
കോവിഡ് വാക്സിന്റെ വിതരണം സുഗമമാക്കുന്നതിനായി സംസ്ഥാനങ്ങളോട് പ്രത്യേക സമിതികള് രൂപവത്കരിക്കാന് നിര്ദേശിച്ച് കേന്ദ്രസര്ക്കാര്.
ആരോഗ്യരംഗത്തെ മറ്റു പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധത്തില് വാക്സിന് വിതരണം ഏകോപിപ്പിക്കുന്നതിനും മേല്നോട്ടംവഹിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനുമാണ് സമിതികൾ. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും കത്തയച്ചു.
ഒരു വര്ഷത്തോളം നീണ്ടുനില്ക്കുന്ന പ്രക്രിയയായിരിക്കും വാക്സിന് വിതരണം എന്നാണ് സൂചനകൾ. ആരോഗ്യപ്രവര്ത്തകര്, മറ്റു രോഗങ്ങള് ഉള്ളവര് തുടങ്ങി വിവിധ വിഭാഗങ്ങള്ക്ക് ഘട്ടംഘട്ടമായി ആയിരിക്കും വാക്സിന് നല്കുക. ഇത്തരം കാര്യങ്ങള്ക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായി സംസ്ഥാന-ജില്ലാ തലങ്ങളില്‍ സമിതികള്‍ക്ക് രൂപംകൊടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.