LogoLoginKerala

പാർട്ടിയും രണ്ടില ചിഹ്നവും കിട്ടി; വിലപേശൽ തന്ത്രവുമായി ജോസ് കെ മാണി

പാര്ട്ടിയുടെ പേരും രണ്ടില ചിഹ്നവും അനുവദിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മിഷന് വിധിയോടെ ഔദ്യോഗിക പക്ഷമായി മാറിയ കേരളകോണ്ഗ്രസ് ജോസ് വിഭാഗത്തെ ഒപ്പം കൂട്ടാന് മുന്നണികൾ നീക്കം സജീവമാക്കി. ഡിമാന്ഡ് വര്ദ്ധിച്ചതോടെ വില പേശല് തന്ത്രവുമായി ഇരുപക്ഷങ്ങൾക്കും പിടി കൊടുക്കാതെ നില്ക്കുകയാണ് ജോസ് കെ മാണി. യു.ഡി.എഫില് നിന്ന് സാങ്കേതികമായി പുറത്താക്കിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന് വിധിയോടെ മാറി ചിന്തിക്കാന് യു.ഡി.എഫ് നേതാക്കള് നിര്ബന്ധിതരായി. അതിനാൽ ഇന്നലെ ചേരാനിരുന്ന യു.ഡി.എഫ് യോഗവും മാറ്റിയിരുന്നു. ജോസുമായി മദ്ധ്യസ്ഥ ചര്ച്ച വേണമെന്ന ആവശ്യം മുസ്ലീം …
 

പാര്‍ട്ടിയുടെ പേരും രണ്ടില ചിഹ്നവും അനുവദിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിയോടെ ഔദ്യോഗിക പക്ഷമായി മാറിയ കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തെ ഒപ്പം കൂട്ടാന്‍ മുന്നണികൾ നീക്കം സജീവമാക്കി. ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ വില പേശല്‍ തന്ത്രവുമായി ഇരുപക്ഷങ്ങൾക്കും പിടി കൊടുക്കാതെ നില്‍ക്കുകയാണ് ജോസ് കെ മാണി.

യു.ഡി.എഫില്‍ നിന്ന് സാങ്കേതികമായി പുറത്താക്കിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിയോടെ മാറി ചിന്തിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ നിര്‍ബന്ധിതരായി. അതിനാൽ ഇന്നലെ ചേരാനിരുന്ന യു.ഡി.എഫ് യോഗവും മാറ്റിയിരുന്നു. ജോസുമായി മദ്ധ്യസ്ഥ ചര്‍ച്ച വേണമെന്ന ആവശ്യം മുസ്ലീം ലീഗ് മുന്നോട്ട് വച്ചതോടെ അടുത്ത യു.ഡി.എഫ് യോഗത്തിൽ ജോസ് വിഭാഗത്തെ പുറത്താക്കാനുള്ള തീരുമാനം പുന:പരിശോധിച്ച്‌ മുന്നണിയില്‍ തിരിച്ചു കൊണ്ടു വരാനുള്ള നീക്കം നടത്തും.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തില്‍ ഇടതു മുന്നണിയുമായി രഹസ്യ ധാരണ ഉണ്ടാക്കാനുള്ള ചര്‍ച്ചകള്‍ ജോസ് വിഭാഗം നടത്തിയിരുന്നു. അത് തുടരാനാണ് ഇടതു മുന്നണി ആലോചന. ജോസ് വിഭാഗം യു.ഡിഎഫിലേക്ക് പെട്ടെന്ന് തിരിച്ചു പോകില്ലെന്നും അവര്‍ കരുതുന്നു. തിരിച്ചു പോയാലും ജോസഫ് വിഭാഗവുമായുള്ള പോര് തുടരുന്നത് യു.ഡി.എഫില്‍ പ്രതിസന്ധിയുണ്ടാക്കും. അത് ഗുണകരമാകുക തങ്ങള്‍ക്കാവുമെന്നും ഇടതു മുന്നണിയില്‍ വിലയിരുത്തലുണ്ട്.

ഇരു മുന്നണികളുമായി വിലപേശല്‍ നടത്തി കൂടുതല്‍ സ്ഥാനമാനങ്ങള്‍ വാഗ്ദാനം നല്‍കുന്ന മുന്നണിയില്‍ ചേര്‍ന്നാല്‍ മതിയെന്ന നിലപാടാണ് ജോസ് വിഭാഗത്തിനെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്കു മാത്രമായി നല്‍കിയാല്‍ യു.ഡി.എഫിലേക്ക് തിരിച്ചു വരുന്ന കാര്യം ചര്‍ച്ച ചെയ്താല്‍ മതിയെന്ന നിലപാടിലാണ് ജോസ് വിഭാഗം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിയോടെ തങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ യു.ഡി.എഫ് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.

എന്നാൽ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന ജോസഫ് വിഭാഗത്തെ പിണക്കാതെ ജോസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നത് പ്രശ്നമാകും. പ്രത്യേകിച്ചും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്ന് യു.ഡി.എഫിന് ജോസ് വിഭാഗം അവമതിപ്പുണ്ടാക്കിയ സാഹചര്യത്തില്‍. മാത്രമല്ല, ജോസ് വിഭാഗം വീണ്ടും എത്തിയാല്‍ ജോസഫ് ഗ്രൂപ്പുമായി സ്ഥിരം പ്രശ്നമുണ്ടാക്കി യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന സ്ഥിതി ഉണ്ടാകുമോയെന്ന സംശയവും നേതാക്കള്‍ക്കുണ്ട്. കൂടാതെ ജോസിന്റെ വിലപേശല്‍ അംഗീകരിച്ച്‌ പെട്ടെന്ന് തീരുമാനമെടുക്കേണ്ടെന്ന അഭിപ്രായവും യു.ഡി.എഫില്‍ ശക്തമാണ്.