LogoLoginKerala

ജുഡീഷ്യറി വിമർശിക്കപ്പെടുമ്പോൾ

നടി ആക്രമണ കേസില് ഇരയായ നടിയും സർക്കാരും വിചാരണക്കോടതിക്കെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപ് മകളെ ഉപയോഗിച്ച് മഞ്ജു വാര്യരെ സ്വാധീനിക്കാന് നടത്തിയ ശ്രമത്തെക്കുറിച്ചുള്ള മൊഴി രേഖപ്പെടുത്തുന്നതില് കോടതിയില് വീഴ്ചയുണ്ടായി എന്നാണ് ആരോപണം. മൊഴി കൊടുക്കുന്നതിന് മൂന്ന് ദിവസം മുന്പ് മകള് വിളിച്ച് ദിലീപിനെതിരെ മൊഴി നല്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നല്കിയ മൊഴി. എന്നാല് ഈ സുപ്രധാന മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ലത്രേ. ഇനി അങ്ങനെ ഒരു സംഭവം ഉണ്ടായെങ്കിൽ തന്നെ സ്വന്തം അച്ഛന്റെ നിരപരാധിത്വം …
 

നടി ആക്രമണ കേസില്‍ ഇരയായ നടിയും സർക്കാരും വിചാരണക്കോടതിക്കെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപ് മകളെ ഉപയോഗിച്ച് മഞ്ജു വാര്യരെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമത്തെക്കുറിച്ചുള്ള മൊഴി രേഖപ്പെടുത്തുന്നതില്‍ കോടതിയില്‍ വീഴ്ചയുണ്ടായി എന്നാണ് ആരോപണം.

മൊഴി കൊടുക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് മകള്‍ വിളിച്ച് ദിലീപിനെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നല്‍കിയ മൊഴി. എന്നാല്‍ ഈ സുപ്രധാന മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ലത്രേ. ഇനി അങ്ങനെ ഒരു സംഭവം ഉണ്ടായെങ്കിൽ തന്നെ സ്വന്തം അച്ഛന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു മകൾക്ക് അമ്മയെ വിളിച്ചുകൂടാ എന്നാണോ? ഇതിൽ ഇത്ര കണ്ട് പ്രക്ഷുബ്ധമാവാൻ കാരണമെന്താണെന്ന് മാത്രം മനസിലാകുന്നില്ല. സ്വന്തം പിതാവിനെതിരെ മൊഴി കൊടുക്കരുതെന്ന് സ്വന്തം മാതാവിനോട് പറയാനുള്ള അവകാശം മകൾ എന്ന രീതിയിൽ ആ കുട്ടിക്ക് ഇല്ല എന്ന് വാദിക്കുന്നവർ ഏതു ലോകത്താണാവോ വിഹരിക്കുന്നത്?

പോലീസ് സ്റ്റേഷനുകളിലെ പോലെയല്ല കോടതികളിൽ മൊഴി രേഖപ്പെടുത്തുന്നത് എന്നാണ് അറിവ്. അവിടെ കോടതിക്ക് വിശ്വസനീയമായ മൊഴി മാത്രം രേഖപ്പെടുത്തുന്നു. പൾസർ സുനി എന്ന കൊടും കുറ്റവാളി പ്രധാനപ്രതിയായ കേസിൽ ദിലീപ് എന്ന നടനെ അകത്താക്കി വിചാരണക്കുള്ള സമയമെത്തിയപ്പോൾ മുൻപ് ഉന്നയിച്ചപോലുള്ള പ്രമാദമായ തെളിവുകളൊന്നും വാദിഭാഗത്തിന്റെ കൈവശമില്ല എന്നല്ലേ ഇതിൽനിന്നും മനസ്സിലാക്കേണ്ടത്?

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെട്ടു, സിനിമാമേഖല ഒന്നടങ്കം ദിലീപിനൊപ്പം എന്നും വിമർശനങ്ങൾ ഉയരുന്നുണ്ടല്ലോ. ഇത്രയൊക്കെ എളുപ്പത്തിൽ, കുറച്ചു സിനിമാക്കാർ വിചാരിച്ചാൽ സ്വാധീനിക്കാൻ കഴിയുന്ന ഒരിടമാണോ നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയും ജുഡീഷ്യറിയും?

തിരഞ്ഞെടുപ്പുകൾ ആസന്നമായിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ സർക്കാരും മറ്റു രാക്ഷ്ട്രീയകക്ഷികളുടേയും ഇടപെടൽ എന്തിനാണെന്ന് അരിഭക്ഷണം കഴിക്കുന്ന എല്ലാ മലയാളികൾക്കും മനസിലാവും. ദിലീപ് കേസിൽ ഇത്രകണ്ട് ഇടപെടുന്ന സർക്കാരിന്റെയും പ്രോസിക്യൂഷന്റെയും അമിത ശുഷ്ക്കാന്തി വാളയാർ കേസിൽ കാണുന്നില്ലല്ലോ എന്നാരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

ദിലീപിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പലർക്കും തിളച്ചുമറിയണം, വാർത്താചാനലുകളിൽ ദിലീപിന്റെ പേരും കേസും കൊട്ടിഘോഷിക്കപ്പെടണം, ഇത് നിലവിലുള്ള പ്രമാദമായ മറ്റു നിരവധി കേസുകളുടെ ജനശ്രദ്ധ വഴി തിരിച്ചുവിടാൻ ഇപ്പോൾ ആവശ്യം ആയിവന്നിരിക്കുന്നു.

ഏകദേശം രണ്ടുവർഷത്തോളമായി നീണ്ട ചോദ്യം ചെയ്യല്‍ നടന്നിട്ടും ഇന്നേവരെ ദേഹാസ്വാസ്ഥ്യമൊന്നും വരാത്ത സംസ്ഥാനത്തെ ഒരേ ഒരു പ്രമുഖൻ ദിലീപ് ആയിരിക്കുമെന്ന് നിസ്സംശയം പറയാം. തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യം സ്വയം ഉള്ളതുകൊണ്ടാവണം ഏല്ലാം ധൈര്യത്തോടെ നേരിടാന്‍ കഴിയുന്നത്.

ബാലിശമായ വിമർശനങ്ങൾ നാനാഭാഗത്തുനിന്നും ഉയരുമ്പോൾ, അവയുടെ രാക്ഷ്ട്രീയ ഉദ്ദേശലക്ഷ്യങ്ങൾ വെളിപ്പെടുമ്പോൾ, ഈ കേസിൽ ദിലീപ് നിരപരാധിയാണെന്ന സത്യം കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ മനസ്സിൽ അരക്കിട്ടുറപ്പിക്കുകയാണ്.