LogoLoginKerala

സാമ്പത്തിക സംവരണം; സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം

സാമ്പത്തിക സംവരണത്തിനെതിരെ ശക്തമായ വിയോജിപ്പുമായി സംസ്ഥാന സര്ക്കാരിനെതിരെ മതജാതി സംഘടനകളെ അണി നിരത്തിക്കൊണ്ട് പ്രക്ഷോഭത്തിനൊരുങ്ങി മുസ്ലീം ലീഗ്. സാമ്പത്തിക സംവരണത്തിൽ വിയോജിപ്പുള്ള സംഘടനകളെ ഒരു കുടക്കീഴില് എത്തിച്ചാണ് ലീഗിന്റെ നീക്കം. പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാകുളത്ത് ചേര്ന്ന് സമരങ്ങള് പ്രഖ്യാപിക്കുമെന്ന് മലപ്പുറത്ത് ചേര്ന്ന മുസ്ലീം സംഘടനകളുടെ സംയുക്ത യോഗത്തിന് ശേഷം പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സംവരണത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുന്ന എസ്എന്ഡിപിയുമായി ചേര്ന്ന് സമരം ആലോചനയിലുണ്ടെന്നും മുതിര്ന്ന ലീഗ് നേതാവ് പറയുകയുണ്ടായി. മുന്നാക്ക സംവരണം, കോവിഡ് …
 

സാമ്പത്തിക സംവരണത്തിനെതിരെ ശക്തമായ വിയോജിപ്പുമായി സംസ്ഥാന സര്‍ക്കാരിനെതിരെ മതജാതി സംഘടനകളെ അണി നിരത്തിക്കൊണ്ട് പ്രക്ഷോഭത്തിനൊരുങ്ങി മുസ്ലീം ലീഗ്. സാമ്പത്തിക സംവരണത്തിൽ വിയോജിപ്പുള്ള സംഘടനകളെ ഒരു കുടക്കീഴില്‍ എത്തിച്ചാണ് ലീഗിന്റെ നീക്കം. പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാകുളത്ത് ചേര്‍ന്ന് സമരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മലപ്പുറത്ത് ചേര്‍ന്ന മുസ്ലീം സംഘടനകളുടെ സംയുക്ത യോഗത്തിന് ശേഷം പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സംവരണത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുന്ന എസ്എന്‍ഡിപിയുമായി ചേര്‍ന്ന് സമരം ആലോചനയിലുണ്ടെന്നും മുതിര്‍ന്ന ലീഗ് നേതാവ് പറയുകയുണ്ടായി. മുന്നാക്ക സംവരണം, കോവിഡ് മരണ സംസ്‌കാരം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ചേര്‍ന്ന യോഗത്തില്‍ എല്‍ഡിഎഫ് അനുകൂല നിലപാടുള്ള എപി സുന്നി വിഭാഗം ഉള്‍പ്പെടെ, സുന്നി, മുജാഹിദ്ദീന്‍, ജമാ അത്തെ ഇസ്ലാമി സംഘടനാ പ്രതിനിധികളും സംയുക്ത യോഗത്തില്‍ പങ്കെടുത്തു.

കോഴിക്കോട് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതൃയോഗം വിവിധ സമുദായ സംഘടനകളെ സംഘടിപ്പിച്ച് യോജിച്ച പ്രക്ഷോഭം നടത്താനും യോഗം പദ്ധതി തയാറാക്കി സമിതി രൂപീകരിച്ചിരുന്നു. സാമ്പത്തിക സംവരണത്തിനെതിരെ പ്രക്ഷോഭം നടത്താന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത നേതൃയോഗത്തിന്റെ തീരുമാനം. യാതൊരു പഠനത്തിന്റെയും അടിസ്ഥാനമില്ലാതെയുള്ള മുന്നാക്ക സംവരണം ഉദ്യോഗ, വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് സമസ്തയുടെ വിലയിരുത്തല്‍. മെഡിക്കല്‍, എന്‍ജിനീയറിങ്, ഹയര്‍ സെക്കന്‍ഡറി പ്രവേശനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ലിസ്റ്റുകളില്‍ തന്നെ വലിയ രീതിയില്‍ സംവരണ അട്ടിമറിയും മെറിറ്റ് അട്ടിമറിയും കണ്ടെത്തിയിരുന്നു. സംവരണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഉദ്യോഗ മേഖലയില്‍ മുസ്ലിം, ദലിത് വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തത്. മെറിറ്റ് സീറ്റില്‍ നിന്ന് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പറയുന്ന സര്‍ക്കാര്‍ 20 ശതമാനം സീറ്റാണ് പിന്നാക്കര്‍ക്ക് കൂടി അവകാശപ്പെട്ട മെറിറ്റ് സീറ്റില്‍ നിന്ന് കവര്‍ന്നെടുത്തത്. പിന്നാക്ക സംവരണ അട്ടിമറിയോടൊപ്പം സവര്‍ണ ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമായി തയ്യാറാക്കിയ ഈ മെറിറ്റ് അട്ടിമറി ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്നും നേതൃയോഗം വിലയിരുത്തുകയുണ്ടായി. സമാന കാഴ്ച്ചപ്പാടുമായാണ് മറ്റ് മുസ്ലീം സംഘടനാ നേതാക്കളും ഇന്ന് സംയുക്ത യോഗത്തിനെത്തിയത്.

മുന്‍പ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്താനായാണ് മുസ്ലീം സംഘടനകള്‍ ഒരേ കുടക്കീഴില്‍ അണി നിരന്നിട്ടുള്ളത്. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരവേ മുസ്ലീം സംഘടനകളും പിന്നോക്ക ദളിത് വിഭാഗങ്ങളും എല്‍ഡിഎഫില്‍ നിന്ന് അകലുന്നത് മുന്നണിയ്ക്ക് ദോഷകരമാകും. സാമ്പത്തിക സംവരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ മുന്‍പേ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സാമൂഹിക ചിന്തകന്‍ സണ്ണി എം കപിക്കാടിന്റെ പ്രതികരണം. മുന്നോക്ക വിഭാഗങ്ങളുടെ വോട്ടു ബാങ്ക് ലക്ഷ്യമാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് സംവരണത്തിന്റെ ഭരണഘടന അടിത്തറ തകര്‍ക്കലാണെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകള്‍ ഇത്തരം നടപടികളുമായി മുന്നോട്ടുപോയാല്‍ നമ്മുടെ രാജ്യത്ത് ഈ ആശയവും പ്രസ്ഥാനവും തീരെ ഇല്ലാതാകുമെന്നും കൂറിലോസ് പറയുകയുണ്ടായി.