News

ശിവശങ്കര്‍ തന്നെ നശിപ്പിച്ചു; കേരളം ഞെട്ടുന്ന രഹസ്യങ്ങള്‍ തനിക്കും പറയാനുണ്ടെന്ന് സ്വപ്‌നാ സുരേഷ്

ഒരു കേസിലും താന്‍ കുറ്റക്കാരിയല്ലെന്ന് സ്വപ്‌നാ സുരേഷ്. തന്നെ നശിപ്പിച്ചത് ശിവശങ്കറാണ്. കുറ്റക്കാരിയാക്കിയതും ജീവിതം താറുമാറാക്കിയതും ജയില്‍ വാസമനുഭവിക്കേണ്ടി വന്നതിനു പിന്നിലുമെല്ലാം ശിവശങ്കര്‍ തന്നെയെന്ന് സ്വപ്‌ന പറഞ്ഞു. അവരുടെ കൈയില്‍ അധികാരമുണ്ട്. അവര്‍ക്കെന്തും സാധിക്കും

തിരുവനന്തപുരം: വിവാദ വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌നാ സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് സ്വപ്‌ന നടത്തിയത്. ന്യൂസ് 18 ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വപ്‌ന വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ശിവശങ്കറിന്റെ അനുഭവ കഥയായ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തില്‍ സ്വപ്‌നാ സുരേഷിനെതിരെ വന്‍ കുറ്റാരോപണങ്ങള്‍ നടത്തിയിരുന്നു ശിവശങ്കര്‍. അതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.

ഒരു കേസിലും താന്‍ കുറ്റക്കാരിയല്ലെന്ന് സ്വപ്‌നാ സുരേഷ്. തന്നെ നശിപ്പിച്ചത് ശിവശങ്കറാണ്. കുറ്റക്കാരിയാക്കിയതും ജീവിതം താറുമാറാക്കിയതും ജയില്‍ വാസമനുഭവിക്കേണ്ടി വന്നതിനു പിന്നിലുമെല്ലാം ശിവശങ്കര്‍ തന്നെയെന്ന് സ്വപ്‌ന പറഞ്ഞു. അവരുടെ കൈയില്‍ അധികാരമുണ്ട്. അവര്‍ക്കെന്തും സാധിക്കും. സ്വര്‍ണക്കടത്തുകാരിയായും തീവ്രവാദ ബന്ധമുള്ളവളായും ചിത്രീകരിച്ചു. താന്‍ കുറ്റക്കാരിയാണോ അല്ലെയോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും സ്വപ്‌ന അഭിമുഖത്തില്‍ പറയുന്നു.

താന്‍ ചതിക്കപ്പെടുകയായിരുന്നു. പലരും ഉപയോഗിച്ചു. ചൂഷണം ചെയ്തു. ഉപയോഗത്തിനു ശേഷം എല്ലാവരും വലിച്ചെറിഞ്ഞു. കേസില്‍ താന്‍ മാത്രമാണ് ഇപ്പോള്‍ കുറ്റക്കാരി. എല്ലാ കുറ്റവും തലയില്‍ കെട്ടിവച്ചു. ലോകത്തിലെ ഏറ്റവും വൃത്തികെട്ട സത്രീയാക്കി എല്ലാവരും തന്നെ ചിത്രീകരിച്ചു. തന്നെ കുറ്റക്കാരിയാക്കി മാറ്റി അതിന്റെ മറവില്‍ പലരും രക്ഷപ്പെട്ടു.

ശിവശങ്കറിനെക്കുറിച്ച് തനിക്കും പറയാനുണ്ട്. താനൊരു ആത്മകഥയെഴുതിയാല്‍ ഒരുപാടു രഹസ്യങ്ങള്‍ പുറത്തുവരും. ശിവശങ്കറിനെക്കുറിച്ച് ഒരുപാടു രഹസ്യങ്ങള്‍ തനിക്കറിയാം. അതെല്ലാം പുസ്തകത്തിലാക്കിയാല്‍ കേരളം ഞെട്ടും. പുസ്തകം ബെസ്റ്റ് സെല്ലറാകും. പല പ്രമുഖരുടെയും പൊയ്മുഖം വലിച്ചുകീറാന്‍ കഴിയും. ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. മൂന്നു വര്‍ഷമായി തന്റെ കുടുംബത്തിലെ അംഗം പോലെയായിരുന്നു. തനിക്കു മാത്രല്ല, അച്ഛനുള്‍പ്പെടെയുള്ളവരുമായും ശിവശങ്കര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. രാത്രിയും പകലും നോക്കാതെ തന്റെ താമസസ്ഥലത്തു വരുമായിരുന്നു. ഒന്നിച്ചു മദ്യപിക്കാറുണ്ട്. ഭക്ഷണം കഴിക്കാറുണ്ട്. ആ സമയത്തൊക്കെ തന്റെ കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടാകാറുണ്ട്.

പലപ്പോഴും രാത്രി വൈകിയാണ് ശിവശങ്കര്‍ തന്റെ താമസസ്ഥലത്ത് വരാറുള്ളത്. ശിവശങ്കര്‍ ആ സമയത്താണ് ഫ്രീ ആകുന്നത്. കോണ്‍സുലേറ്റിലെ ജോലി കഴിഞ്ഞ് താനും ആ സമയത്താണ് ഫ്രീ ആകാറുള്ളത്. അതുകൊണ്ടാണ് പലപ്പോഴും രാത്രിക്കൂടിക്കാഴ്ച നടന്നിരുന്നത്. അദ്ദേഹത്തിന്റെ താമസസ്ഥലത്ത് പോകാറുണ്ടായിരുന്നില്ല. ശിവശങ്കറുമായി വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്.

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുള്ള യാത്രകളിലാണ് ശിവശങ്കറുമായി പരിചയമാകുന്നത്. പരിചയം പിന്നീട് അടുത്ത ബന്ധമായി മാറി. ഐടി വകുപ്പില്‍ ജോലി വാങ്ങിത്തന്നത് ശിവശങ്കറാണ്. കോണ്‍സുലേറ്റിലെ ജോലി രാജിവച്ചതും ശിവശങ്കര്‍ പറഞ്ഞിട്ടാണ്. സ്‌പേസ് പാര്‍ക്കില്‍ ജോലി ലഭിക്കുന്നത് സിഡബ്ല്യുസി ഏജന്‍സി വഴിയാണ്. ശിവശങ്കറാണ് തന്നെ സ്‌പേസ് പാര്‍ക്കിലെത്തിച്ചത്.

ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട ആവശ്യമില്ല. ലൈഫ് മിഷന്‍ ചാരിറ്റി പ്രോജക്ടുമായി തനിക്കൊരു ബന്ധവുമില്ല. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു നടക്കുന്ന ചാരിറ്റി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയിരുന്നു. അതുകൊണ്ടാണു തന്നോട് ജോലി രാജിവയ്ക്കാന്‍ ശിവശങ്കര്‍ പറഞ്ഞത്. ലോക്ക്ഡൗണ്‍ കാലത്ത് തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലെത്തിയത് ശിവശങ്കറിന്റെ സഹായത്തോടെയാണ്. തിരുവനന്തപുരത്തു നിന്ന് വര്‍ക്കല അവിടെ നിന്ന് കൊച്ചി പിന്നീട് ബംഗളൂരു അങ്ങനെയായിരുന്നു യാത്ര.

തനിക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യതയില്ല. 12 ക്ലാസ് കഴിഞ്ഞപ്പോഴായിരുന്നു വിവാഹം. വൈകാതെ ആ ബന്ധം വേര്‍പിരിഞ്ഞു. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഗള്‍ഫില്‍ ജോലി കിട്ടിയത്. സര്‍ട്ടിഫിക്കെറ്റുകള്‍ ഉണ്ടാക്കിയത് കേരളത്തില്‍ ജോലിക്കു വേണ്ടിയല്ല. വിദേശത്തെ ചില ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് സര്‍ട്ടിഫിക്കെറ്റ് ഉണ്ടാക്കിയത്.

ഭര്‍ത്താവ് ജയശങ്കര്‍ ഉള്‍പ്പെടെ എല്ലാവരും ഉപേക്ഷിച്ചുപോയി. കുട്ടികളും താനും മാത്രമായി. ഇനിയെവിടെ ജോലി കിട്ടാനാണ്. ജീവിക്കാന്‍ മാര്‍ഗമില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് പോംവഴിയെന്നും സ്വപ്‌ന പറഞ്ഞു.

വെളിപ്പെടുത്തലുകളില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെക്കുറിച്ചോ, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെക്കുറിച്ചോ വിവാദ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല.

Related Articles

Back to top button