LogoLoginKerala

ഉദ്ധവിന്റെ രാജി അനിവാര്യമോ? മഹാരാഷ്ട്രയില്‍ അധികാരത്തിന്റെ പുതിയ അധ്യായം

പിന്മാറാന് തയ്യാറല്ലെന്ന് അവസാന നിമിഷം വരെ പ്രഖ്യാപിച്ചിരുന്ന ഉദ്ധവ് താക്കറെയ്ക്ക് അവസാനം തോല്വി സമ്മതിക്കേണ്ടി വന്നു നാടകീയമായ സംഭവങ്ങള്ക്കൊടുവില് ഉദ്ധവ് താക്കറെ സര്ക്കാര് രാജിവച്ചതോടെ മഹാരാഷ്ട്ര രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്കാണ് എത്തിയിരിക്കുന്നത്. നിയമസഭയില് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്ണര് ഭഗത് സിങ് കോഷിയാരിയുടെ നിര്ദേശം സ്റ്റേ ചെയ്യാന് സുപ്രീം കോടതി വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഉദ്ധവിന്റെ രാജി. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം, അധികാരത്തിന് വേണ്ടിയുള്ള അടവ് നയങ്ങള്ക്ക് പലവട്ടം സാക്ഷിയായ മഹാരാഷ്ട്ര ഇതോടെ അധികാരപ്പോരാട്ടത്തിന്റെ അടുത്ത അധ്യായത്തിലേക്ക് …
 

പിന്മാറാന്‍ തയ്യാറല്ലെന്ന് അവസാന നിമിഷം വരെ പ്രഖ്യാപിച്ചിരുന്ന ഉദ്ധവ് താക്കറെയ്ക്ക് അവസാനം തോല്‍വി സമ്മതിക്കേണ്ടി വന്നു

നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവച്ചതോടെ മഹാരാഷ്ട്ര രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്കാണ് എത്തിയിരിക്കുന്നത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നിര്‍ദേശം സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഉദ്ധവിന്റെ രാജി.

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം, അധികാരത്തിന് വേണ്ടിയുള്ള അടവ് നയങ്ങള്‍ക്ക് പലവട്ടം സാക്ഷിയായ മഹാരാഷ്ട്ര ഇതോടെ അധികാരപ്പോരാട്ടത്തിന്റെ അടുത്ത അധ്യായത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പിന്മാറാന്‍ തയ്യാറല്ലെന്ന് അവസാന നിമിഷം വരെ പ്രഖ്യാപിച്ചിരുന്ന ഉദ്ധവ് താക്കറെയ്ക്ക് അവസാനം തോല്‍വി സമ്മതിക്കേണ്ടി വന്നു. അധികാരത്തില്‍ കടിച്ച് തൂങ്ങിയിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ഉദ്ധവിന്റെ രാജി. എങ്കിലും സ്വന്തം എംഎല്‍എമാരില്‍ മൂന്നില്‍ രണ്ടു പേരും മറുപക്ഷം ചേര്‍ന്നതും വിമതരോടുള്ള അനുനയനീക്കങ്ങള്‍ പരാജയപ്പെട്ടതും അധികാരക്കസേരയില്‍ നിന്നിറങ്ങാന്‍ ഉദ്ധവിന് കാരണമായി എന്നതാണ് വാസ്തവം.

ഒടുവില്‍ ജനാധിപത്യത്തിന്റെ വലിയ വെല്ലുവിളിയായ റിസോര്‍ട്ട് രാഷ്ട്രീയത്തിന് മഹാരാഷ്ട്രയും ഇരയായിക്കഴിഞ്ഞു. 2019 ലെ തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്ത് മത്സരിച്ച ബിജെപിയും ശിവസേനയും ഫലം വന്നശേഷം മുഖ്യമന്ത്രി പദത്തെ ചൊല്ലി വഴിപിരിഞ്ഞു. ബിജെപിക്കൊപ്പം തെരഞ്ഞെടുപ്പ് നേരിട്ട ശേഷം, എതിരെ മത്സരിച്ച എന്‍സിപിയും കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ചാണ് ശിവസേന ഭരണവും, മുഖ്യമന്ത്രിസ്ഥാനവും നേടിയെടുത്തത്.

എന്‍സിപി നേതാവ് അജിത് പവാറുമായി ചേര്‍ന്ന് അര്‍ധരാത്രി നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ പുലര്‍ച്ചെ രാജ്ഭവനില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവാണ് ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ്. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ ഇരുവര്‍ക്കും പടിയിറങ്ങേണ്ടിവന്നു. പിന്നീട്, മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതും മഹാരാഷ്ട്ര കണ്ടു. ഇത്തരം നാടകങ്ങള്‍ക്കിടയിലും, മറ്റെല്ലാ രാഷ്ട്രീയ വെല്ലുവിളികളെയും അതിജീവിച്ച്, രണ്ടരവര്‍ഷക്കാലം മുന്നോട്ട് പോകാന്‍ മഹാ വികാസ് അഘാഡിക്ക് സാധിച്ചു എന്നുള്ളതും വലിയ അത്ഭുതമാണ്.

മുന്നണി മാറി മറ്റൊരു പാര്‍ട്ടിക്കൊപ്പം ചേര്‍ന്നാലേ തങ്ങളുടെ ഭാവി സുരക്ഷിതമാകൂവെന്ന പുതിയ രാഷ്ടീയ സ്വാഭാവം മഹാരാഷ്ട്രയിലും പ്രതിഫലിച്ചു. പാര്‍ട്ടിയെയും നേതാവിനെയും കൈവിട്ട മുതിര്‍ന്ന ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും സംഘവും രായ്ക്കുരാമാനം മുങ്ങിയതും ബിജെപിയുമായി കൈകോര്‍ത്ത് അധികാരത്തിലെത്താന്‍ വേണ്ടിത്തന്നെയാണ്.

അരനൂറ്റാണ്ടിലേറെ പിന്നിട്ട് രണ്ടാം തലമുറ നേതൃത്വത്തിലെത്തി നില്‍ക്കുന്ന ശിവസേനയിലെ പിളര്‍പ്പും ഈ സംഭവത്തില്‍ നിന്നും വ്യക്തമാക്കാം. പാര്‍ട്ടി സ്ഥാപകനായ ബാല്‍ താക്കറെയുടെ പുത്രന്‍, അതിനേക്കാള്‍ ഉപരി മുഖ്യമന്ത്രി, പാര്‍ട്ടി അധ്യക്ഷന്‍ എന്നീ പദവികളിലും തനിക്ക് വിജയിക്കാന്‍ സാധിച്ചില്ലെന്ന് ഉദ്ധവ് താക്കറേക്ക് സ്വയം ബോധ്യപ്പെടാനുള്ള അവസരവുമാണിത്.

മുതിര്‍ന്ന മന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെയുടെ വാക്കുകള്‍ക്കാണ് ശിവസേനയുടെ മിക്ക സാമാജികരും വില കല്‍പിച്ചത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തകരുമായുള്ള നിരന്തര സമ്പര്‍ക്കം രാഷ്ട്രീയ നേതൃത്വത്തിന് അനിവാര്യമാണ്. അത് മറന്ന് പോകുന്ന നേതാക്കള്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന പാഠം കൂടി മഹാരാഷ്ട്ര പഠിപ്പിക്കുന്നു. ജനങ്ങളെയും അവരുടെ ആവശ്യങ്ങളെയും തിരിച്ചറിയാതിരുന്നതാണ് ഉദ്ധവിന്റെ രാജിക്ക് പിന്നിലെ മുഖ്യകാരണം. ഒപ്പം നിയമസഭാ സാമാജികരെയും ഒരു കൈയ്യകലത്തില്‍ നിര്‍ത്തി.

മഹാരാഷ്ട്രയില്‍ ജനാധിപത്യം തലതാഴ്ത്തുമ്പോള്‍ രാഷ്ട്രീയത്തിന്റെ ദുരന്തമുഖമായ റിസോര്‍ട്ട് രാഷ്ട്രീയം തലയുയര്‍ത്തുന്നു. അങ്ങനെ ഒടുവില്‍ മഹാരാഷ്ട്രയിലെ മഹാ നാടകങ്ങള്‍ക്ക് അന്ത്യമായി.