LogoLoginKerala

2500 കോടിയുടെ സ്വർണ കൊട്ടാരം ; സ്വർഗത്തിൽ ജീവിക്കുന്ന സുൽത്താൻ!

ഭൂമിയിൽ എല്ലാ അർത്ഥത്തിലും സ്വർഗം പണിഞ്ഞ് ജീവിക്കുന്ന എഴുപത്തിയഞ്ചുകാരനായ ഹസ്സനൽ ബോൾകിയ !!! പണക്കാരന് എന്നും എവിടെയും പവറുണ്ട് ! ചിലർ അധ്വാനത്തിലൂടെ പണക്കാരനാകുമ്പോൾ മറ്റ് ചിലർ സമ്പന്നരായി ജനിക്കുന്നു, ആ ജീവിതം ജീവിച്ച് തീർക്കുന്നു. സമ്പന്നനാകാൻ ആഗ്രഹിക്കാത്ത ചുരുക്കം ചിലർ മാത്രമേ ലോകത്ത് ഉണ്ടാവുകയുള്ളു എന്ന് വേണമെങ്കിൽ പറയാം. എണ്ണിതിട്ടപ്പെടുത്താൻ സാധികാത്ത അത്രയും സമ്പത്തുള്ള, ആഡംബര ജീവിതം ആസ്വദിച്ച് ജീവിക്കുന്നവരെ നമ്മൾ ഭാഗ്യവാന്മാർ എന്നും വിളിക്കാറുണ്ട് അല്ലെ ? മറ്റ് മനുഷ്യരെ വച്ച് നോക്കുമ്പോൾ അങ്ങനെയുള്ളവര് …
 

ഭൂമിയിൽ എല്ലാ അർത്ഥത്തിലും സ്വർഗം പണിഞ്ഞ് ജീവിക്കുന്ന എഴുപത്തിയഞ്ചുകാരനായ ഹസ്സനൽ ബോൾകിയ !!!

ണക്കാരന് എന്നും എവിടെയും പവറുണ്ട് ! ചിലർ അധ്വാനത്തിലൂടെ പണക്കാരനാകുമ്പോൾ മറ്റ് ചിലർ സമ്പന്നരായി ജനിക്കുന്നു, ആ ജീവിതം ജീവിച്ച് തീർക്കുന്നു. സമ്പന്നനാകാൻ ആഗ്രഹിക്കാത്ത ചുരുക്കം ചിലർ മാത്രമേ ലോകത്ത് ഉണ്ടാവുകയുള്ളു എന്ന് വേണമെങ്കിൽ പറയാം. എണ്ണിതിട്ടപ്പെടുത്താൻ സാധികാത്ത അത്രയും സമ്പത്തുള്ള, ആഡംബര ജീവിതം ആസ്വദിച്ച് ജീവിക്കുന്നവരെ നമ്മൾ ഭാഗ്യവാന്മാർ എന്നും വിളിക്കാറുണ്ട് അല്ലെ ? മറ്റ് മനുഷ്യരെ വച്ച് നോക്കുമ്പോൾ അങ്ങനെയുള്ളവര്‍ പൊതുവെ വളരെ കുറവാണ്. അവരില്‍ ഒരാളെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഇലോൺ മസ്‌ക്കും, ബെർണാഡ് അർനോൾട്ടും, ജെഫ് ബെസോസും, അദാനിയും അംബാനിയും തുടങ്ങിയ വ്യവസായ പ്രമുഖൻമാരുടെ പേരുകൾ ലോകത്തെ ധനികൻമാരുടെ പട്ടികയിൽ മാറി മാറി വരുമ്പോൾ ഇതിലൊന്നും വലിയ താത്പര്യമില്ലാത്ത ഒരു ധനികൻ ഏഷ്യയിലുണ്ട്. ലോകത്തിലെ പല രാജ്യങ്ങളിലും രാജവാഴ്ച അവസാനിച്ചെങ്കിലും ഇപ്പോഴും രാജാക്കന്മാര്‍ അധികാരത്തിലിരിക്കുന്ന നിരവധി രാജ്യങ്ങൾ ലോകത്തുണ്ട്. സുല്‍ത്താന്‍ ഭരിക്കുന്ന ഏഷ്യന്‍ രാജ്യമായ ബ്രൂണെയിലെ ഇപ്പോഴത്തെ സുല്‍ത്താനാണ് നമ്മുടെ കഥാപാത്രം. ഭൂമിയിൽ എല്ലാ അർത്ഥത്തിലും സ്വർഗം പണിഞ്ഞ് ജീവിക്കുന്ന എഴുപത്തിയഞ്ചുകാരനായ ഹസ്സനൽ ബോൾകിയ!!!

ഭൂമിയിലെ ഏറ്റവും ധനികൻ എന്ന തലക്കെട്ട് ബ്രൂണൈയുടെ ഭരണതലവനായ ഇദ്ദേഹത്തിന് എല്ലാ അർത്ഥത്തിലും യോജിക്കും. ഹസനലിന്റെ ആഡംബര ജീവിതമാണ് ഇപ്പോള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചയായിക്കൊണ്ടിരിക്കുന്നത്. അധികാരത്തിലെത്തിയതോടെ ഹസനാല്‍ ജീവിതം അടിച്ചിപൊളിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ അടക്കം പറയുന്നത്.

1946 ജൂലായ് 15നാണ് സുൽത്താൻ ഹസ്സനൽ ബോൾകിയ ജനിച്ചത്. സുൽത്താൻ ഒമർ അലി സൈഫുദ്ദീൻ മൂന്നാമന്റെ മകനായി ജനിച്ച ഇദ്ദേഹം യുവത്വത്തിലേക്ക് കാലെടുത്തു വച്ചപ്പോഴേക്ക് അടുത്ത കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെട്ടു. ആറ് പെൺമക്കളും നാല് ആൺമക്കളും അടക്കം പത്തു മക്കളായിരുന്നു സുൽത്താൻ ഒമർ അലി സൈഫുദ്ദീന് ഉണ്ടായിരുന്നത്. എന്നാൽ പിൻഗാമിയായി ഹസ്സനൽ ബോൾകിയയെ വളരെ നേരത്തേ തന്നെ സുൽത്താൻ തിരഞ്ഞെടുത്തിരുന്നു. മലേഷ്യയിലെ ക്വാലാലംപൂരിലെ വിക്ടോറിയ ഇൻസ്റ്റിറ്റിയൂഷനിലും ഇംഗ്ലണ്ടിലെ സാൻഡ്ഹർസ്റ്റിലെ റോയൽ മിലിട്ടറി അക്കാഡമിയിലുമായാണ് ഹസ്സനൽ ബോൾകിയ തന്റെ ഉന്നത വിദ്യാഭ്യാസം നേടിയത്. 1967 ഒക്ടോബർ 4 ന് പിതാവിന്റെ നിര്യാണത്തിന് ശേഷമാണ് ഹസ്സനൽ ബോൾകിയ സുൽത്താന്റെ കിരീടമണിഞ്ഞത്. ഹസ്സനൽ ബോൾകിയയ്ക്ക് മൂന്ന് ഭാര്യമാരും അഞ്ച് ആൺകുട്ടികളും ഏഴ് പെൺമക്കളുമടക്കം പന്ത്രണ്ട് മക്കളുമുണ്ട്.

ലോകത്തിലെ ഏറ്റവും ധനികരായ സുൽത്താന്മാരിൽ ഒരാളായാണ് ഹസ്സനൽ ബോൾകിയയെ കണക്കാക്കുനത്. ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ട് അനുസരിച്ച്, ഹസനാൽ ബോൾകിയയുടെ ആസ്തി ഏതാണ്ട് 14,700 കോടിയിലധികം രൂപയാണ്. 1980 വരെ ലോകത്തിലെ ഏറ്റവും വലിയ ധനികനായിരുന്നു ഹസ്സനൽ ബോൾകിയ. സെലിബ്രിറ്റി നെറ്റ് വർത്തിന്റെ കണക്കനുസരിച്ച് ബ്രൂണെയിലെ സുൽത്താൻ ഹസ്സനൽ ബോൾകിയ ലോകത്തിലെ ഏറ്റവും സമ്പന്നനായ രാജകുടുംബത്തിൽ ഒരാളാണ്. സെലിബ്രിറ്റി നെറ്റ് വര്‍ത്തിന്റെ കണക്കനുസരിച്ച്, 30 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികരായ രാജകുടുംബങ്ങളില്‍ ഒരാളാണ് ഹസ്സനല്‍ ബോള്‍കിയ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളായ എണ്ണ ശേഖരവും പ്രകൃതിവാതകവുമാണ് സുൽത്താനെ ഈയൊരു സമ്പന്നതയുടെ കൊടുമുടിയിൽ നില നിർത്തുന്നത്.

ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം, തായ്ലന്‍ഡ് എന്നിവയ്ക്ക് ശേഷം തെക്കുകിഴക്കന്‍ ഏഷ്യയിലെ അഞ്ചാമത്തെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യമാണ് ബ്രൂണെ എന്ന ഈ കുഞ്ഞ് രാജ്യം.അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കയറ്റുമതി സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയയെ ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളാക്കി മാറ്റുകയായിരുന്നു. 1988, ഫോര്‍ബ്‌സ് സുല്‍ത്താന്‍ ബോള്‍കിയയെ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി തിരഞ്ഞെടുത്തിരുന്നു.

വാഹനങ്ങളാണ് ബ്രൂണെ സുൽത്താന്റെ ആഡംബരത്തിന്റെ അടയാളം. കാറുകളുടെ മികച്ച ശേഖരവും അദ്ദേഹത്തിനുണ്ട്. സ്വര്‍ണ്ണം പൂശിയ റോള്‍സ് റോയ്സ് ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും വലിയ അപൂര്‍വ കാറുകളുടെ ശേഖരം ബ്രൂണെ സുല്‍ത്താന്റെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഹോട്ട്കാര്‍സ് റിപ്പോര്‍ട്ട് അനുസരിച്ച്, 7,000 കാറുകൾ അടങ്ങുന്ന വാഹനശേഖരത്തിൽ 500 റോൾസ് റോയ്സും 300 ഫെരാരി കാറുകളുമാണെന്നുള്ളത് അറിയുമ്പോൾ തന്നെ മനസിലാക്കണം സുൽത്താന്റെ ഒരു റേയ്ഞ്ച്. ഇത് മാത്രമല്ല, സുൽത്താന് ആഡംബര സൗകര്യങ്ങളുള്ള നിരവധി സ്വകാര്യ ജെറ്റുകളുമുണ്ട്.

എടുത്ത് പറയേണ്ട മറ്റൊന്ന് അദ്ദേഹത്തിന്റെ കൊട്ടാരമാണ്. 1700ലധികം മുറികളും 257 കുളിമുറികളും അഞ്ച് നീന്തൽക്കുളങ്ങളും അടങ്ങിയ കൊട്ടാരത്തിന് 2550 കോടി രൂപയിലേറെ വിലയുണ്ട്. 110 ഗാരേജുകള്‍ക്ക് പുറമേ, 200 കുതിരകള്‍ക്ക് എയര്‍കണ്ടീഷന്‍ ചെയ്ത തൊഴുത്തുകളും അദ്ദേഹത്തിനുണ്ട്. ടൈംസ് റിപ്പോര്‍ട്ട് പ്രകാരം മുടിവെട്ടാന്‍ ബോള്‍കിയ ചെലവഴിക്കുന്നത് 13 ലക്ഷം രൂപയാണ്. മെയ്ഫെയറിലെ ഡോര്‍ചെസ്റ്റര്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന ലണ്ടനില്‍ നിന്നുള്ള തന്റെ പ്രിയപ്പെട്ട ബാര്‍ബറെയാണ് ഇതിനായി ബോള്‍കിയ വിളിക്കുന്നത് എന്നതും മറ്റൊരു പ്രതേകതയാണ്.

രാജ്യത്തിന്റെ സുൽത്താൻ പദവിയിലുള്ള ഹസ്സനൽ ബോൾകിയ മാത്രമാണ് ബ്രൂണെ ഭരിക്കുന്നത്. ബ്രൂണെയുടെ രാജാവും ഇസ്ലാമിക വിശ്വാസത്തിന്റെ പരമോന്നത നേതാവും മാത്രമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രി, ധനമന്ത്രി, വിദേശകാര്യ, വാണിജ്യ മന്ത്രി, പോലീസ് സൂപ്രണ്ട്, പ്രതിരോധ മന്ത്രി, സായുധ സേനാ കമാൻഡറും കൂടിയാണ്.