Covid-19

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. 20 പേര്‍ മരിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.  57879  പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3997 പേര്‍ സമ്പര്‍ക്കം വഴി രോഗം.

ഉറവിടം അറിയാത്ത രോഗികള്‍ 249. 67 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.36027 സാമ്പിള്‍ 24 മണിക്കൂറില്‍ പരിശോധിച്ചു. 3847 പേര്‍ രോഗമുക്തി നേടി.

ഇതുവരെ 1,79,922 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 57879 ആക്ടീവ് കേസുകള്‍. വലിയ തോതിലുള്ള വ്യാപനത്തിലേക്ക് പോകുമെന്ന ആശങ്കയാണ് നിലവില്‍. ഇന്നലെ 7000ത്തിലേറെ കേസുണ്ടായി. ഇന്ന് ഫലം എടുത്തത് നേരത്തെയാണെന്നും അതുകൊണ്ടാവാം കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ ബാക്കിയുള്ള റിസള്‍ട്ടുകള്‍ കൂടി നാളത്തെ കണക്കില്‍ വരും. ഇത്രയും നാള്‍ രോഗവ്യാപന തോത് നിര്‍ണയിക്കുന്നതില്‍ കേരളം മുന്നിലായിരുന്നു. അതിനാണ് ഇളക്കം വന്നത്.

ശരാശരി 20 ദിവസത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു. ഇന്ന് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. വിവിധ വകുപ്പ് മേധാവികളും പൊലീസുകാരും ജില്ലാ കളക്ടര്‍മാരും എസ്പിമാരും പങ്കെടുത്തു. പത്ത് ലക്ഷത്തില്‍ 5431എന്ന നിലയിലാണ് ജനസംഖ്യയോട് താരതമ്യം ചെയ്യുമ്പോള്‍ രോഗബാധ. 5482 ആണ് ഇന്ത്യന്‍ ശരാശരി. മരണനിരക്ക് ദേശീയ ശരാശരി 1.6 ശതമാനം. കേരളത്തിലത് 0.4 ശതമാനം മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു

രോഗബാധ വര്‍ധിച്ചതിനൊപ്പം മരണനിരക്കും വര്‍ധിച്ചു. വ്യാപനം തടഞ്ഞാലേ മരണം കുറയ്ക്കാനാവൂ. രോഗം കൂടുന്നു. നേരിടാനാവശ്യമായ സജ്ജീകരണങ്ങള്‍ ശക്തമാക്കുന്നു. വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടാവുന്നത്. വ്യാപനം തടയല്‍ പ്രധാനമാണ്. വ്യാപന സാധ്യത കുറയ്ക്കാനുള്ള ഇടപെടല്‍ നേരത്തെ തീരുമാനിച്ചതാണ്. കേരളത്തിന്റെ അന്തരീക്ഷം മാറിയത് ഇത് നടപ്പാക്കാന്‍ കാരണമായി. പൊലീസിന് ക്രമസമാധാനം വലിയ തോതില്‍ ശ്രദ്ധിക്കേണ്ടി വന്നു. അടിസ്ഥാനപരമായി ഇത് തടസമായി. ഇനി കാത്തുനില്‍ക്കാന്‍ സമയമില്ല. കര്‍ശന നടപടികളിലേക്ക് നീങ്ങാനുള്ള സമയമായി.

സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. കടകളില്‍ കടയുടമക്കെതിരെ നടപടിയെടുക്കും. കടയ്ക്ക് അകത്ത് നില്‍ക്കാവുന്നതിലും കൂടുതല്‍ പേരുണ്ടെങ്കില്‍ പുറത്ത് ക്യൂവായി നില്‍ക്കണം. ഇത്തരത്തില്‍ കടയുടമയ്ക്ക് ഉത്തരവാദിത്തം വരും. അത് നിറവേറ്റിയില്ലെങ്കില്‍ നടപടിയെടുക്കും. അത് അതേ രീതിയില്‍ നടപ്പിലാക്കുന്നതിന് കേരളത്തിന്റെ അന്തരീക്ഷത്തില്‍ വന്ന മാറ്റം തടസം സൃഷ്ടിച്ചു. ഇത് പാലിച്ചില്ലെങ്കില്‍ കടയ്ക്ക് നേരെ നടപടിയെടുക്കും. കട അടച്ചിടും.

കല്യാണത്തിന് 50 പേരാണ് കൂടാവുന്നത്. ശവദാഹത്തിന് 20 പേര്‍ എന്ന് നേരത്തെ കണക്കാക്കിയതാണ്. ഇത് അതേ നിലയില്‍ നടപ്പിലാക്കണം. ഇതിലും മാറ്റം വരുന്നുണ്ട്. അത് സമ്മതിക്കാനാവില്ല. ആള്‍ക്കൂട്ടം പല തരത്തില്‍ പ്രയാസമുണ്ടാക്കുന്നു. അതാണ് വ്യാപനത്തിന് കാരണം.

ഇന്ന് റിവ്യൂ മീറ്റിങില്‍ ഒരു കളക്ടര്‍ പറഞ്ഞത്, ഒരു ശവദാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കൊവിഡ് ബാധിച്ചുവെന്നാണ്. ഇത് പ്രോട്ടോക്കോള്‍ പാലിക്കാതെ വരുന്നതാണ്. ഇത് ലംഘിക്കുന്നവര്‍ക്ക് എതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാകും. ഇന്നുള്ള സംവിധാനം മാത്രം പോര.

സര്‍ക്കാര്‍ സര്‍വീസില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നല്ല രീതിയില്‍ ഇക്കാര്യത്തില്‍ സഹായിക്കാനാവുന്നവരാണ്. അത്തരം ആളുകളുടെ പട്ടിക തയ്യാറാക്കും. പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം ഇവര്‍ക്ക് നല്‍കും. പ്രത്യേകമായ ചില അധികാരങ്ങളും തത്കാലം നല്‍കും. അത്തരത്തിലൊരു ഇടപെടല്‍ സംസ്ഥാനത്താകെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉണ്ടാകണം.

മാസ്‌ക് ധരിക്കാത്ത ആളുകളുണ്ടാകുന്നു. പിഴ വര്‍ധിപ്പിക്കേണ്ടതായി വരും. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്താകമാനം 225 കൊവിഡ് സിഎഫ്എല്‍ടിസികളുണ്ട്. രോഗലക്ഷണം കുറഞ്ഞതോ ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും കേന്ദ്രങ്ങളിലായി 32979 കിടക്കകളുണ്ട്. 19478 എണ്ണത്തില്‍ രോഗികളെ ചികിത്സിക്കുന്നുണ്ട്. കൊവിഡ് മുക്തര്‍ക്ക് പല അസുഖം വരുന്നുണ്ട്. പോസ്റ്റ് കൊവിഡ് ക്ലിനിക് ആരംഭിക്കും.

രോഗലക്ഷണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 38 കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും സ്ഥാപിച്ചു. 18 ഇടത്ത് അഡ്മിഷന്‍ തുടങ്ങി. 669 രോഗികളെ അഡ്മിറ്റ് ചെയ്തു. ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ സിലിണ്ടര്‍ തുടങ്ങിയ സൗകര്യമെല്ലാം പരമാവധി ഒരുക്കി.

ഇപ്പോള്‍ കോഴിക്കോട് ജില്ലയിലാണ് സ്ഥിതി ഗുരുതരം. 918 പേര്‍ക്ക് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. 900 സമ്പര്‍ക്കം. കോട്ടയത്ത് എല്ലാ മുനിസിപ്പാലിറ്റികളും ഭൂരിഭാഗം ഗ്രാമ പഞ്ചായത്തിലും കൊവിഡ് ബാധിതരുണ്ട്. മൂന്ന് ദിവസമായി രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നു; അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

buy windows 11 pro test ediyorum