Other News

പബ്‌ജിക്ക് പകരം അക്ഷയ് കുമാറിന്റെ ഫൗജി!

പബ്ജിയോട് മത്സരിക്കാൻ ഒരു തനി ഇന്ത്യൻ ഗെയിം അണിയറയിൽ തയ്യാറാകുന്നു. ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം ‘ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ് ഗാർഡ്‌സ്’ ആണ് ഒക്ടോബറിൽ എത്തുക. ഫൗജി എന്നാൽ ഹിന്ദിയിൽ സൈന്യം എന്നാണ് അർഥം.

അക്ഷയ് കുമാറിന്റെ നിർദേശങ്ങൾ കണക്കിലെടുത്ത് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി ഗെയിം തയ്യാറാക്കുന്നത്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ സംരംഭത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫൗജി ഗെയിം തയ്യാറാക്കുന്നത് എന്ന് ഗെയ്‌മിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ഗെയിം പുറത്ത് വന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യൻ സൈന്യത്തിലെ ധീരജവാന്മാർക്കായി പ്രവർത്തിക്കുന്ന ‘ഭാരത് കെ വീർ ട്രസ്റ്റ്’ എന്ന സംഘടനയ്ക്ക് നൽകും എന്നും നടൻ അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ സുരക്ഷാസേന അഭിമുഖീകരിക്കുന്ന യഥാർത്ഥ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഗെയിം തയ്യാറാക്കുന്നത് എന്ന് എൻകോർ ഗെയിംസ് വ്യക്തമാക്കുന്നു. ഷൂട്ടിംഗ് ഗെയിം ആയ ഫൗജിയുടെ ആദ്യ ലെവലിൽ ഗാൽവൻ താഴ്‌വരയായിരിക്കും പശ്ചാത്തലം എന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

“ഇന്ത്യയിലെ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ഗെയിമിംഗ് വിനോദത്തിന്റെ ഒരു പ്രധാന രൂപമായി മാറുകയാണ്. ഫൗജി ഉപയോഗിച്ച്, ഗെയിം കളിക്കുമ്പോൾ അവർ നമ്മുടെ സൈനികരുടെ ത്യാഗത്തെക്കുറിച്ച് മനസ്സിലാകുമെന്നും അതുവഴി രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് സംഭാവന നൽകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഒപ്പം ആത്മ നിർഭറിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാൻ നമുക്ക് ഓരോരുത്തർക്കും ഇതുവഴി സാധിക്കും” അക്ഷയകുമാർ കുറിച്ചു.

Related Articles

Back to top button

buy windows 11 pro test ediyorum