാല സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിന്റെ മാര്‍ക്കിന്റെ കാര്യത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ എം.ജി. സര്‍വകലാശാല സുപ്രീം കോടതിയിലേക്ക്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അക്കാദമിക വിഷയമാണെന്നും അതിലെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിലെ കോടതി ഇടപെല്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാത്മാഗാന്ധി സര്‍വകലാശാല സുപ്രീം കോടതിയെ സമീപിച്ചത്.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാര്‍ക്ക് നിശ്ചയിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാല പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍വ്വകലാശാലയുടെ കീഴിയിലുള്ള കോളേജുകളിലെ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. എം.ജി. സര്‍വ്വകലാശാല ഉത്തരവ് യു.ജി.സി. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ അഭിമുഖത്തിന് പരമാവധി 20 മാര്‍ക്ക് ആയിരുന്നു നല്‍കിയിരുന്നത്. ഇതില്‍ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം എം.ജി. സര്‍വകലാശാല പുറത്തിറക്കിയിരുന്നത്.

സര്‍വകലാശാല പുറത്തിറക്കിയ വിജ്ഞാപനപ്രകാരം അഭിമുഖത്തിന് പരമാവധി 50 മാര്‍ക്കും, അധ്യാപന അഭിരുചിക്ക് 10 മാര്‍ക്കും, ഗവേഷണ അഭിരുചിക്ക് 20 മാര്‍ക്കും,വിഷയത്തില്‍ ഉള്ള അറിവിന് 10 മാര്‍ക്കും നല്‍കാം എന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ ഈ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒരു മാസത്തിനുള്ളില്‍ പുതിയ മാനദണ്ഡം പുറത്തിറക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍വകലാശാല സുപ്രീം കോടതിയെ സമീപിച്ചത്.