കസ്റ്റംസ് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ഭാര്യക്കും മക്കള്‍ക്കും രണ്ടു വര്‍ഷം തടവ്
കൊച്ചി- അഴിമതിക്കാരനായ കസ്റ്റംസ് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കുടുംബത്തോടെ രണ്ടു വര്‍ഷം കഠിന തടവുശിക്ഷ വിധിച്ച് കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി. കസ്റ്റംസില്‍ നിന്ന് വിരമിച്ച ഇരിങ്ങാലക്കുട സ്വദേശി പി ആര്‍ വിജയനും കുടുംബത്തിനുമാണ് കോടതി അത്യപൂര്‍വമായ ശിക്ഷ വിധിച്ചത്. വിജയനും ഭാര്യക്കും മൂന്ന് പെണ്‍മക്കള്‍ക്കും രണ്ടു വര്‍ഷം കഠിന തടവും രണ്ടര കോടി പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥനായിരിക്കെ വഴി വിട്ട മാര്‍ഗങ്ങളിലൂടെ 78 ലക്ഷത്തിലധികം രൂപയുടെ അനധികൃത സ്വത്ത് ഇദ്ദേഹം സമ്പാദിച്ചതായാണ് സി ബി ഐ കണ്ടെത്തിയത്. അഴിമതി പണം ഇയാള്‍ ഭാര്യയുടെയും മക്കളുടെയും എക്കൗണ്ടുകളിക്കാണ് വഴി മാറ്റിയിരുന്നത്. അഴിമതിയില്‍ പങ്കാളികളായതിനാലാണ് ഭാര്യക്കും മക്കള്‍ക്കും കോടതി ശിക്ഷ വിധിച്ചത്.
വിജയന്റെ മരുമകന്‍ ഭാര്യക്കും ബന്ധുക്കള്‍ക്കും 50 ലക്ഷം രൂപ അയച്ചതിന്റെ തെളിവുകള്‍ സി ബി ഐ കണ്ടെടുത്തിരുന്നു ഇതിനെക്കുറിച്ചുള്ള അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.
കള്ളക്കടത്തിന് ഒത്താശ ചെയ്ത് കസ്റ്റംസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ കോഴപ്പണം സമ്പാദിക്കുന്നുവെന്ന ആരോപണം ശക്തമായി നില്‍ക്കുമ്പോഴാണ് സി ബി ഐ കോടതി കടുത്ത ശിക്ഷാ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി നടത്തിയ കള്ളക്കടത്ത് പിടികൂടിയ കേസില്‍ 13 കസ്റ്റംസ് ജീവനക്കാര്‍ക്കെതിരെ സിബിഐ കോടതിയില്‍ മാസങ്ങള്‍ക്ക് മുമ്പ് കുറ്റപത്രം നല്‍കിയിരുന്നു. കസ്റ്റംസ് സൂപ്രണ്ടുമാരായ കെ എം ജോസ്, ഇ ഗണപതി പോറ്റി, സത്യമേന്ദ്ര സിങ്, എസ് ആശ, ഇന്‍സ്പെക്ടര്‍മാരായ കെ യാസര്‍ അറാഫത്ത്, നരേഷ്, സുധീര്‍കുമാര്‍, മിനിമോള്‍, സഞ്ജീവ് കുമാര്‍, യോഗേഷ്, ഹെഡ് ഹവില്‍ദാര്‍മാരായ സി അശോകന്‍, പി എം ഫ്രാന്‍സിസ്, വിമാനത്താവള ജീവനക്കാരന്‍ കെ മണി തുടങ്ങിയവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. വന്‍തുക കൈക്കൂലി വാങ്ങി കസ്റ്റംസ് തീരുവ ചുമത്താതെ വിദേശ കറന്‍സി, മദ്യം, വിദേശ ഉല്‍പ്പന്നങ്ങള്‍ എന്നിവ അടങ്ങിയ ബാഗേജുകള്‍ കള്ളക്കടത്തുകാര്‍ക്ക് വിട്ടുനല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ കേസ് വിചാരണ പൂര്‍ത്തായാകാന്‍ വര്‍ഷങ്ങളെടുക്കും. കസ്റ്റംസിലെ അഴിമതിക്കാര്‍ക്കുള്ള കനത്ത താക്കീതായിരിക്കുകയാണ് സി ബി ഐ സ്‌പെഷ്യല്‍ കോടതിയുടെ ഇന്നത്തെ ഉത്തരവ്.