LogoLoginKerala

വിവാദങ്ങൾക്കിടെ ശശി തരൂർ തിരുവനന്തപുരത്ത്; സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രസംഗം

 
Shashi Tharoor
കോര്‍പ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തുന്ന സമര വേദിയിലാണ് തരൂര്‍ എത്തിയത്


സംസ്ഥാനത്ത് തുടരുന്ന സമര പരിപാടികളില്‍ പങ്കെടുക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ തലസ്ഥാനത്തെത്തി. കോര്‍പ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തുന്ന സമര വേദിയിലാണ് തരൂര്‍ എത്തിയത്. സമര പരിപാടികളില്‍ എന്തുകൊണ്ട് വൈകി എത്തി എന്ന ചോദ്യത്തിനും അദ്ദേഹം വേദിയില്‍ വെച്ച് ഉത്തരം നല്‍കി.

എല്ലാ കാര്യത്തിലും സമയമെടുത്ത് ആലോചിച്ച് അതാത് വിഷയം മനസ്സിലാക്കിയാണ് തീരുമാനം എടുക്കുന്നത്. തിരുവനന്തപുരത്തെ കോര്‍പ്പറേഷന്‍ സമരവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മേയറുടെ രാജി ആവശ്യപ്പെട്ടിരുന്നു. തിരക്ക് കാരണമാണ് തിരുവനന്തപുരത്ത് എത്താന്‍ സാധിക്കാത്തതെന്നാണ് അദ്ദേഹം പറഞ്ഞത്.

നഗരസഭ വിഷയത്തില്‍ ഏറ്റവും ആദ്യം ഇടപെട്ടത് താനാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സമരവേദിയില്‍ പ്രസംഗം തുടങ്ങിയത്. ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളെ എല്ലാം വേദിയിലേക്ക് എത്തിക്കാനും ശശി തരൂരിന് സാധിച്ചു. മാത്രമല്ല സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനെതിരേയും പോലീസിനെതിരേയുമെല്ലാം രൂക്ഷമായ വിമര്‍ശനം തരൂരിന്റെ ഭാഗത്ത് നിന്നുണ്ടായി. കെ റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ തരൂര്‍ സര്‍ക്കാരിനെ അനുകൂലിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിനകത്തുതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി തെറ്റു ചെയ്താല്‍ മുഖ്യമന്ത്രിയേയും വിമര്‍ശിക്കും എന്നായിരുന്നു അദ്ദേഹത്തിന്റ മറുപടി.

തലസ്ഥാന നഗരിയില്‍ വന്‍ സ്വീകരണമാണ് തരൂരിന് ലഭിക്കുന്നത്. പ്രവര്‍ത്തകര്‍ ജാഥയായി എത്തി തരൂരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. പരിപാടിയില്‍ കെ.എസ്. ശബരീനാഥന്‍, പാലോട് രവി, എന്‍ ശക്തന്‍, ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി എ അസീസ് തുടങ്ങിയ നേതാക്കളുടെ വന്‍നിരയും ഉണ്ടായിരുന്നു.

സ്വന്തം മണ്ഡലത്തില്‍ തരൂര്‍ എത്തുന്നില്ലെന്നും കാര്യമായ പ്രവര്‍ത്തനം നടത്താതെ വടക്കന്‍ ജില്ലകളില്‍ പര്യടനം നടത്തി ഒറ്റയ്ക്ക് ഒരു സംവിധാനം ഉണ്ടാക്കാനുള്ള നീക്കം നടത്തുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് തരൂര്‍ തലസ്ഥാനത്തെത്തിയത്. പ്രതിപക്ഷ നേതാവും കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.