നടിയെ ആക്രമിച്ച കേസ്; ഷോണ്‍ ജോര്‍ജ് നാളെ ചോദ്യം ചെയ്യലിന് ഹാജരാവണം
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് വ്യാജ വാട്സ്ആപ്പ് കേസിലാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. കോട്ടയത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഷോണിന്റെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊബൈലും ടാബും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു.
ഷോണ്‍ ജോര്‍ജ് ദിലീപിന്റെ സഹോദരന്‍ അനൂപിന് അയച്ച ചില സന്ദേശങ്ങളാണ് കേസിന് ആധാരം. അതിജീവിതയെ പിന്തുണച്ചവരെ അധിക്ഷേപിക്കുന്നതിന് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കുകയും അതിലെ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന മട്ടില്‍ ഗ്രൂപ്പിലുണ്ടാക്കിയ ചില സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിച്ചതാണ് എന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇവ സമൂഹമാധ്യമങ്ങളില്‍നിന്ന് ലഭിച്ചതാണെന്നാണ് ഷോണിന്റെ മൊഴി.