LogoLoginKerala

കോവിഡ് പ്രതിസന്ധികാലത്ത് കേരളത്തിന് പ്രതീക്ഷയായി മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം : സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് ഊര്‍ജ്ജം പകരുന്ന തീരുമാനങ്ങള്‍ ; കൂടുതല്‍ യുഎഇ നിക്ഷേപത്തിന് വഴിതുറക്കുന്നു

കേരളത്തെ പ്രതിനിധീകരിച്ച് പിണറായിയ്ക്കൊപ്പം എം എ യൂസഫലി നിര്ണ്ണായക കൂടിക്കാഴ്ചകളില്; മലയാളികള്ക്ക് തൊഴിലവസരങ്ങള് ഉറപ്പാക്കി മുഖ്യമന്ത്രിയുടെ മടക്കം; അബുദാബി ചേംബറിന്റെ കേരള സന്ദര്ശനം നിര്ണ്ണായകം എം. എസ് കോവിഡ്-സാമ്പത്തിക പ്രതിസന്ധികള്ക്കിടെ കേരളത്തിന്റെ വികസന വേഗത്തിന് പുതിയ കുതിപ്പേകി മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്ശനം. അമേരിക്കയില് ചികിത്സ പൂര്ത്തിയാക്കി മടങ്ങുന്ന വേളയില് യുഎഇയിലെത്തിയ മുഖ്യമന്ത്രി നടത്തിയ നിര്ണ്ണായക കൂടിക്കാഴ്ചകള് ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാനം നോക്കി കാണുന്നത്. എട്ട് ദിവസം നീണ്ട സന്ദര്ശനത്തിലുടനീളം കേരള വികസനത്തിന്റെയും നിക്ഷേപ-തൊഴില് സാധ്യതകളുടെയും …
 

കേരളത്തെ പ്രതിനിധീകരിച്ച് പിണറായിയ്‌ക്കൊപ്പം എം എ യൂസഫലി നിര്‍ണ്ണായക കൂടിക്കാഴ്ചകളില്‍; മലയാളികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കി മുഖ്യമന്ത്രിയുടെ മടക്കം; അബുദാബി ചേംബറിന്റെ കേരള സന്ദര്‍ശനം നിര്‍ണ്ണായകം

എം. എസ്

കോവിഡ്-സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ കേരളത്തിന്റെ വികസന വേഗത്തിന് പുതിയ കുതിപ്പേകി മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം. അമേരിക്കയില്‍ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുന്ന വേളയില്‍ യുഎഇയിലെത്തിയ മുഖ്യമന്ത്രി നടത്തിയ നിര്‍ണ്ണായക കൂടിക്കാഴ്ചകള്‍ ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാനം നോക്കി കാണുന്നത്.

എട്ട് ദിവസം നീണ്ട സന്ദര്‍ശനത്തിലുടനീളം കേരള വികസനത്തിന്റെയും നിക്ഷേപ-തൊഴില്‍ സാധ്യതകളുടെയും ആശയങ്ങള്‍ യുഎഇയുമായി പങ്കുവെയ്ക്കാന്‍ മുഖ്യമന്ത്രിയ്ക്കായി. കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയ്‌ക്കൊപ്പം നോര്‍ക്ക വൈസ് ചെയര്‍മാനും, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും ദുബായ് ഭരണാധികാരി അടക്കമുള്ളവരുമായുള്ള നിര്‍ണ്ണായക കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു.

കോവിഡ് പ്രതിസന്ധികാലത്ത് കേരളത്തിന് പ്രതീക്ഷയായി മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം : സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് ഊര്‍ജ്ജം പകരുന്ന തീരുമാനങ്ങള്‍ ; കൂടുതല്‍ യുഎഇ നിക്ഷേപത്തിന് വഴിതുറക്കുന്നു

യുഎഇയില്‍ നിന്ന് കൂടുതല്‍ നിക്ഷേപങ്ങള്‍ ക്ഷണിയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം കേരളത്തിന്റെ വികസന സ്വപ്നങ്ങളില്‍ നിര്‍ണ്ണായകമെന്ന് വിലയിരുത്തപ്പെടുന്നു. ദുബായ് എക്‌സ്‌പോ 2020ന്റെ വേദിയില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷണം. കൂടിക്കാഴ്ചയില്‍ കേരളത്തിലെ മെച്ചപ്പെട്ട വ്യവസായ അന്തരീക്ഷം മുഖ്യമന്ത്രിയും വ്യവസായ മന്ത്രി പി രാജീവും വിശദീകരിച്ചു.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മഖ്തും ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഗ്രൂപ്പ് ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റുമായ ഷെയ്ഖ് അഹമ്മദ് സഈദ് അല്‍ മഖ്തും, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കോണ്‍സല്‍ ജനറല്‍ അമന്‍ പുരി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ദുബായ് ഭരണാധികാരിയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്വിറ്ററില്‍ കുറിച്ച വാക്കുകളും കേരളവും യുഎഇയും തമ്മിലുള്ള ഊഷ്മളമായ സുഹൃദ് ബന്ധത്തിന്റെ തുടക്കം കുറിച്ചു.

കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും മലയാളത്തില്‍ ട്വീറ്റ് ചെയ്തു. ദുബായിയുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്ക് വഹിയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായ് ഭരണാധികാരിയുടെ സ്വീകരണത്തിന് നന്ദി പറഞ്ഞ് അറബിയില്‍ ട്വീറ്റ് ചെയ്ത മുഖ്യമന്ത്രി യുഎഇയുമായും ദുബായിയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് പ്രതിസന്ധികാലത്ത് കേരളത്തിന് പ്രതീക്ഷയായി മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം : സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് ഊര്‍ജ്ജം പകരുന്ന തീരുമാനങ്ങള്‍ ; കൂടുതല്‍ യുഎഇ നിക്ഷേപത്തിന് വഴിതുറക്കുന്നു

കടുത്ത പ്രതിസന്ധിയുടെ കാലത്ത് കേരളത്തിലെ തൊഴില്‍ മേഖലയ്ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു മുഖ്യമന്ത്രിയും യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയും തമ്മിലുള്ള കൂടിക്കാഴ്ച. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച യുഎഇയില്‍ പുതുതായി 2 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പടാന്‍ വഴിതുറക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു.

കൂടിക്കാഴ്ചയില്‍ യുഎഇ സര്‍ക്കാര്‍ മേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും നിക്ഷേപകരെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഇതിനായി കേരളത്തിന്റെ എല്ലാ പിന്തുണയും അറിയിച്ചു. മലയാളികളുടെ രണ്ടാം വീടെന്ന് യുഎഇയെ വിശേഷിപ്പിച്ച മുഖ്യമന്ത്രി ചെക്ക് ക്രിമിനല്‍ കുറ്റമല്ലാതാക്കിയ ഭേദഗതി അടക്കം യുഎയിലെ പുതിയ നിയമങ്ങള്‍ മലയാളികളായ കച്ചവടക്കാര്‍ക്ക് ഏറെ ഉപകാരപ്രദമെന്നും അഭിപ്രായപ്പെട്ടു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സിറ്റിയിലെ നാല്പത്തി ഒന്നാം നിലയിലായിരുന്നു ഈ നിര്‍ണ്ണായക കൂടിക്കാഴ്ച.

അബുദാബി രാജകുടുംബാംഗവും യുഎഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി അബുദാബി കൊട്ടാരത്തില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയും മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യമുള്ളതാക്കി. യുഎഇ വികസനത്തില്‍ കേരളത്തിന്റെ പങ്ക് ഓര്‍മ്മിപ്പിച്ച ശൈഖ് നഹ്യാന്‍ ഉന്നത ബൗദ്ധിക നിലവാരമുള്ള മലയാളികള്‍ യുഎഇക്ക് എന്നും മുതല്‍ക്കൂട്ടാണെന്നും പരസ്പര സഹകരണത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഉറപ്പ് നല്‍കി. കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങള്‍ അദ്ദേഹത്തോട് മുഖ്യമന്ത്രി വിശദീകരിച്ചു.

യുഎഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി, മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ.അബ്ദുല്‍ റഹ്‌മാന്‍ അബ്ദുല്‍ മനാന്‍ അല്‍ അവാര്‍ എന്നിവരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകളും കേരള-യുഎഇ ബന്ധത്തിലെ പുതിയ ചുവടുവെയ്പ്പുകളുടെ തുടക്കമായി.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അബുദാബി ചേംബറിന്റെ ഉന്നതതല സംഘം കേരളം സന്ദര്‍ശിയ്ക്കാന്‍ തീരുമാനമെടുത്തത് സംസ്ഥാനത്തിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നെന്ന് വിലയിരുത്തപ്പെടുന്നു. കേരളവും അബുദാബിയും തമ്മിലുള്ള വാണിജ്യ വ്യവസായ രംഗത്തെ സഹകരണം ദൃഢപ്പെടുത്താന്‍ ഇത് സഹായകമാകും.

അബുദാബി ചേംബര്‍ ചെയര്‍മാന്‍ അബ്ദുള്ള മുഹമ്മദ് അല്‍ മസ്രോയിയുമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. അബുദാബി ചേംബര്‍ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ മന്ത്രി പി രാജീവ്, കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എം. ജി രാജമാണിക്യം, ഇന്‍കെല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്െപഷ്യല്‍ ഡ്യൂട്ടി മിര്‍ മുഹമ്മദ് അലി എന്നിവരും പങ്കെടുത്തിരുന്നു.

ദുബായ് എക്‌സ്‌പോ 2020ലെ കേരള പവലിയന്‍ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അബുദാബി രാജകുടുംബാംഗവും യുഎഇ ക്യാബിനറ്റ് മന്ത്രിയും എക്‌സ്‌പോ കമ്മീഷണര്‍ ജനറലുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ നിര്‍വ്വഹിച്ചതും കേരളത്തിന് അഭിമാന നിമിഷമായി.

നിങ്ങളുടെ നിക്ഷേപം, ഞങ്ങളുടെ അഭിമാനം എന്ന ആശയം മുന്‍നിര്‍ത്തി ലോകത്തിന് മുന്നില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ തുറന്നിടുന്ന പവലിയന്‍ സംസ്ഥാനത്തിന്റെ വികസന പ്രതീക്ഷകളെ കൂടി നെഞ്ചേറ്റുന്നതാണ്.

കണ്ണൂരില്‍ 5,500 ഏക്കര്‍ ഭൂമിയേറ്റെടുത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിയ്ക്കുന്നതടക്കം കേരളത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കി മാറ്റുന്ന ഒട്ടേറെ പദ്ധതികള്‍ വരാനിരിക്കുന്നതായി പവലിയന്‍ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞു. കെ-റെയില്‍,കെ-ഫോണ്‍, കിഫ്ബി ഉള്‍പ്പെടെ സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളും മുഖ്യമന്ത്രി വിശദീകരിച്ചു.

2023 കേരളം സംരംഭകത്വ വര്‍ഷമായി ആചരിയ്ക്കുമെന്ന വ്യവസായ മന്ത്രി പി രാജീവിന്റെ പ്രഖ്യാപനവും ഏവരും സ്വാഗതം ചെയ്തു.സന്ദര്‍ശനവേളയില്‍ ദുബായില്‍ യുഎഇ അന്താരാഷ്ട്ര നിക്ഷേപക സമിതിയും, ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍ കൗണ്‍സിലും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് സ്വീകരണവുമൊരുക്കി.

എട്ട് ദിവസം മാത്രം നീണ്ട സന്ദര്‍ശനമെങ്കിലും കടുത്ത പ്രതിസന്ധിയുടെ കാലത്ത് നിക്ഷേപമടക്കം കേരളത്തിന് വലിയ പ്രതീക്ഷ ഉറപ്പാക്കിയായിരുന്നു മുഖ്യമന്ത്രി അടങ്ങുന്ന സംഘം യുഎഇയില്‍ നിന്ന് മടങ്ങിയത്.