
പ്രതിപക്ഷത്തെ എല്ലാവരുമായി ആലോചിച്ചാണ് രമേശ് ചെന്നിത്തല കേസ് കൊടുത്തത്. അദ്ദേഹത്തെ ഒറ്റപ്പെടുത്താന് അനുവദിക്കില്ല. പ്രതിപക്ഷത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് അദ്ദേഹം കേസ് കൊടുത്തത്
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്ണര്ക്ക് കത്തയച്ചത് അഴിമതിയാണോ എന്നായിരിക്കും ലോകായുക്ത പരിശോധിച്ചിരിക്കുക. അഴിമതി ഇല്ലെന്നു കണ്ടെത്തുന്നതില് വിരോധമില്ല. എന്നാല് മന്ത്രിക്ക് എങ്ങനെ ക്ലീന്ചിറ്റ് കൊടുക്കാനാകും? കണ്ണൂര് സര്വകലാശാല നിയമത്തിലെ പത്താം വകുപ്പില് വി.സി നിയമനത്തിന് സേര്ച്ച് കമ്മിറ്റി ഉണ്ടാക്കണമെന്ന് നിര്ദ്ദേശിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ശുപാര്ശ ചെയ്യുന്നവരെയാണ് വി.സിയായി ചാന്സലര് നിയമിക്കുന്നത്. 60 വയസില്‍ കൂടുതല്‍ പ്രായമുള്ളയാളെ വി.സിയാക്കരുതെന്നും നിയമത്തിലുണ്ട്. പ്രോ ചാന്‍സലറായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സര്‍വകലാശാല നിയമത്തിലെ പത്താം വകുപ്പ് ലംഘിച്ചുകൊണ്ടാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. പത്താം വകുപ്പ് പ്രകാരം നിയമിച്ച സേര്‍ച്ച് കമ്മിറ്റി പിരിച്ചു വിടണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇത് എങ്ങനെ നിയമവിധേയമാകും?
60 വയസു കഴിഞ്ഞ വി.സിക്ക് പുനര്‍നിയമനം നല്‍കണമെന്നും മന്ത്രി രണ്ടാമത്തെ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. ഇതെല്ലാം നിയമവിരുദ്ധമാണെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്. നിയമസഭ പാസാക്കിയ നിയമവും ഭരണഘടനയും അനുസരിക്കാന്‍ ബാധ്യതയുള്ള മന്ത്രി നിയമത്തിലെ വകുപ്പുകള്‍ക്ക് വിരുദ്ധമായാണ് ചാന്‍സലര്‍ക്ക് കത്തയച്ചത്. ഇതൊരു നിര്‍ദ്ദേശമോ ശുപാര്‍ശയോ ആയി പരിഗണിക്കേണ്ടതില്ലെന്നാണ് ലോകായുക്ത പറഞ്ഞത്. പിന്നെ ഗവര്‍ണര്‍ക്കു സുഖമാണോ എന്ന് അന്വേഷിച്ചുള്ള കത്തായിരുന്നോ അത്? ഈ വിധി പ്രസ്താവത്തോട് യോജിക്കാനാകില്ല. ഇതില്‍ സ്വജനപക്ഷപാതം ഇല്ലെന്ന് എങ്ങനെ പറയാനാകും. വി.സിയെ കണ്ടെത്താന്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ശേഷം കമ്മിറ്റി റദ്ദാക്കണമെന്നു പറായന്‍ മന്ത്രിക്ക് എന്ത് അധികാരമാണുള്ളത്? നിയമ സംവിധാനത്തെ കാറ്റില്‍പ്പറത്തി നിലവിലുള്ളയാള്‍ക്ക് പുനര്‍നിയമനം നല്‍കണമെന്നു പറഞ്ഞാല്‍ അതിനെ സ്വജനപക്ഷപാതം എന്നാല്ലാതെ മറ്റെന്ത് പേരിട്ടു വിളിക്കും? മന്ത്രി എഴുതിയ ഈ രണ്ട് കത്തുകളും നിയമ വിരുദ്ധമല്ലെങ്കില്‍ അത് മറ്റെന്താണെന്നു കൂടി ലോകായുക്ത പറയണം. ലോകായുക്ത വിധിക്ക് എതിരായി അപ്പീല്‍ പോകണം.
വി.സി പുനര്‍നിയമത്തില്‍ മന്ത്രി കത്തെഴുതിയാല്‍ സ്വീകരിക്കേണ്ട ബാധ്യത ചാന്‍സലറായ ഗവര്‍ണര്‍ക്കില്ല. ഗവര്‍ണര്‍ ചെയ്തതും നിയമവിരുദ്ധമായ കാര്യമാണ്. മന്ത്രിയും ചാന്‍സലറും ഒരു പോലെ തെറ്റു ചെയ്തു. പ്രോ വി.സി എന്ന നിലയിലാണ് മന്ത്രി ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്ത് കൊടുത്തത്. അങ്ങനെയെങ്കില്‍ ഗവര്‍ണറും മന്ത്രിയും കൂടി വി.സിയെ നിയമിച്ചാല്‍ പോരെ? നിയമസഭ നിയമം പാസാക്കിയത് ഷോക്കേസില്‍ വയ്ക്കാനാണോ?പ്രതിപക്ഷം ലോകായുക്തയെ അല്ല ലോകായക്ത വിധിയെ ആണ് വിമര്‍ശിക്കുന്നത്. എതിരായി വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡിജിക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയത് സി.പി.എമ്മാണ്. അത്തരമൊരു സംസ്‌ക്കാരമല്ല യു.ഡി.എഫിനും കോണ്‍ഗ്രസിനും.