
തിരുവനന്തപുരത്ത് വീട്ടമ്മയുടെ വ്യാജനഗ്ന ഫോട്ടോ സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ച സംഭവത്തില് പ്രമുഖ സീരിയല് നടനും തിരുവനന്തപുരം മെഡിക്കല് കോളേജിലെ ഡോക്ടറും അറസ്റ്റില്.
വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്പത്യജീവിതം തകര്ക്കുന്നതിനായി വ്യാജ പേരുകളില് നിന്നും കത്തുകള് അയച്ചു ശല്യം ചെയ്യുകയും ചെയ്തുവെന്ന പരാതിയിലാണ് ഡോക്ടറെയും നടനെയും അറസ്റ്റ് ചെയ്തത്.
മെഡിക്കൽ കോളജ് ദന്തവിഭാഗത്തിൽ ജോലിചെയ്യുന്ന ഡോ.സുബു, സീരിയൽ നടൻ ജസ്മീർ ഖാൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒന്നാം പ്രതിയായ ഡോ.സുബുവിന്റെ ബന്ധുവാണ് യുവതി. നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് കുടുംബജീവിതം തകർത്ത് യുവതിയെ സ്വന്തമാക്കുകയായിരുന്നു സുബുവിന്റെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.
ഈ കേസുമായി ബന്ധപ്പെട്ട് വ്യാജ സിം കാര്‍ഡുകള്‍ തരപ്പെടുത്തി കൊടുത്ത മൊബൈൽ കടയുടമ ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാർഡ് ഉപയോഗിച്ചാണ് കാർഡുകൾ തരപ്പെടുത്തിയത്. പരാതി ലഭിച്ച് രണ്ടു ദിവസത്തിനുള്ളില്‍ എസിപി പതാപചന്ദ്രന്‍ നായരുടെ നിര്‍ദേശപ്രകാരം ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാകേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.