LogoLoginKerala

എ ഐ ക്യാമറയുടെ മറവില്‍ നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്

കെ ഫോണ്‍ കരാറും അഴിമതി കൂട്ടുകെട്ട് തട്ടിയെടുത്തു
 
vd satheesan

കൊച്ചി- എഐ ക്യാമറയുടെ മറവില്‍ നടന്നത്  100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഉപകരാറിനായി രൂപവത്കരിച്ച കണ്‍സോര്‍ഷ്യത്തിന്റെ സൂം മീറ്റിങ്ങില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബു പങ്കെടുത്തുവെന്നും പ്രകാശ് ബാബുവാണ് യോഗത്തില്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചതെന്നും ഇത് സ്വപ്ന പദ്ധതിയാണെന്ന് കമ്പനി പ്രതിനിധികളോട് പറഞ്ഞതായും സതീശന്‍ വെളിപ്പെടുത്തി. ഇടപാടിനെക്കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെ വെല്ലുവിളിച്ചു.

എ ഐ ക്യാമറയും സാങ്കേതിക ഉപകരണങ്ങളും സപ്ലെ ചെയ്യുന്നതിന് കരാര്‍ ലഭിച്ച ട്രോയിസ് കമ്പനി കണ്‍ട്രോള്‍ റൂമടക്കം എല്ലാ ഉപകരണങ്ങളും ഉള്‍പ്പടെ 57 കോടിയുടെ പ്രപ്പോസലാണ് നല്‍കിയത്. അതു തന്നെ യഥാര്‍ത്ഥത്തില്‍ 45 കോടിക്ക് ചെയ്യാന്‍ പറ്റുന്നതാണ്. എന്നാല്‍ 151 കോടിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. എസ്ആര്‍ഐടിക്ക് ആറ് ശതമാനം വെറുതെ കമ്മീഷന്‍ കിട്ടി. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതി. വിചിത്രമായ തട്ടിപ്പാണ് പദ്ധതിയില്‍ നടന്നിരിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ബന്ധുവായ പ്രകാശ് ബാബു പദ്ധതിയില്‍ ഇടപ്പെട്ടതിന് തെളിവുണ്ടോ എന്ന് മന്ത്രി രാജീവ് കഴിഞ്ഞ ദിവസം വെല്ലുവിളിച്ചു. എസ്ആര്‍ഐടിയും അല്‍ഹിന്ദും പ്രസാഡിയോയും ചേര്‍ന്ന് രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ ആദ്യത്തെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു പങ്കെടുക്കുക മാത്രമല്ല അദ്ദേഹമാണ് യോഗത്തില്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചത്. ഇതൊരു സ്വപ്ന പദ്ധതിയാണെന്നും ഇത് കേരളത്തില്‍ ചെയ്ത് തീര്‍ത്താല്‍ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും നമുക്ക് ചെയ്യാന്‍ സാധിക്കുമെന്നും പ്രകാശ് ബാബു യോഗത്തില്‍ പറഞ്ഞു. അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തതിന്റെ രേഖ ഹാജരാക്കും. ഈ കണ്‍സോര്‍ഷ്യത്തില്‍ പണം നഷ്ടമായ കമ്പനികള്‍ പ്രകാശ് ബാബുവിനെ പിന്നീട് സമീപിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ മന്ത്രി രാജീവോ മുഖ്യമന്ത്രിയോ മുന്നോട്ട് വരുമോ എന്ന് സതീശന്‍ ചോദിച്ചു. 

കെ ഫോണ്‍ കരാറും അഴിമതി കൂട്ടുകെട്ട് തട്ടിയെടുത്തു

എസ് ഐ ആര്‍ ടിക്ക് ലഭിക്കുന്ന കരാറുകള്‍ പോകുന്നത് പ്രസാഡിയോയ്ക്കാണ്. കെ ഫോണില്‍ 1531 കോടി രൂപയുടെ കരാര്‍  എസ് ആര്‍ ഐ ടി, റയില്‍ടെല്‍,എല്‍ എസ് കേബിള്‍ അടങ്ങുന്ന ഭേല്‍  കണ്‍സോര്‍ഷ്യം നേടിയെടുത്തിന് ശേഷം  എം എസ് പി കരാര്‍ കാര്‍ട്ടലിലൂടെ എസ് ആര്‍ ഐ ടി നേടിയെടുത്തിരുന്നു.  ഈ പദ്ധതിയിലെ എല്ലാ കരാറുകളും വളഞ്ഞ വഴിയിലൂടെ  നേടിയെടുക്കാനാണു  എസ് ആര്‍ ഐ ടി ശ്രമിക്കുന്നത്. സര്‍ക്കാര്‍ പദ്ധതിയെ ഒരു എസ് ആര്‍ ഐ ടി  പദ്ധതിയാക്കി മാറ്റിയിരിക്കുകയാണ്.      

കെ ഫോണ്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍(ഐ എസ് പി)  ഹാര്‍ഡ്വേയര്‍ -  സോഫ്ട്വെയര്‍  ലഭ്യമാക്കാന്‍  2023  ജനുവരിയില്‍ കെ ഫോണ്‍  ടെണ്ടര്‍ ക്ഷണിച്ചു. എസ് ആര്‍ ഐ ടി,  എം എസ് പി കരാറില്‍ പങ്കെടുക്കുന്നതിനാല്‍ അവര്‍ക്ക് പകരമായി കണ്‍സോര്‍ഷ്യത്തിലെ മറ്റൊരു പാര്‍ട്ണറായ റയില്‍ടെല്‍ ആണ്  ഇതില്‍ പങ്കെടുത്തത്. ഐ എസ് പി ടെന്‍ഡര്‍ കഴിഞ്ഞാണ് എം എസ് പി ടെന്‍ഡര്‍ വിളിച്ചത്. എന്നാല്‍ ഐ എസ് പി ടെന്‍ഡര്‍ നല്‍കുന്നതിന് മുന്‍പ് തന്നെ എസ് ആര്‍ ഐ ടി ക്ക് എം എസ് പി ടെന്‍ഡര്‍ നല്‍കി. റയില്‍ടെലിനു കരാര്‍ ലഭിച്ചാലും റയില്‍ടെല്‍ സ്ഥാപനമായ റയില്‍ വെയറിന്റെ  കേരളത്തിലെ എം എസ് പി യായ എസ് ആര്‍ ഐ ടിക്ക്  തന്നെയാണ് ഈ കരാര്‍ പ്രവര്‍ത്തികള്‍ സ്വാഭാവികമായും ലഭിക്കുക .  എ ഐ ക്യാമറയില്‍ കാര്‍ട്ടല്‍  ഉണ്ടാക്കാന്‍ സഹായിച്ച അക്ഷര കമ്പനിയും ഈ കരാറിലും പങ്കെടുത്തു. പക്ഷെ, സാങ്കേതിക മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്  തിരുവനന്തപുരത്തെ സിറ്റ്‌സ എന്ന ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ്.

ടെന്‍ഡര്‍ വ്യവസ്ഥയില്‍  സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് ഇളവുകള്‍ നല്‍കാമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഈ  കമ്പനിയെ കെ ഫോണ്‍ കരാര്‍ നടത്തിപ്പിനായി തെരെഞ്ഞെടുത്തു. എന്നാല്‍, ഇതിനു ശേഷം ഈ ടെന്‍ഡറില്‍ പങ്കെടുത്ത മറ്റു കമ്പനികളായ  റെയില്‍ടെലും,  അക്ഷരയും ഈ ടെന്‍ഡര്‍ ക്യാന്‍സല്‍ ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടു കൊണ്ട് കെ ഫോണിന് കത്തു നല്‍കി. സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നല്‍കിയ ഇളവ് ഈ കരാറില്‍ അനുവദിക്കാന്‍ പാടില്ല എന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചത്.  ടെന്‍ഡര്‍ പൂര്‍ത്തിയായ ശേഷം ടെന്‍ഡര്‍ ലഭിച്ച കമ്പനിയെ ചോദ്യം ചെയ്തുകൊണ്ട് അക്ഷരയും,  റെയില്‍റ്റെലും കെ ഫോണിന്  നല്‍കിയ കാത്തുകള്‍ക്ക്  ഈ കരാറില്‍ കേന്ദ്ര സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ ബാധകമാണ് എന്ന നിയമോപദേശം ലഭിച്ചിട്ടുണ്ട് എന്നാണ് മറുപടി നല്‍കിയത് . പക്ഷെ  കെ ഫോണിന്റെ ഈ നിലപാടിനെ മറികടന്നുകൊണ്ട് ഐടി സെക്രട്ടറി ഇടപെട്ട് ഈ കരാര്‍ റദ്ദാക്കി.  

കെ ഫോണ്‍ പദ്ധതിയുടെ ഒരു കരാറും  എസ് ആര്‍ ഐ ടി, റയില്‍ടെല്‍ ഒഴികെ  മറ്റാര്‍ക്കും ലഭിക്കാന്‍ പാടില്ല എന്ന ദുരൂഹ ലക്ഷ്യമാണ് ടെന്‍ഡര്‍ പൂര്‍ത്തിയായ ശേഷവും  ടെന്‍ഡര്‍ ക്യാന്‍സല്‍ ചെയ്തതിന്റെ  പിന്നില്‍ എന്ന് വേണം അനുമാനിക്കാന്‍ . ഒരു പദ്ധതിയുടെ എല്ലാ കരാറുകളും പ്രധാന കരാര്‍ ലഭിച്ച ഒരേ കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങള്‍ വീതിച്ചെടുക്കുന്നതു പദ്ധതിയെ മൊത്തം വിഴുങ്ങാന്‍ വേണ്ടിയാണ് എന്ന് വ്യക്തമാണ്.  ഡാറ്റ അടക്കം ലഭ്യമാക്കാന്‍ സാധിക്കുന്ന ഈ ഐ എസ് പി കരാറില്‍  ഇന്റര്‍നെറ്റ് സേവനദാതാവായ റയില്‍ടെല്‍ ഭാഗമാകുന്നത് യഥാര്‍ത്ഥത്തില്‍ പരസ്പര വിരുദ്ധമായ കാര്യമാണ് .      

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും എന്ന് പറയുന്ന സര്‍ക്കാര്‍ പക്ഷെ ഈ കരാറില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ഇളവുകള്‍ നല്‍കിയ ശേഷമാണു ടെന്‍ഡര്‍ ക്യാന്‍സല്‍ ചെയ്തത്. കരാര്‍ നല്‍കിയ ശേഷം ഒരു സ്റ്റേറ്റ്പിനു കരാര്‍ നിഷേധിക്കാന്‍ സര്‍ക്കാര്‍ കാട്ടിയ ശുഷ്‌ക്കാന്തി എന്തുകൊണ്ട് എല്ലാ വ്യവസ്ഥകളും ലംഘിച്ചുകൊണ്ട് എ ഐ ക്യാമറ കരാര്‍ നേടിയെടുത്ത എസ് ആര്‍ ഐ ടി എന്ന സ്ഥാപനത്തിനെതിരെ  നടപടി സ്വീകരിക്കാന്‍  സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന ചോദ്യം ഇവിടെപ്രസക്തമാണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി.