
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഗണ്യമായി ഉയരുകയാണ്. ഇന്ന് 95 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇത് 79 ആയിരുന്നു. രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് അനുസരിച്ച് മരണനിരക്ക് ഉയരുന്നത് പിടിച്ച് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീവ്രമായ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മരണ നിരക്ക് കുറയ്ക്കാന്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വാക്സിനേഷന് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ള 1.13 കോടി ആളുകളുണ്ട്. രണ്ട് ഡോസ് വീതം നല്കാന് 2.26 കോടി വാക്സിന് ലഭിക്കേണ്ടതുണ്ട്. കേരളത്തിന് അര്‍ഹമായ വാക്സിന് വേഗം ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും അഭ്യര്‍ത്ഥിച്ചുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത വാക്സിന് അവര്‍ക്ക് തന്നെ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരുപാട് മുന്‍ഗണന ആവശ്യം വരുമെന്നും അദ്ദേഹം പറഞ്ഞു.