LogoLoginKerala

കരുത്തരായ മുംബൈയെ വീഴ്ത്തി മധ്യപ്രദേശിന് രഞ്ജി ട്രോഫി കന്നിക്കിരീടം

രണ്ടാം ഇന്നിംഗ്സിൽ മുംബൈ മുന്നോട്ടുവച്ച 108 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ മധ്യപ്രദേശ് മറികടന്നു ബെംഗളൂരു: രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിന് കന്നിക്കിരീടം. ഫൈനലിൽ മുംബൈയെ 6 വിക്കറ്റിനു വീഴ്ത്തിയാണ് മധ്യപ്രദേശ് ചരിത്രവിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ മുംബൈ മുന്നോട്ടുവച്ച 108 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ മധ്യപ്രദേശ് മറികടന്നു. ആദ്യ ഇന്നിംഗ്സിൽ മധ്യപ്രദേശിനായി സെഞ്ചുറി നേടിയ ശുഭം ശർമയാണ് മാൻ ഓഫ് ദി മാച്ച്. 6 മത്സരങ്ങളും 9 ഇന്നിംഗ്സുകളും കളിച്ച് 122 ശരാശരിയിൽ …
 

രണ്ടാം ഇന്നിംഗ്സിൽ മുംബൈ മുന്നോട്ടുവച്ച 108 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ മധ്യപ്രദേശ് മറികടന്നു

ബെംഗളൂരു: രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിന് കന്നിക്കിരീടം. ഫൈനലിൽ മുംബൈയെ 6 വിക്കറ്റിനു വീഴ്ത്തിയാണ് മധ്യപ്രദേശ് ചരിത്രവിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ മുംബൈ മുന്നോട്ടുവച്ച 108 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ മധ്യപ്രദേശ് മറികടന്നു. ആദ്യ ഇന്നിംഗ്സിൽ മധ്യപ്രദേശിനായി സെഞ്ചുറി നേടിയ ശുഭം ശർമയാണ് മാൻ ഓഫ് ദി മാച്ച്. 6 മത്സരങ്ങളും 9 ഇന്നിംഗ്സുകളും കളിച്ച് 122 ശരാശരിയിൽ നാല് സെഞ്ചുറികൾ ഉൾപ്പടെ 982 റൺസ് നേടിയ സർഫ്രാസ് ഖാനാണ് മാന് ഓഫ് ദി ടൂർണമെന്റ്.

ആദ്യ ഇന്നിംഗ്സിൽ മുംബൈ 374 റൺസ് നേടി മികച്ച സ്കോർ മുന്നോട്ടുവച്ചു. ടൂർണമെന്റിലെ നാലാം സെഞ്ച്വറി കണ്ടെത്തിയ സർഫ്രാസ് ഖാൻ (134) മുംബൈ ഇന്നിംഗ്സിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ യശസ്വി ജയ്സ്വാളും (78) മുംബൈക്ക് വേണ്ടി തിളങ്ങി. എന്നാൽ മധ്യപ്രദേശ് മൂന്ന് സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയുടെയും കരുത്തിൽ 162 റൺസിൻ്റെ നിർണായക ലീഡ് നേടി. യാഷ് ദുബെ (133), രജത് പാടിദാർ (122), ശുഭം ശർമ (116), സരൻഷ് ജെയിൻ (57) എന്നിവരാണ് മധ്യപ്രദേശിനായി തിളങ്ങിയത്.

രണ്ടാം ഇന്നിംഗ്സിൽ വേഗത്തിൽ സ്കോർ ചെയ്യാനുള്ള ശ്രമത്തിനിടെ മുംബൈ അവസാന ദിവസം 269 റൺസിന് ഓൾഔട്ടായി. സുവേദ് പർകർ (51), സർഫറാസ് ഖാൻ (45), പൃഥ്വി ഷാ (44) എന്നിവരാണ് രണ്ടാം ഇന്നിംഗ്സിൽ മുംബൈക്കു വേണ്ടി തിളങ്ങിയത്. രണ്ട് സെഷനിൽ 108 റൺസായിരുന്നു മധ്യപ്രദേശിൻ്റെ വിജയലക്ഷ്യം. മറുപടി ബാറ്റിംഗിൽ ഇടക്കിടെ വിക്കറ്റ് നഷ്ടമായെങ്കിലും മധ്യപ്രദേശ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഹിമാൻഷു മൻത്രി (37), ശുഭം ശർമ (30), രജത് പാടിദാർ (30 നോട്ടൗട്ട്) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ മധ്യപ്രദേശ് തങ്ങളുടെ കന്നി രഞ്ജി കിരീടത്തിൽ മുത്തമിട്ടു.