InternationalLK SpecialNews

വെള്ളത്തിന്‌ മുകളില്‍ ഒരു കുഞ്ഞൻ ന​ഗരം ; ഒഴുകി നടക്കാം ഇനി മാലിദ്വീപിലെ ഫ്ലോട്ടിങ് സിറ്റിയിൽ

അഞ്ച് വർഷത്തിനുള്ളിൽ 20,000 പേർക്ക് ഒരു നഗരം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാലിദ്വീപ് പദ്ധതി ലക്ഷ്യമിടുന്നത്

മേഘ്ന

എല്ലാവരുടെയും സ്വപ്ന ഭൂമിയായ മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയ്‌ക്ക് സമീപം വെള്ളത്തിന്‌ മുകളിൽ നിർമിക്കുന്ന ഒരു ഫ്ലോട്ടിംഗ് സിറ്റിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ, വെള്ളത്തിന്‌ മുകളിൽ നിർമിക്കുന്ന ഒരു നഗരമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.

മാലിദ്വീപ് ഗവൺമെന്റിന്റെ സഹകരണത്തോടെ ഡച്ച് ഡോക്ക്‌ലാൻഡ്‌സാണ് പദ്ധതി ആരംഭിക്കുന്നത്. വാട്ടർസ്റ്റുഡിയോയുടെ സ്ഥാപകൻ കോയിൻ ഓൾത്തൂയിസ് ആണ് ഈ നഗരം രൂപകൽപന ചെയ്തിരിക്കുന്നത്. ഫ്ലോട്ടിംഗ് നഗരം വികസിപ്പിക്കുന്നതിലൂടെ, ഇത്തരത്തിലുള്ള വാസ്തുവിദ്യ അടുത്ത ഘട്ടത്തിലേക്ക് നയിക്കപ്പെടുമെന്നാണ് ഓൾത്തൂയിസിന്റെ പ്രതീക്ഷ.

വീടുകളും ഭക്ഷണശാലകളും കടകളും സ്‌കൂളുകളും ഹോട്ടലുകളും ഉൾപ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ ഉൾപ്പെടുത്തിയാണ് ഫ്ലോട്ടിങ് സിറ്റി ഉയരുന്നത്.റിപ്പോർട്ടുകൾ അനുസരിച്ച് 20,000 പേർക്ക് ഇവിടെ താമസിക്കാൻ കഴിയുമെന്നാണ് പറയുന്നത്. പദ്ധതിയുടെ ആദ്യ യൂണിറ്റുകൾ ഈ മാസം പണി തുടങ്ങും. 2024-ന്റെ തുടക്കത്തോടെ ആളുകൾ ഇവിടേക്ക് താമസവും മാറും.2027-ഓടെ ഫ്ലോട്ടിംങ് സിറ്റിയുടെ പണി പൂർണമായും പൂർത്തിയാക്കുമെന്നാണ് കരുതുന്നത്.

മഴവില്ലിന്റെ നിറമുള്ള വീടുകൾ, വിശാലമായ ബാൽക്കണികൾ, കടൽത്തീരത്തെ കാഴ്ചകൾ എന്നിവയാൽ ആളുകളെ ആകർഷിക്കുന്ന രീതിയിലാണ് വാട്ടർസ്റ്റുഡിയോയുടെ നഗരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവയിലൂടെ താമസക്കാർക്ക് ബോട്ടുകളിൽ ചുറ്റിക്കറങ്ങാനും, മണൽ നിറഞ്ഞ തെരുവുകളിലൂടെ നടക്കാനോ സൈക്കിൾ ഓടിക്കാനോ ഇലക്ട്രിക് സ്കൂട്ടറുകളോ ബഗ്ഗികളോ ഓടിക്കാനോ കഴിയും.ഓരോ യൂണിറ്റുകളും ഒരു പ്രാദേശിക കപ്പൽശാലയിലാണ് നിർമ്മിച്ചിരിക്കുന്നത്. നഗരത്തിന് ചുറ്റുമായി പിടിപ്പിച്ചിരിക്കുന്ന പവിഴപ്പുറ്റുകൾ തിരകളെ നിയന്ത്രിക്കുകയും നിവാസികൾക്ക് കടൽക്ഷോഭം അനുഭവപ്പെടുന്നത് തടയാനും സഹായിക്കുന്നു.

ഈ കെട്ടിടങ്ങളിലേക്ക് ആവശ്യമായ വൈദ്യുതി ഫോട്ടോവോൾട്ടേയിക് സംവിധാനം ഉപയോഗിച്ച് സജ്ജീകരിക്കും.മാലദ്വീപിലെ അര ദശലക്ഷത്തിലധികം ആളുകൾക്ക് ഈ പദ്ധതി സമ്മാനിക്കുന്നത് പുതിയ പ്രതീക്ഷകളാണ്. കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങൾ ഗുരുതരമായി ബാധിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് മാലിദ്വീപ്. എന്നാൽ ഇവയ്ക്ക് ഫ്ലോട്ടിങ് സിറ്റി ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അഞ്ച് വർഷത്തിനുള്ളിൽ 20,000 പേർക്ക് ഒരു നഗരം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാലിദ്വീപ് പദ്ധതി ലക്ഷ്യമിടുന്നത്.

നേരത്തെ, നെതർലൻഡ്‌സിൽ കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സമാനമായ രീതിയിൽ ഫ്ലോട്ടിംഗ് സിറ്റി നിർമ്മിച്ചിരുന്നു. 1,190 ദ്വീപ് സമൂഹങ്ങൾ ചേർന്ന മാലിദ്വീപിന്റെ ഭൂവിസ്തൃതിയുടെ എൺപത് ശതമാനവും സമുദ്രനിരപ്പിൽ നിന്ന് ഒരു മീറ്ററിൽ താഴെയാണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. അങ്ങനെ സംഭവിച്ചാൽ ഏതാണ്ട് മുഴുവൻ രാജ്യവും വെള്ളത്തിനടിയിലാകും. അങ്ങനെയൊരു ദീപിൽ ഫ്ലോട്ടിങ് സിറ്റി ഉയർത്തുന്ന പ്രതീക്ഷകളും ചെറുതല്ലാത്തതാണ്.

ഈ നൂതന പദ്ധതി ലോകത്തിന്റെ പല ഭാഗങ്ങളിലും ശ്രദ്ധപിടിച്ചുകഴിഞ്ഞു. എന്നാൽ ഈ ആശയം പുതിയയൊരു ആശയമല്ല. മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് ഈ ആശയത്തിനും. സമീപകാലത്ത് വർധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയും പാരിസ്ഥിക പ്രശ്നങ്ങളും വീണ്ടും ഈയൊരു ആശയത്തിന് ആഗോളശ്രദ്ധ നൽകിയിരിക്കുകയാണ്.

 

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum