
ഹമാസിന്റെ കൈയ്യില്‍ 100 കിലോമീറ്റര്‍ മുതല്‍ 160 കിലോമീറ്റര്‍ വരെ പരിധിയുള്ള മിസൈലുകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇസ്രയേലിലെ ഒട്ടു മിക്കപ്രദേശങ്ങളും ഈ മിസൈലുകളുടെ പരിധിയില്‍ വരും.
ഗാസ: ഒരു ഇടവേളയ്ക്ക് ശേഷം ഇസ്രയേല്‍ പലസ്തീന് സംഘര്‍ഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. മിസൈലുകള്‍ തൊടുത്താണ് ഇസ്രയേലിനെതിരെ ഹമാസ് പ്രധാനമായും തിരിച്ചടിക്കുന്നത്. ഹമാസിന്റെയും പലസ്തീനി ഇസ്ലാമിക് ജിഹാദ് മൂവ്മെന്റിന്റേയും കൈയില്‍ എത്രത്തോളം ശക്തമായ മിസൈലുകളുണ്ട്? ഇസ്രയേലിന് ഈ മിസൈലുകള്‍ എത്രത്തോളം വെല്ലുവിളിയാകും? അതേസമയം, അത്യാധുനിക പോര്‍വിമാനങ്ങളും ബോംബുകളും ഉപയോഗിച്ചാണ് ഇസ്രയേല്‍ തിരിച്ചടിക്കുന്നത്. ഇതിന്റെ ശക്തി ഹമാസിന്റെ മിസൈലുകളേക്കാള്‍ പതിമടങ്ങ് ഉയര്‍ന്നതാണ്.
ഒരു അവസരത്തില്‍ ഇറാനില്‍ നിന്നും നേരിട്ട് ഹമാസിന് മിസൈലുകള്‍ ലഭിച്ചിരുന്നു. സിനി-ഗാസ അതിര്‍ത്തിയിലൂടെയും സമുദ്രമാര്‍ഗം വഴിയുമാണ് ഹമാസ് ഇവ കടത്തിയിരുന്നത്. എന്നാല്‍ പലസ്തീനിലെ പ്രതിരോധ സംഘങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച മിസൈലുകള്‍ ഉപയോഗിച്ച് സ്വന്തമായി മിസൈലുകള്‍ നിര്‍മിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സൂചനകള്‍. ഹമാസും പിഐജെയുമെല്ലാം 2014 മുതല്‍ തന്നെ സ്വന്തമായി മിസൈലുകള്‍ നിര്‍മിച്ചിരുന്നുവെങ്കിലും ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ 2019ല്‍ മാത്രമാണ് പുറത്തുവരുന്നത്.
ഇസ്രയേലി മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വെടിയുതിര്‍ത്ത പലസ്തീനി മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇക്കാര്യം കണ്ടെത്തിയത്. ഹമാസിന്റെ കൈയ്യില്‍ 100 കിലോമീറ്റര്‍ മുതല്‍ 160 കിലോമീറ്റര്‍ വരെ പരിധിയുള്ള മിസൈലുകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇസ്രയേലിലെ ഒട്ടു മിക്കപ്രദേശങ്ങളും ഈ മിസൈലുകളുടെ പരിധിയില്‍ വരും.
പിഐജെയുടെ കൈയ്യില്‍ കുറച്ച് ബുറാക്ക് 100 മിസൈലുകളും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ മിസൈലുകള്‍ക്ക് 100 കിലോമീറ്ററിലേറെ ദൂരത്തെ ലക്ഷ്യം തകര്‍ക്കാനാകും. ഹമാസിന്റെ ആയുധശേഖരത്തില്‍ 70-80 കിലോമീറ്റര്‍ വരെ ദൂരം മറികടക്കാന്‍ കഴിയുന്ന നൂറുകണക്കിന് മിസൈലുകളുണ്ട്. തന്ത്രപ്രധാന കേന്ദ്രങ്ങളായ ടെല്‍ അവീവ്, ബെന്‍ ഗൂറിയോണ്‍ വിമാനത്താവളം, ജെറുസലേം എന്നിയിടങ്ങള്‍ ആക്രമിക്കാന്‍ ഹമാസിന് ഈ മിസൈലുകള്‍ തന്നെ ധാരാളം. ജെ 80, എം 75, ഫാജിര്‍ 5, എം 75 തുടങ്ങിയവയാണ് ഹമാസിന്റെ ശേഖരത്തിലുള്ള ഹ്രസ്വദൂര മിസൈലുകള്‍. ഈ ദൂരപരിധിയില്‍ തന്നെ ബുറാക്ക് 70 മിസൈലുകള്‍ പിഐജെയുടെ പക്കലുമുണ്ട്.
ഹമാസിന്റെ ശേഖരത്തില്‍ അതിര്‍ത്തിയില്‍ നിന്നും 40-55 കിലോമീറ്റര്‍ ഇസ്രയേലിന്റെ ഉള്ളിലേക്ക് ആക്രമണം നടത്താന്‍ ശേഷിയുള്ള 5000-6000 മിസൈലുകള്‍ ഉണ്ടെന്നാണ് ഇസ്രയേലി രഹസ്യാന്വേഷണ സംവിധാനത്തിന്റെ കണക്ക്. 40 കിലോമീറ്ററിനുള്ളിലാണെങ്കില്‍ ഗ്രാഡ് മിസൈലുകളും ബാദര്‍ 3 മിസൈലുകളും ഹമാസിന്റെയും പിഐജെയുടെയും കൈവശമുണ്ട്. പത്ത് കിലോമീറ്റര്‍ പരിധിയിലാണെങ്കില്‍ പല തരത്തിലുള്ള ഖ്വാസം മിസൈലുകള്‍ പലസ്തീന് സംഘങ്ങള്‍ക്കുണ്ടെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു.
മിസൈലുകള്‍ക്ക് പുറമേ പല ദൂരപരിധിയിലുള്ള ആയിരക്കണക്കിന് മോര്‍ട്ടാറുകളും ഹമാസിന്റെ ആയുധശേഖരത്തിലുണ്ട്. അതിര്‍ത്തിയോട് ചേര്‍ന്ന ഇസ്രയേലി പ്രദേശങ്ങളെ ആക്രമിക്കാന്‍ ഈ മിസൈലുകള്‍ ധാരാളം. ഹമാസ് അടക്കമുള്ള പലസ്തീനി സംഘങ്ങളുടെ പക്കല്‍ വലിയ തോതില്‍ റോക്കറ്റ് ശേഖരമുണ്ടെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. എന്നാല്‍, 2014ന് ശേഷം ഇപ്പോഴത്തെ പ്രതിസന്ധി വരെയുള്ള കാലത്ത് ഇസ്രയേലിന് വളരെ കുറച്ച് മിസൈലുകള്‍ മാത്രമേ നേരിടേണ്ടി വന്നിട്ടുള്ളൂ.
പിഐജെയെ അപേക്ഷിച്ച് ഹമാസിന്റേത് വളരെ വിപുലമായ മിസൈല്‍ ശേഖരമാണുള്ളതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ഏതാണ്ട് 8,000 മിസൈലുകള്‍ ഹമാസിന്റെ പക്കലുണ്ടെന്നാണ് ഇസ്രയേലി കണക്ക് സൂചിപ്പിക്കുന്നത്. ഏകദേശം, 40,000ഓളം പേര് ഹമാസിന്റെ പോരാളി സംഘത്തിലുണ്ടെന്നാണ് കരുതപ്പെടുന്നത്. പിഐജെക്ക് 9,000ഓളം പേരുടെ സേനയുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.