LogoLoginKerala

നാട്ടികയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു മരണം, കാര്‍ തകര്‍ന്നു, 4 പേര്‍ക്ക് പരിക്ക്

 
accident

അപകടത്തില്‍ പെട്ടത് കൊടൈക്കനാലില്‍ വിനോദയാത്ര കഴിഞ്ഞ മടങ്ങുകയായിരുന്ന തിരൂര്‍ സ്വദേശികള്‍

തൃശൂര്‍- വലപ്പാട് നാട്ടികയില്‍ ലോറിയും കാറുും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 4  പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. ദേശീയപാത 66ല്‍ പുലര്‍ച്ചെ നാലു മണിയോടെ ചരക്ക് ലോറിയും കാറും നേര്‍ക്കു നേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
തിരൂര്‍ ആലത്തിയൂര്‍ തുപ്രംകോട് സ്വദേശികളായ നടുവിലപ്പറമ്പില്‍ റസാഖിന്റെ മകന്‍ മുഹമദ് റിയാന്‍(18), മൂച്ചിക്കല്‍ ഷാജിയുടെ മകന്‍ സഫ്വാന്‍ (20) എന്നിവരാണ് മരിച്ചത്. ആലത്തിയൂര്‍ തുപ്രംകോട് സ്വദേശികളായ മുതിയേരി ഷംസുദ്ദീന്റെ മകന്‍ ഷിയാന്‍(18), മായിങ്കാനത്ത് ഷാഹിറിന്റെ മകന്‍ അനസ്(19), മുളന്തല അയൂബിന്റെ മകന്‍ മുഹമദ് ബിലാല്‍(19), പൈനിമ്മല്‍ പരേതനായ സിദ്ധിഖിന്റെ മകന്‍ ജുനൈദ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങിയെത്തിയ സംഘം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ആറ് പേരായിരുന്നു അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഉണ്ടായിരുന്നത്. കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നും വന്ന കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ നാട്ടുകാരാണ് പുറത്തെടുത്തത്.ലോറിയുടെ ഒരു വശം ഭാഗികമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ തൃശൂരിലെ അശ്വിനി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചവരുടെ മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.