ഡോ. വന്ദനക്ക് 11 കുത്തുകളേറ്റു, ശരീരത്തില്‍ 23 മുറിവുകള്‍, മൃതദേഹം വസതിയിലെത്തിച്ചു
കൊല്ലം- കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ ശരീരത്തില്‍ 23 മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ 11 കുത്തുകളേറ്റു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായത്. മുതുകില്‍ ആറും തലയില്‍ മൂന്നും കുത്തുകളേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.
ഡോ.വന്ദനാ ദാസിന്റെ മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വസതിയിലെത്തിച്ചു. രാത്രി എട്ടു മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.വീട്ടുമുറ്റത്ത് തയാറാക്കിയ പ്രത്യേക പന്തിലിലാണ് പൊതുദര്‍ശനം. വന്‍ ജനാവലിയാണ് വന്ദനയെ അവസാനമായി കാണുന്നതിന് എത്തുന്നത്. മന്ത്രിമാരായ വി.എന്‍.വാസവന്‍, റോഷി അഗസ്റ്റിന്‍, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവരും എത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടു വളപ്പിലാണ് സംസ്‌കാരം.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ച വന്ദനയുടെ മൃതദേഹത്തില്‍ നൂറുകണക്കിനു പേരാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തുടര്‍ന്ന് വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലും പൊതദര്‍ശനത്തിനു വച്ചപ്പോഴും നിരവധിപ്പേര്‍ വന്ദനയെ അവസാനമായി ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി.
അതേസമയം, കേസിലെ പ്രതി സന്ദീപിനെ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ശേഷം ഇയാളെ ആംബുലന്‍സില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി. പ്രതി ആദ്യം കുത്തിയത് ഡോ. വന്ദന ദാസിനെയാണ് എന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. പിന്തുടര്‍ന്നെത്തി യാതൊരു പ്രകോപനവുമില്ലാതെ വന്ദനയെ കുത്തിയെന്നാണ് എഫ്‌ഐആര്‍. എന്നാല്‍, സന്ദീപിന്റെ ബന്ധുവിനും പൊലീസിനുമാണ് ആദ്യം കുത്തേറ്റതെന്നായിരുന്നു പൊലീസും ദൃക്‌സാക്ഷികളായ ആശുപത്രി ജീവനക്കാരും മൊഴി നല്‍കിയിട്ടുള്ളത്.