LogoLoginKerala

തൃശൂർ-തിരുവന്തപുരം ഓട്ടോ യാത്ര; വഞ്ചകൻ പോലീസ് വലയിൽ

തൃശൂരിൽ നിന്നു തിരുവനന്തപുരം വരെ ഓട്ടോയിൽ എത്തിയ ശേഷം പണം നൽകാതെ കടന്നു കളഞ്ഞ യാത്രക്കാരനെ പൊലീസ് പിടികൂടി. നെയ്യാറ്റിൻകര ബഥേൽ ഹൗസിൽ നിഷാദ് (27) ആണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവർ ചാലക്കുടി സ്വദേശി രേവതിന്റെ പരാതിയെ തുടർന്നാണ് നടപടി. ഓട്ടോക്കൂലിയും കടം വാങ്ങിയ പണവും ഉൾപ്പെടെ 7500 രൂപ നൽകാതെയാണ് നിഷാദ് മുങ്ങിയത്. കഴിഞ്ഞ 28നായിരുന്നു സംഭവം. രാത്രി 10.30ന് രേവതിനെ നിഷാദ് ഓട്ടം പോകാൻ വിളിച്ചു. അമ്മ മരിച്ചു, തിരുവനന്തപുരം വരെ കൊണ്ടു വിടാമോയെന്നായിരുന്നു …
 

തൃശൂരിൽ നിന്നു തിരുവനന്തപുരം വരെ ഓട്ടോയിൽ എത്തിയ ശേഷം പണം നൽകാതെ കടന്നു കളഞ്ഞ യാത്രക്കാരനെ പൊലീസ് പിടികൂടി. നെയ്യാറ്റിൻകര ബഥേൽ ഹൗസിൽ നിഷാദ് (27) ആണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവർ ചാലക്കുടി സ്വദേശി രേവതിന്റെ പരാതിയെ തുടർന്നാണ് നടപടി. ഓട്ടോക്കൂലിയും കടം വാങ്ങിയ പണവും ഉൾപ്പെടെ 7500 രൂപ നൽകാതെയാണ് നിഷാദ് മുങ്ങിയത്.

കഴിഞ്ഞ 28നായിരുന്നു സംഭവം. രാത്രി 10.30ന് രേവതിനെ നിഷാദ് ഓട്ടം പോകാൻ വിളിച്ചു. അമ്മ മരിച്ചു, തിരുവനന്തപുരം വരെ കൊണ്ടു വിടാമോയെന്നായിരുന്നു ചോദ്യം. കൈയിൽ പണമില്ലെന്നും സ്ഥലത്ത് എത്തിയിട്ട് പണം തരാമെന്നും പറഞ്ഞു. ബന്ധുവാണെന്നു ഫോണിലൂടെ പരിചയപ്പെടുത്തിയ ആളും പണം നൽകാമെന്ന് അറിയിച്ചതോടെ രേവത് തലസ്ഥാനത്തേക്ക് പുറപ്പെട്ടു. യാത്രാമധ്യേ നിഷാദിനു ഭക്ഷണവും വാങ്ങി നൽകി.

ഇതിനിടെ വഴിമധ്യേ പരിചയക്കാരനില്‍ നിന്നും രേവത് ആയിരം രൂപ കൂടി കടം വാങ്ങിയിരുന്നു. തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് ഈ ആയിരം രൂപയും നിഷാദ് രേവതിനോട് ചോദിച്ചു വാങ്ങി. ആശുപത്രിയില്‍ എത്തിയാലുടന്‍ ബന്ധുവിനോട് വാങ്ങി തിരികെ നല്‍കാമെന്നായിരുന്നു പറഞ്ഞത്.

തലസ്ഥാനത്ത് എത്തിയതോടെ ജനറൽ ആശുപത്രിയിലേക്കു പോകാമെന്നും അമ്മ അവിടെയാണ് ഉള്ളതെന്നും പറഞ്ഞു. അവിടെ എത്തി അകത്തേക്കു പോയ നിഷാദ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും തിരികെ വന്നില്ല. കാത്തിരുന്ന് സംശയമായപ്പോഴാണ് രേവത് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. രേവത് എഴുതിയ പരാതി പൊലീസ് കേട്ടു. ആശുപത്രിയുടെ സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്ന് തട്ടിപ്പുകാരന്റെ ചിത്രം കിട്ടി. ഈ ചിത്രം പിന്‍തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതിയെ കുടുക്കിയത്.