വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയ കാര്‍ കലുങ്കിലിടിച്ച് രണ്ടു മരണം

കണ്ണൂര്‍- വിദേശത്തു നിന്നെത്തിയ കുടുംബാംഗങ്ങളെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവരികയായിരുന്ന കാര്‍ അപകടത്തില്‍ പെട്ട് പത്തുവയസ്സുകാരനടക്കം രണ്ടു പേര്‍ മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാല്‍ കുഴിക്കല്‍ മഞ്ചേരി പൊയിലിലെ അരവിന്ദാക്ഷന്‍ (60), ചെറുമകന്‍ ഷാരോണ്‍ എന്നിവരാണ് മരിച്ചത്. 8 പേര്‍ക്ക് പരുക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂത്തുപറമ്പ് - മട്ടന്നൂര്‍ റോഡില്‍ മെരുവമ്പായിയില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കാറില്‍ കുടുങ്ങിപ്പോയവരെ പുറത്തെടുത്തത്. മരിച്ച അരവിന്ദാക്ഷനും ചെറുമകനും മുന്‍സീറ്റിലാണ് യാത്ര ചെയ്തിരുന്നത്.
വിദേശത്തു നിന്നും എത്തിയ മകള്‍ ശില്‍പയെ കൂട്ടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മട്ടന്നൂരിലേക്ക് മടങ്ങിയതാണ് അരിവിന്ദാക്ഷനും കുടുംബവും. ഡ്രൈവര്‍ അഭിഷേക് (25), ശില്‍പ (30), ആരാധ്യ (11), സ്വയംപ്രഭ (55), ഷിനു (36), ധനുഷ (28), സിദ്ധാര്‍ഥ് (8), സാരംഗ് (8) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.