2000 രൂപാ നോട്ടുകള്‍ ആരും വാങ്ങുന്നില്ല, നടപ്പിലായത് നോട്ട് നിരോധനം
കൊച്ചി- 2000 രൂപാ നോട്ടുകള്‍ വിനിമയം ചെയ്യുന്നതിന് വിലക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുമ്പോള്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ എടുക്കാക്കടലാസായി മാറി. നിയന്ത്രണ വിധേയമായി ബാങ്കുകളല്ലാതെ മറ്റാരും തന്നെ 2000 രൂപയുടെ നോട്ടുകള്‍ വാങ്ങാന്‍ തയ്യാറാകുന്നില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും എടുക്കാതായതോടെ 2000 രൂപാ നോട്ടുകള്‍ക്ക് ഇന്നലെ മുതല്‍ രാജ്യമെങ്ങും നിരോധനമാണ് ഫലത്തില്‍ വന്നിരിക്കുന്നത്. സെപ്തംബര്‍ 30 വരെ ബാങ്കുകളില്‍ മാറ്റിയെടുക്കാന്‍ സമയമുള്ളതിനാല്‍ ആര്‍ക്കും വലിയ വേവലാതിയില്ലെന്നു മാത്രം.
2000 രൂപാ നോട്ടുകളുടെ വിനിമയത്തിന് തടസമില്ലെന്ന വിശ്വാസത്തില്‍ നോട്ടുകള്‍ നല്‍കാന്‍ ശ്രമിച്ചവര്‍ക്കെല്ലാം നിരാശയാണ് ഫലം. വാങ്ങുന്നവന്‍ ബാങ്കില്‍ കൊണ്ടു പോയി മാറ്റിയെടുക്കേണ്ടി വരുമെന്നതിനാല്‍ ആരും രണ്ടായിരത്തിന്റെ നോട്ട് വാങ്ങാന്‍ തയ്യാറല്ല. ഇതിനിടെ ബിവറേജസ് കോര്‍പറേഷന്റെ ഔട്ലെറ്റുകളില്‍ 2000 രൂപാ നോട്ടിന് വിലക്കേര്‍പ്പെടുത്തിയതും വിവാദമായി. മദ്യം വാങ്ങാന്‍ രണ്ടായിരം നോട്ടുമായി എത്തിയവര്‍ നിരാശരായി. ഇന്നലെ മുതല്‍ സ്വീകരിക്കരുതെന്നാണ് ബവ്‌കോ എംഡിയുടെ സര്‍ക്കുലര്‍. ഇത് നിയമവിരുദ്ധവും രാജ്യദ്രോഹ കുറ്റവുമാണെന്ന് അഭിഭാഷകനായ ശ്രീജിത് പെരുമന ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബെവ്കോ എംഡിക്ക് ലീഗല്‍ നോട്ടിസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.