കട്ടപ്പനയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു, 12 പന്നികളെ കൊന്നു
ഇടുക്കി: കട്ടപ്പനയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊച്ചുതോവാളയില്‍ സ്വകാര്യ വ്യക്തിയുടെ ഫാമിലെ 12 പന്നികളെ കൊന്നു. കൊച്ചുതോവാള നിരപ്പേല്‍കട ഭാഗത്ത് ചേന്നാട്ട് ഷാജിയുടെ ഫാമിലെ പന്നികളെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക ടീം എത്തി ദയാവധത്തിന് വിധേയമാക്കിയത്. ഫാമിലെ 140 പന്നികളാണ് ഇതോടെ ചത്തത്. ഇടുക്കിയില്‍ തൊടുപുഴ നഗരസഭ 17 -ാം വാര്‍ഡ് കട്ടപ്പന നഗരസഭ 12-ാം വാര്‍ഡ്, ഉപ്പുതറ പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകള്‍, വാത്തിക്കിക്കുടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് എന്നിവിടങ്ങളിലെ പന്നിഫാമുകളില്‍ രോഗം ഇതിനകം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസങ്ങളില്‍ കണ്ണൂരിലും വയനാട്ടിലും തൃശ്ശൂരും പാലക്കാട്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.
രണ്ടാഴ്ച്ച മുമ്പാണ് ഫാമിലെ ആദ്യ പന്നി ചത്തത്. അപ്പോള്‍ തന്നെ മൃഗസംരക്ഷണ വകുപ്പില്‍ അറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ശേഖരിച്ച രണ്ട് സാംപിളുകള്‍ ഭോപ്പാല്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ലാബുകളിലേയ്ക്കാണ് പരിശോധനയ്ക്ക് അയച്ചത്. 12 ദിവസങ്ങള്‍ക്ക് ശേഷമാണ് പന്നിപ്പനി സ്ഥിരീകരിച്ചെന്ന് കാണിച്ച് ലാബില്‍ നിന്നും റിപ്പോര്‍ട്ട് എത്തിയത്.
ഈ സമയത്തിനുള്ളില്‍ ഫാമിലെ 128 പന്നികള്‍ ചത്തിരുന്നു. ബാക്കി വന്ന 12 എണ്ണത്തിനെയാണ് ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. നിശാന്ത് എം. പ്രഭയുടെ നേതൃത്വത്തിലുള്ള സംഘം ദയാവധം നടത്തിയത്.
ഇതോടെ രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍പ്പെടുന്ന സ്ഥലങ്ങള്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവില്‍പ്പെടുന്ന സ്ഥലങ്ങള്‍ രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ നിന്ന്, പന്നി മാംസ വിതരണവും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് പന്നിമാംസം കൊണ്ട് പോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ട് വരുന്നതും താല്‍ക്കാലികമായി നിരോധിച്ചു.