LogoLoginKerala

താനൂര്‍ ദുരന്തതീരമായി, ബോട്ടപകടത്തില്‍ മരണം 22, സംസ്ഥാനത്ത് ദുഖാചരണം

20 പേര്‍ കയറാവുന്ന ബോട്ടില്‍ ഇരട്ടിയോളം പേര്‍ കയറി

 
boat dragedy

മലപ്പുറം- താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 21 ആയി. 40 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. മരിച്ചവരില്‍ 9 കുട്ടികളും  ഉള്‍പ്പെടുന്നു.  രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങല്‍ ബീച്ചിലെ തൂവല്‍ തീരത്ത് വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. രക്ഷപ്പെടുത്തിയ പത്തു പേരില്‍  ഏഴ് പേരുടെ നില ഗുരുതരമാണ്.

രണ്ടു നിലകളുള്ള ബോട്ട് തലകീഴായി മറിഞ്ഞ് പൂര്‍ണ്ണമായും മുങ്ങി. ബോട്ടില്‍ എത്രപേരുണ്ടായിരുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ തിരച്ചില്‍ തുടരുകയാണ്. ബോട്ട് ചരിഞ്ഞപ്പോള്‍ ബോട്ടിന്റെ മുകള്‍ നിലയിലുണ്ടായിരുന്ന പലരും ചാടി രക്ഷപ്പെട്ടു. എന്നാല്‍ താഴെ തട്ടിലുണ്ടായിരുന്നവര്‍ ബോട്ടിനുള്ളില്‍ കുടുങ്ങിപ്പോയി. ബോട്ടിന്റെ ചില്ലും ജനാലകളുമൊക്കെ തകര്‍ത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസിന്റെയും വി അബ്ദുറഹ്‌മാന്റെയും നേതൃത്വത്തിലാണ് രാത്രിയില്‍ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.

20 പേര്‍ക്ക് കയറാവുന്ന ബോട്ടിലാണ് 40 ഓളം പേര്‍ കയറിയത്. തിങ്ങി നിറഞ്ഞ ബോട്ട് തിരിക്കുമ്പോള്‍ യാത്രക്കാര്‍ ഒരു വശത്തേക്ക് നീങ്ങുകയും ചരിയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ ബോട്ട് തിരിക്കുമ്പോളാണ് മുങ്ങിയതെന്ന് കരുതുന്നു. ഫിഷിംഗ് ബോട്ട് ടൂറിസ്റ്റ് ബോട്ടായി രൂപകല്‍പന ചെയ്തതാണ്. ബോട്ടില്‍ ലൈഫ് ജാക്കറ്റുകളടക്കം ഉണ്ടായിരുന്നില്ല. ബോട്ടിന് ലൈസന്‍സില്ലെന്നും വ്യക്തമായി.

പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. മരിച്ചവര്‍ ഏറെയും ഒരേ കുടുംബങ്ങളിലുള്ളവരും ബന്ധുക്കളുമാണ്. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. എന്‍ ഡി ആര്‍ എഫ് സംഘവും സ്‌കൂബാ സംഘങ്ങളും പുഴയുടെ അടിത്തട്ടില്‍ തിരച്ചില്‍ തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ബോട്ടുടമ നാസര്‍ ഒളിവില്‍ പോയി.

പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്‌ന (7), ഷംന (17), ഹുസ്ന (18), മലപ്പുറം മുണ്ടുപറമ്പ് നിഹാസിന്റെ മകള്‍ ഹാദി ഫാത്തിമ (7), ആവില്‍ ബീച്ച് കുന്നുമ്മല്‍ കുഞ്ഞമ്പി (38), താനൂര്‍ ഓലപ്പീടിക കാട്ടില്‍ പീടിയേക്കല്‍ സിദ്ദീഖ് (35), മകള്‍ ഫാത്തിമ മിന്‍ഹ (12), പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ ജാബിര്‍ (40), മകന്‍ ജരീര്‍ (12), പരപ്പനങ്ങാടി കുന്നുമ്മല്‍ സീനത്ത് (38), ഒട്ടുമ്മല്‍ കുന്നുമ്മല്‍ വീട്ടില്‍ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സാറ, പരപ്പനങ്ങാടി കുന്നുമ്മല്‍ റസീല, പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകന്‍ അഫ്ലഹ് (7), പെരിന്തല്‍മണ്ണ സ്വദേശി അന്‍ഷിദ് (9), പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവില്‍ പോലീസ് ഓഫീസറുമായ സബറുദ്ദീന്‍ (38) എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞവര്‍. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം രാവിലെ തുടങ്ങി.

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള  ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കമുള്ളവര്‍ ഇന്ന് രാവിലെ സ്ഥലത്തെത്തും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.