LogoLoginKerala

ജീവകാരുണ്യത്തിന് കോടികള്‍ ദാനം ചെയ്ത് 9 മലയാളികള്‍; ഹുറൂണ്‍ ലിസ്റ്റില്‍ മുന്നില്‍ എം എ യൂസഫലി

 
ma yusuffali

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മാനവക്ഷേമത്തിനുമായി സ്വത്തില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (202223) കോടികള്‍ ദാനം ചെയ്ത ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടംപിടിച്ച് 9 മലയാളികള്‍. ആകെ 114 പേരുള്ള ഈഡെല്‍ഗീവ് ഹുറൂണ്‍ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ്-2023ല്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലിയാണ് മലയാളികളില്‍ മുന്നില്‍. 107 കോടി രൂപയാണ് അദ്ദേഹം ദാനം ചെയ്തത്.

93 കോടി രൂപ ദാനം ചെയ്ത ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനും കുടുംബവുമാണ് രണ്ടാംസ്ഥാനത്തുള്ളത്. പ്രമുഖ വ്യവസായിയും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍-എമരിറ്റസുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കുടുംബവുമാണ് മൂന്നാമത് (82 കോടി രൂപ). ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, സാറാ ജോര്‍ജ് മുത്തൂറ്റ്, ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് എന്നിവരും കുടുംബവും 71 കോടി രൂപയുമായി നാലാമതുണ്ട്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാലും കുടുംബവുമാണ് അഞ്ചാമത് (35 കോടി രൂപ).

മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാറും കുടുംബവുമാണ് ആറാമതുള്ളത്. ഇവര്‍ 15 കോടി രൂപയാണ് സാമൂഹികക്ഷേമത്തിനായി ചെലവഴിച്ചത്. ഏഴാമതുള്ള ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസും കുടുംബവും 13 കോടി രൂപ സംഭാവന ചെയ്തു. ശ്രീഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് മേധാവി എ.എം. ഗോപാലനും (ഗോകുലം ഗോപാലന്‍) കുടുംബവും 7 കോടി രൂപ ചെലവഴിച്ചു. സാമി-സബിന്‍സ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. മുഹമ്മദ് മജീദാണ് ഒമ്പതാമത്. 5 കോടി രൂപയാണ് അദ്ദേഹം നല്‍കിയത്.

ഈഡെല്‍ഗീവ് ഹുറൂണ്‍ ഇന്ത്യ ഫിലാന്ത്രോപ്പി പട്ടിക-2023ല്‍ 114 പേരാണ് ഇടംപിടിച്ചത്. എച്ച്.സി.എല്‍ ടെക്നോളജീസ് ചെയര്‍മാന്‍ ശിവ് നാടാരാണ് ഒന്നാംസ്ഥാനത്ത്. അദ്ദേഹവും കുടുംവും ചേര്‍ന്ന് ദാനം ചെയ്തത് 2,042 കോടി രൂപയാണ്. ഇതില്‍ 1,899 കോടി രൂപയും അദ്ദേഹം സ്വന്തം നിലയ്ക്ക് നല്‍കിയതാണ്.

വിപ്രോ മേധാവി അസീം പ്രേംജിയും കുടുംബവുമാണ് രണ്ടാമത് (1,774 കോടി രൂപ). 376 കോടി രൂപ ചെലവഴിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബവും മൂന്നാമതും 287 കോടി രൂപ ചെലവിട്ട ആദിത്യ ബിര്‍ള ഗ്രൂപ്പ് സാരഥി കുമാര്‍ മംഗളം ബിര്‍ളയും കുടുംബവും നാലാമതുമാണ്. 285 കോടി രൂപ നീക്കിവച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും കുടുംബവുമാണ് അഞ്ചാമത്. മലയാളികളില്‍ മുന്നിലുള്ള എം.എ. യൂസഫലി പട്ടികയില്‍ 14-ാമതാണ്. ക്രിസ് ഗോപാലകൃഷ്ണന്‍ 15-ാം സ്ഥാനത്തും.

പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തികള്‍ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ സീറോദയുടെ സ്ഥാപകരും സഹോദരന്മാരുമായ നിഖില്‍ കാമത്തും നിതിന്‍ കാമത്തുമാണ്. 110 കോടി രൂപയാണ് ഇവര്‍ സ്വത്തില്‍ നിന്ന് ദാനം ചെയ്തത്.