LogoLoginKerala

പ്രൈഡ് ലൈവ് എവിടെ ആരംഭിച്ചു? എന്താണ് പ്രൈഡ് ലൈവ്?

മാരിവില്ലിന്റെ ഏഴഴകുകള് സമ്മേളിച്ചൊരു വര്ണ്ണക്കാഴ്ചയാണ് ലൈവ് പ്രൈഡ് പുസ്തകത്തിനും അവകാശത്തിനും വേണ്ടി പോരാടിയ എസ്.എഫ്.ഐ ആധുനിക കാലത്ത് സമരങ്ങള് നിലച്ചതോടെ നവീന സമരങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വര്ണങ്ങളും സ്നേഹവും പ്രകടിപ്പിച്ചുകൊണ്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തില് അരങ്ങേറിയ വിദ്യാര്ഥി സംഘടനകളുടെ നവീന സമരാശയമാണ് ലൈവ് പ്രൈഡ്. ഇവിടെ മറ്റ് വേര്തിരുവകള് ഇല്ല. അതിര് വരമ്പുകള് ഇല്ല. എല്ലാ മനുഷ്യരും ഒന്നാണെന്ന ആശയമാണ് ലൈവ് പ്രൈഡിലൂടെ അവര് മുന്നോട്ട് വക്കുന്നത്. എല്ലാ പ്രണയവും ഒന്നാണെന്നും അവര് ഉറക്കെ പറയുന്നുണ്ട്. ലോകമാകെ ആശയമാക്കിയ ലൈവ് …
 

മാരിവില്ലിന്റെ ഏഴഴകുകള്‍ സമ്മേളിച്ചൊരു വര്‍ണ്ണക്കാഴ്ചയാണ് ലൈവ് പ്രൈഡ്

പുസ്തകത്തിനും അവകാശത്തിനും വേണ്ടി പോരാടിയ എസ്.എഫ്.ഐ ആധുനിക കാലത്ത് സമരങ്ങള്‍ നിലച്ചതോടെ നവീന സമരങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വര്‍ണങ്ങളും സ്‌നേഹവും പ്രകടിപ്പിച്ചുകൊണ്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ അരങ്ങേറിയ വിദ്യാര്‍ഥി സംഘടനകളുടെ നവീന സമരാശയമാണ് ലൈവ് പ്രൈഡ്. ഇവിടെ മറ്റ് വേര്‍തിരുവകള്‍ ഇല്ല. അതിര്‍ വരമ്പുകള്‍ ഇല്ല. എല്ലാ മനുഷ്യരും ഒന്നാണെന്ന ആശയമാണ് ലൈവ് പ്രൈഡിലൂടെ അവര്‍ മുന്നോട്ട് വക്കുന്നത്. എല്ലാ പ്രണയവും ഒന്നാണെന്നും അവര്‍ ഉറക്കെ പറയുന്നുണ്ട്.

ലോകമാകെ ആശയമാക്കിയ ലൈവ് പ്രൈഡ് കേരളത്തിലും ഇപ്പോള്‍ സജീവമാണ്. പ്രൈഡ് മാസത്തിന്റെ ഭാഗമായി ആലുവ യു.സി കോളജില്‍ എസ്എഫ്‌ഐ യൂണിയന്റെ നേതൃത്വത്തില്‍ പ്രൈഡ് വീക്ക് സെലിബ്രേഷന്‍ നടന്നിരുന്നു. കഴിഞ്ഞ ഒരാഴ്ച നീണ്ടുനിന്ന പ്രൈഡ് വീക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയമാണ്. മാറുന്ന കാലത്തിന്റെ നേര്‍ ചിത്രമായിരുന്നു വിദ്യാര്‍ഥികളുടെ ലൈവ് പ്രൈഡ്. ഇതങ്ങ് ഡല്‍ഹിയിലോ ഗുജറാത്തിലോ ഒന്നുമല്ല. നമ്മുടെ സ്വന്തം കേരളത്തിലാണെന്ന് അംഗീകരിക്കാന്‍ പലര്‍ക്കും ഇപ്പോഴും സാധിച്ചിട്ടില്ല.

മാരിവില്ലിന്റെ ഏഴഴകുകള്‍ സമ്മേളിച്ചൊരു വര്‍ണ്ണക്കാഴ്ചയാണ് ലൈവ് പ്രൈഡ്. പലനിറത്തിലും തരത്തിലുമുള്ള ഉടുപ്പുകളണിഞ്ഞ് മുഖത്തും ശരീരത്തിലും കടും നിറത്തില്‍ ചായം പുരട്ടിയ ഒരു കൂട്ടം വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആലുവ യുസി കോളജില്‍ കാണാന്‍ സാധിച്ചത്. ആട്ടവും പാട്ടും ‘ഹാപ്പി പ്രൈഡ്’ ആര്‍പ്പുവിളികളും മുദ്രാവാക്യവുമായി അവര്‍ ആഘോഷിച്ചു. അവരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഗേയും ലെസ്ബിയനും ബൈസെക്ഷ്വലും ഈ സമൂഹത്തെ പിന്തുണക്കുന്നവരുമെല്ലാം ഉണ്ടായിരുന്നു. മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനോഭാവം എല്ലാവര്‍ക്കും ഉണ്ടാകേണ്ടതാണെന്ന പൊതു ആശയമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്.

പ്രൈഡ് വീക്കിന്റെ ഭാഗമെന്നോണം യുസി കോളജിലെ രണ്ട് വിദ്യാര്‍ഥിനികള്‍ തമ്മില്‍ ചുംബിക്കുന്ന വീഡിയോ എസ്എഫ്‌ഐ യൂണിയന്‍ പുറത്ത് വിട്ടിരുന്നു. പ്രൈഡ് വീക്കിന്റെ തുടക്കമെന്ന നിലയില്‍ ആദ്യം ഒരു പ്രൊമോ വീഡിയോയാണ് വിദ്യാര്‍ഥികള്‍ പുറത്ത് വിട്ടത്. എന്നാല്‍ ഈ വീഡിയോക്കെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടന്നു. തുടര്‍ന്നാണ് ഇത്തരത്തില്‍, രണ്ട് വിദ്യാര്‍ഥിനികള്‍ തമ്മില്‍ ചുംബിക്കുന്ന വീഡിയോ പുറത്ത് വിട്ടതെന്നാണ് യൂണിയന്‍ നല്‍കുന്ന വിശദീകരണം.

ആള്‍ക്കൂട്ടത്തിനും ആരവങ്ങള്‍ക്കും ഇടയില്‍ രണ്ട് മനുഷ്യര്‍ പരസ്പരം ചുംബിക്കുന്നു…പരസ്പരം വാരിപുണരുന്നു..അവിടെ സദാചാര ശ്രേഷ്ഠരില്ല..കളിയാക്കലുകള്‍ ഇല്ല..കല്ലേറില്ല..അവര്‍ പരസ്പരം ചുംബിക്കുന്നു..ആലിംഗനം ചെയ്യുന്നു..രണ്ട് മനുഷ്യര്‍, എന്ന കുറിപ്പോടെയാണ് എസ്.എഫ്.ഐ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഒരു ആണും പെണും ചുംബിച്ചാലോ പ്രണയിച്ചാലോ അസ്വസ്ഥരാവുകയും ആക്രമിക്കുകയും ചെയ്യുന്ന പ്രവണതക്കെരിയാണ് ഇത്തരമൊരു സമരപരിപാടി വിദ്യാര്‍ഥികള്‍ മുന്നോട്ട് വെച്ചത്. സദാചാരക്കണ്ണുകളെ എതിര്‍ത്ത് എല്ലാവര്‍ക്കും സ്വയം എക്‌സ്പ്രസ് ചെയ്യാന്‍ ഒരിടം ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ വ്യത്യസ്ഥ സമര പരിപാടി എസ്എഫ്‌ഐ സംഘടിപ്പിച്ചത്.

എസ്എഫ്‌ഐ എന്ന രാഷ്ട്രീയം സംസാരിക്കുന്ന ഈ സംഘടന ഇനിയും പ്രതിഷധങ്ങളും പ്രതിരോധങ്ങളും തീര്‍ത്ത് സമൂഹത്തില്‍ മാറ്റിനിര്‍ത്ത പെടുന്നവരുടെ ഉറച്ച ശബ്ദമായി, ഇനിയും ക്യാമ്പസുകളില്‍ രാഷ്ട്രീയം സംസാരിക്കുക തന്നെ ചെയ്യും എന്നാണ് അവര്‍ ഉറക്കെ പറയുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം ക്യാമ്പസുകളിലും പ്രൈഡ് മന്ത് ആഘോഷിക്കുന്നുണ്ട്. സമൂഹത്തിനുള്ള ഒരു ബോധവല്‍ക്കരണ പരിപാടിയാണ് പ്രൈഡ് ലൈവ് എന്നും എസ്എഫ്‌ഐ പറയുന്നുണ്ട്. പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിനെ ഇവയെല്ലാം എത്രത്തോളം സ്വാധീനിക്കും എന്നുള്ളത് പതിയെ പതിയെ തിരിച്ചറിയാം.

എന്താണ് പ്രൈഡ് ലൈവ് എവിടെയാണ് അതിന്റെ ഉദയം?

2012ലാണ് യുണൈറ്റഡ് സ്റ്റേറ്റ്സില്‍ പ്രൈഡ് ലൈവ് എന്ന ആശയം ആദ്യമായി ഉയര്‍ന്നത്. ഡയാന റോഡ്രിഗസ് എന്ന വ്യക്തിയായിരുന്നു പ്രൈഡ് ലൈവ് എന്ന ആശയത്തിന്റെ സഥാപക. സ്റ്റോണ്‍വാള്‍ കലാപ പാരമ്പര്യത്തെക്കുറിച്ചും എല്‍.ജി.ബി.റ്റി സമത്വത്തിനായുള്ള തുടര്‍ പോരാട്ടത്തെക്കുറിച്ചും അവബോധവും പിന്തുണയും ഉയര്‍ത്തുന്നതിനായി 2018ല്‍ ആരംഭിച്ച ഒരു ആഗോള ക്യാമ്പയിനാണ് സ്റ്റോണ്‍വാള്‍ ദിനം. ഈ ദിനങ്ങളിലെല്ലാം പ്രൈഡ് ലൈവ് ക്യാമ്പയിനുകള്‍ സജീവമായി. മനുഷ്യരെല്ലാം ഒന്നെന്നും മതം, ജാതി, വര്‍ണം, ഗോത്രം, ലിംഗം എന്നിവയുടെ പേരില്‍ മാറ്റി നിര്‍ത്തേണ്ടവരല്ല എന്നും ലോകത്തോട് ഉറക്കെ വിളിച്ചുപറയുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു ഈ നീക്കം. ലോകത്തെ ഭിന്നലിംഗ എല്‍.ജി.ബി.ടി കമ്യൂണിറ്റിക്കായി അങ്ങനെ മാരിവില്ലിന്റെ വര്‍ണങ്ങളോട് കൂടി പ്രൈഡ് ലൈവുകള്‍ നിലനിന്നു.

സ്റ്റോണ്‍വാള്‍ ലഹളയുടെ 50-ാം വാര്‍ഷികത്തെ പിന്തുണച്ച് ഒരുമിച്ച് ചേര്‍ന്ന ആക്ടിവിസ്റ്റുകള്‍, ബിസിനസ്സ് നേതാക്കള്‍, അക്കാദമിക് വിദഗ്ധര്‍, സെലിബ്രിറ്റികള്‍ എന്നിവരുടെ ഒരു കൂട്ടമാണ് സ്റ്റോണ്‍വാള്‍ അംബാസഡര്‍മാര്‍. ഇവര്‍ ആദ്യമായി പ്രൈഡ് ലൈവ് എന്ന ആശയത്തെ കൂടുതല്‍ ജനകീയമാക്കാനും ശ്രമിച്ചു. ലൈവ് പ്രൈഡിനെ ലോകം ആദരിക്കുമ്പോള്‍ കൂടെ ആദരിക്കേണ്ടത് ഈ നേതാക്കളെ കൂടിയാണ്.

ഡയാന റോഡ്രിഗസ്

പ്രൈഡ് ലൈവിന്റെ സ്ഥാപക എന്ന നിലയില്‍, ഡയാനയുടെ ആക്ടിവിസം എല്‍.ജി.ബി.ടി.ക്യു + സമൂഹത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുകയും പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോ ബൈഡന്‍, എന്നിവരുള്‍പ്പെടെ ലോകത്തിലെ ഏറ്റവും വലിയ പ്രമുഖരായ ആളുകള്‍ക്ക് ഈ സന്ദേശം എത്തിക്കുകയും ചെയ്തു.

സ്‌നേഹത്തോടും സ്വീകാര്യതയോടും കൂടി സമ്പൂര്‍ണ്ണ സമത്വം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു ഡയാനയുടെ നീക്കം. ക്ലിന്റണ്‍ ഫൗണ്ടേഷനിലെ ഡെവലപ്‌മെന്റ് ടീമില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്, ഗ്ലാഡ് മീഡിയ അവാര്‍ഡിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നിനിലയിലും ജോലി ചെയ്തിട്ടുള്ള ഡയാന പിന്നീടാണ് എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിക്കായി പോരാടാന്‍ രംഗത്തെത്തിയത്.

അന ക്രെസ്പോ പരോണ്ടോ

ഒരു കരിയര്‍ ആക്ടിവിസ്റ്റും കമ്മ്യൂണിക്കേഷന്‍ പ്രൊഫഷണലുമാണ് അന. നിലവില്‍, അവര്‍ ബ്രസല്‍സിലെ യൂറോപ്യന്‍ കമ്മീഷനില്‍ പരിസ്ഥിതി, സമുദ്രകാര്യങ്ങള്‍, മത്സ്യബന്ധനം എന്നിവയുടെ പ്രസ് ഓഫീസറാണ്. അതിനുമുമ്പ് അവര്‍ യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറായിരുന്നു.

അനൗഷ് ഡി ഓര്‍വില്ലെ

വിവര സാങ്കേതിക വിദ്യയിലും സേവന വ്യവസായത്തിലും പ്രവര്‍ത്തിച്ചതിന്റെ പ്രകടമായ ചരിത്രമുള്ള പരിചയസമ്പന്നനായ പ്രൊഫഷണലാണ് അനൗഷ്. കൂടാതെ അദ്ദേഹത്തിന്റെ സ്വന്തം ഏജന്‍സിയായ അഡൈ്വസറി എന്‍വൈസിയുടെ സിഇഒയുമാണ്. അദ്ദേഹം യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. പ്രൈഡ് ലൈവിനെ സജീവമാക്കുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്കും ചെറുതല്ല.

കേരളത്തില്‍ ക്വിയര്‍ പ്രൈഡിന്റെ നീക്കം

കേരളത്തില്‍ വിമതലൈംഗികതയുടെ രാഷ്ട്രീയം സജീവമായി നിലനിര്‍ത്താനും എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍ പെട്ട ലൈംഗികന്യൂനപക്ഷങ്ങളുടെ ദൃശ്യത കൈവരിക്കാനും കുറഞ്ഞ കാലഘട്ടത്തിനുള്ളില്‍ ക്വിയര്‍ പ്രൈഡ് കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. എല്‍.ജി.ബി.ടി.ക്യു കമ്മയൂണിറ്റിയെ പറ്റി പൊതുബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ ക്വിയര്‍ പ്രൈഡ് വഹിച്ച പങ്കും സന്നദ്ധ സംഘങ്ങളുടെ പരിശ്രമങ്ങളും ഏറെ പ്രശംസനീയമാണ്.

എന്താണ് എല്‍.ജി.ബി.ടി.ഐ.ക്യു?

എല്‍.ജി.ബി.ടി.ഐ.ക്യൂ വിലെ ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍ എന്നത് ലൈംഗികചായ്‌വിനെ സൂചിപ്പിക്കുന്നതാണ് എങ്കില്‍ ട്രാന്‍സ്ജെണ്ടര്‍ , ഇന്റര്‍സെക്സ് എന്നിവ ലിംഗതന്മയിലതിഷ്ടിതമാണ്. ഇതിനുപുറമേ ലൈംഗികേതരായി തിരിച്ചറിയുന്നവരും ഉഭയപ്രേമികളും അടക്കം ഒരു കുടക്കീഴില്‍ വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് അണിനിരക്കുമ്പോള്‍ അത് ക്വിയറാവുന്നു. കേരളത്തില്‍ ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക അടയാളപ്പെടുത്തലുകളും 2010 മുതല്‍ നടന്നുപോരുന്നതാണ്. 2009 ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377ആം വകുപ്പിന് ഡല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ വിധി കമ്യൂണിറ്റിക്ക് ഇന്ത്യയില്‍ സജീവമാകരാന്‍ സഹായകരമായിട്ടുണ്ട്.

ജൂണ്‍ മാസം നമുക്ക് മഴയെന്നതുപോലെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് മഴവില്‍ മാസമാണ്. അവര്‍ ആ നിറങ്ങളെ ‘പ്രൈഡ്’ (സ്വാഭിമാനം) എന്ന് വിളിക്കുന്നു. അമേരിക്കയില്‍ തുടങ്ങിയ ഈ മഴവില്‍ മാസം, ഇപ്പോള്‍ ലോകത്തില്‍ എല്ലായിടത്തും ശ്രദ്ധിക്കപ്പെടുകയും രഹസ്യമായെങ്കിലും ആചരിക്കപ്പെടുകയും ചെയ്യുന്നു. ലെസ്ബിയന്‍, ഗേയ്, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവരുടെ ആഘോഷമാണ് പ്രൈഡ്. അവകാശങ്ങള്‍ക്കും തുല്യതയ്ക്കും വേണ്ടിയുള്ള എല്‍.ജി.ബി.ടി സമൂഹത്തിന്റെ പോരാട്ടത്തിന്റെ മുഖമാണ് നിലവില്‍ പ്രൈഡ് മാസം. പ്രൈഡ് പരേഡുകള്‍, ചര്‍ച്ചകള്‍, ഒത്തുചേരലുകള്‍, അവകാശ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഈ മാസം മാറ്റിവക്കപ്പെടുന്നു. പുരോഗമന ചിന്തയുള്ളവരും സ്വാഭിമാനത്തെ പിന്തുണയ്ക്കുന്നവരുമായവര്‍ പ്രൈഡില്‍ പങ്കെടുക്കുന്നു.

എന്തുകൊണ്ട് ജൂണ്‍?

ജൂണ്‍ മാസം ഒരു പ്രതീകമാണ്. അമേരിക്കയിലെ മാന്‍ഹട്ടനില്‍ 1969ല്‍ നടന്ന സ്റ്റോണ്‍വാള്‍ ലഹളയുടെ ഓര്‍മ്മക്കായാണ് ജൂണ്‍ മാസം തെരഞ്ഞെടുത്തത്. മാന്‍ഹട്ടനിലെ ഗ്രീന്‍വിച്ചിലെ സ്റ്റോണ്‍വാള്‍ എന്ന സത്രത്തില്‍ അതിരാവിലെ ഒരു പൊലീസ് റെയ്ഡ് നടന്നു. ലൈംഗിക ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ചു നടന്നതിയ ഈ നടപടിക്ക് എതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു.

ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ച് ഭയമില്ലാതെ പോകാനും സംസാരിക്കാനും ഇടപഴകാനും വേണ്ടിയുള്ള ഇടങ്ങള്‍ക്കായി തെരുവില്‍ വാദിച്ചു. പ്രതിഷേധം വിജയിച്ചതിനൊപ്പം അവകാശ പ്രഖ്യാപനങ്ങളും അംഗീകരിക്കപ്പെട്ടു. അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ രണ്ട് സ്വവര്‍ഗാനുരാഗ അവകാശ സംഘടനകള്‍ ഉണ്ടായതും ഈ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ്. അമേരിക്കയ്ക്ക് പുറത്തും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങള്‍ ലഭിക്കാനും ഇത് കാരണമായി.