LogoLoginKerala

സത്യപ്രതിജ്ഞ വൈകുന്നന്നതിന്റെ യഥാര്‍ഥ കാരണമെന്താണ്?

മേയ് രണ്ടിന് വോട്ടെണ്ണി രണ്ടാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്യാത്തതാണ് ഇപ്പോള് സോഷ്യല് മീഡിയയില് അടക്കം സജീവ ചര്ച്ചയാവുന്നത്. ജോല്സ്യ പ്രവചനം തൊട്ട് ലാവലിന് കേസ് വിധി വരെയുള്ള വിവിധ കാരണങ്ങളാണ് ഇതിനായി പറഞ്ഞുകേള്ക്കുന്നത് എം.മനോജ് കുമാര് തിരുവനന്തപുരം: മേയ് രണ്ടിന് വോട്ടെണ്ണി രണ്ടാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്യാത്തതാണ് ഇപ്പോള് സോഷ്യല് മീഡിയയില് അടക്കം സജീവ ചര്ച്ചയാവുന്നത്. കൊവിഡ് മരണങ്ങള്ക്കൊണ്ട് സംഹാരതാണ്ഡവമാടുമ്പോഴാണ് കേരള മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ അസാധാരണമായി നീണ്ടുപോകുന്നത്. സര്ക്കാരിന്റെ …
 

മേയ് രണ്ടിന് വോട്ടെണ്ണി രണ്ടാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യാത്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവ ചര്‍ച്ചയാവുന്നത്. ജോല്‍സ്യ പ്രവചനം തൊട്ട് ലാവലിന്‍ കേസ് വിധി വരെയുള്ള വിവിധ കാരണങ്ങളാണ് ഇതിനായി പറഞ്ഞുകേള്‍ക്കുന്നത്

എം.മനോജ് കുമാര്‍

തിരുവനന്തപുരം: മേയ് രണ്ടിന് വോട്ടെണ്ണി രണ്ടാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യാത്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവ ചര്‍ച്ചയാവുന്നത്. കൊവിഡ് മരണങ്ങള്‍ക്കൊണ്ട് സംഹാരതാണ്ഡവമാടുമ്പോഴാണ് കേരള മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ അസാധാരണമായി നീണ്ടുപോകുന്നത്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്ന് സംഘപരിവാര്‍ പത്രമായ ജന്‍മഭൂമി ഉണ്ടാക്കിയ വ്യാഖ്യാനങ്ങളും ചര്‍ച്ചയായിരുന്നു.

‘അതുശരി, അപ്പോള്‍ ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേ. രണ്ടും നിങ്ങളുടെ ആള്‍ക്കാര്‍ തന്നെ പറയും’ എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്തുകൊണ്ട് സത്യപ്രതിജ്ഞ വൈകുന്നു എന്നതിന്റെ യഥാര്‍ത്ഥ കാരണം മുഖ്യമന്ത്രി അപ്പോഴും പറഞ്ഞില്ല. ഇത് തന്നെയാണ് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി മാറുന്നത്. ഇരുപതിന് സത്യപ്രതിജ്ഞ നടത്തും എന്നാണ് ഇന്നലെയും മുഖ്യമന്ത്രി പറഞ്ഞത്.

ഇതാദ്യമായാണ് വോട്ടെണ്ണി ഫലം വന്നിട്ടും കേരളത്തില്‍ ഇങ്ങനെ അധികാരമേല്‍ക്കല്‍ പ്രക്രിയ നീണ്ടു പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തിലാണ് അധികാരത്തില്‍ വന്നത്. എന്നിട്ടും എന്തുകൊണ്ട് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകുന്നു എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമില്ല.

പി.ബി തീരുമാനം വരണം

പിണറായി തന്നെ മുഖ്യമന്ത്രിയായി വരുന്നതില്‍ പാര്‍ട്ടിയില്‍ എതിര്‍ ശബ്ദങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയാണ്. പിബി കൂടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി തന്നെ എന്ന് പിബി പറഞ്ഞിട്ടില്ല. മന്ത്രിമാരെ കേരളത്തിലെ പാര്‍ട്ടിയ്ക്ക് തീരുമാനിക്കാമെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് പിബിയാണ്. പിബി അങ്ങനെ ഒരു തീരുമാനം ഇതേവരെ അനൗണ്‍സ് ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് കേരളത്തില്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല എന്നാണ്. പിണറായിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട് ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ ഏറിയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ പിബി വൈകുന്നതെന്ത് എന്ന ചോദ്യത്തിനും ഉത്തരമില്ല.

കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗം എഴുതിയത് കേരളത്തിലെ നേട്ടം പിണറായിയുടെ മാത്രം നേട്ടമായി ചുരുക്കാന്‍ ശ്രമമെന്നാണ്. മുഖ്യമന്ത്രിയായ പിണറായി വിജയന് എതിരെയുള്ള ശക്തമായ മുഖപ്രസംഗം ആയിരുന്നു പാര്‍ട്ടി മുഖപത്രത്തില്‍ നിന്നും വന്നത്. സര്‍ക്കാരിനും പാര്‍ട്ടിക്കും മേല്‍ ഒരാള്‍ ആധിപത്യം നേടുന്നു എന്ന മാധ്യമ വ്യാഖ്യാനത്തിനു എതിരെയാണ് മുഖപത്രം ശബ്ദമുയര്‍ത്തുന്നത്. സിപിഎം വിഭാഗീയതയില്‍ പിണറായിയ്ക്ക് ഒപ്പം ഉറച്ച് നിന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആണ് പീപ്പിള്‍സ് ഡെമോക്രസി എഡിറ്റര്‍ എന്ന് ഓര്‍ക്കേണ്ടതുമുണ്ട്.

ലാവ്ലിന്‍ കേസ് സ്വാധീനിച്ചോ?

ലാവ്ലിനും സ്വര്‍ണ്ണക്കടത്ത് കേസുമാണോ അധികാരമേല്‍ക്കല്‍ പ്രക്രിയയില്‍ നിന്നും പിണറായി സര്‍ക്കാരിനെ തടഞ്ഞു നിര്‍ത്തുന്നത്? . ലാവ്ലിന്‍ കേസില്‍ വിധി വരാന്‍ ഇരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയില്‍ എത്തിയത്. ഈ കേസിന്റെ വിധി എപ്പോള്‍ വേണമെങ്കിലും വരാം.

വിധി പ്രതികൂലമെങ്കില്‍ മുഖ്യമന്ത്രിയ്ക്ക് രാജി വയ്ക്കേണ്ടി വരും. അങ്ങിനെയെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയാകും സുപ്രീംകോടതി വിധി കൊണ്ട് സംഭവിക്കുക. മന്ത്രിമാരെ മുഴുവന്‍ മാറ്റാം എന്ന് പറയുന്നത് പഴയ അഴിമതി ആരോപണങ്ങളില്‍ നിന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും പൂര്‍ണമായി ശ്രദ്ധ തിരിച്ച് വിടാന്‍ വേണ്ടി മാത്രമാണ്. മന്ത്രിമാരെ മാറ്റുമ്പോള്‍ മുഖ്യമന്ത്രിയെയും മാറ്റെണ്ടേ എന്ന ചോദ്യവും പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. ലാവ്ലിന്‍ കേസാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കേസുകള്‍ ശക്തിപ്പെടുത്തി കേന്ദ്ര ഏജന്‍സികള്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ നിശബ്ദരാണെങ്കിലും കേസ് ശക്തമായി മുന്നോട്ടു കൊണ്ട് പോകാന്‍ തന്നെയാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. ലൈഫ് മിഷന്‍ കേസ് സിബിഐയും അന്വേഷിക്കുന്നുണ്ട്. ഒരു അന്വേഷണം തുടങ്ങിയാല്‍ കേന്ദ്ര ഏജന്‍സികള്‍ അത് മുന്നോട്ടു കൊണ്ടുപോകും. സ്വര്‍ണ്ണക്കടത്ത് കേസില്‍ തെളിവില്ല മൊഴിയാണ് ഉള്ളത് എന്ന് പറഞ്ഞിട്ടും ഏജന്‍സികള്‍ കുലുങ്ങിയിട്ടില്ല. അവര്‍ അന്വേഷണവുമായി മുന്നോട്ടു പോവുകയാണ്. ബിജെപി ബിജെപി വോട്ടുകള്‍ പിടിച്ചാല്‍ കേരളത്തില്‍ ഇടതുമുന്നണി തന്നെ അധികാരത്തില്‍ വരും എന്ന കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍ കേരളത്തില്‍ യാഥാര്‍ഥ്യമായിട്ടുണ്ട്. ഈ യാഥാര്‍ഥ്യം മനസിലാക്കാതെ ബിജെപിയുടെ നേമത്തെ ഏക അക്കൌണ്ട് പൂട്ടിക്കെട്ടിച്ച കോണ്‍ഗ്രസ് വെള്ളത്തില്‍ വരച്ച വരപോലെയായിരിക്കുകയാണ്. ഈ യാഥാര്‍ഥ്യം വടകര മോഡല്‍ ആയി യുഡിഎഫിനു മുന്നില്‍ തെളിഞ്ഞും കാണുന്നുണ്ട്.

ബിജെപി ദേശീയ നേതൃത്വം മനസ്സില്‍ കണ്ട കോണ്‍ഗ്രസ് മുക്ത കേരളം നടപ്പിലായിക്കഴിഞ്ഞു. ഇനി കേന്ദ്രത്തിന്റെ കയ്യിലുള്ളത് സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷനും ലാവ്ലിനുമോക്കെയാണ്. കേന്ദ്ര ഏജന്‍സിയെ പൂട്ടിക്കെട്ടാന്‍ ക്രൈംബ്രാഞ്ച് നടത്തിയ ശ്രമങ്ങള്‍ എങ്ങനെ അവസാനിച്ചു എന്ന് കേരളം കണ്ടതാണ്. ക്രൈംബ്രാഞ്ച് നടപടി ഭദ്രകാളിയെ പിശാച് പിടിക്കാന്‍ പോകുന്നതുപോലെയാണ് എന്ന് പറഞ്ഞ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ ഉപമയാണ് ഫലത്തില്‍ ശരിയായി വന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സി.പി.എമ്മിന്റെ കണ്ണിലെ കരടായി നിലനില്‍ക്കുകയാണ്.

സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മുന്‍ മന്ത്രി കെ.ടി.ജലീലിനും എതിരെയുള്ള അന്വേഷണം ഇഡിയും കസ്റ്റംസുമൊക്കെ മുന്നോട്ട് നീങ്ങുകയാണ്. കേന്ദ്രഭരണത്തില്‍ ബി.ജെ.പി തന്നെയാണ് എന്നതിനാല്‍ ഈ കാര്യത്തില്‍ എന്തും സംഭവിക്കാം എന്നാണു പാര്‍ട്ടി നിഗമനം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തന്നെയാണ് പിബി ഉള്‍പ്പെടെയുള്ള സിപിഎം ഉന്നതകേന്ദ്രങ്ങളില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും ലാവ്ലിന്‍ കേസും മുഖ്യമന്ത്രിയെ ഇതുവരെ പി.ബി പ്രഖ്യാപിക്കാതെയിരിക്കുന്നതും സത്യപ്രതിജ്ഞ വൈകുന്നതുമൊക്കെ കൂട്ടി വായിക്കപ്പെടുന്നത്.