LogoLoginKerala

കരിപ്പൂർ അപകടം നിർഭാഗ്യകരം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കരിപ്പൂർ വിമാന അപകടം നിർഭാഗ്യകരമായ സംഭവം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ഗവർണർ ആരിഫ് മുഹമ്മദ് അലി ഖാനോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. അവിചാരിതമായി ഇത്തരത്തിൽ ദുരന്തങ്ങൾ സംസ്ഥാനത്ത് സംഭവിക്കുന്നു. 190 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. 184 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ആണ് ഉണ്ടായിരുന്നത്. സംഭവത്തിൽ …
 

കരിപ്പൂർ വിമാന അപകടം നിർഭാഗ്യകരമായ സംഭവം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ഗവർണർ ആരിഫ് മുഹമ്മദ് അലി ഖാനോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.

അവിചാരിതമായി ഇത്തരത്തിൽ ദുരന്തങ്ങൾ സംസ്ഥാനത്ത് സംഭവിക്കുന്നു. 190 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. 184 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ആണ് ഉണ്ടായിരുന്നത്. സംഭവത്തിൽ വിശദമായ പരിശോധന നടക്കുന്നുണ്ട്. ഡിജിസിഎയാണ് അന്വേഷിക്കുന്നത്.

18 പേർക്ക് ജീവൻ നഷ്ടമായി. അതിൽ 14 മുതിർന്നവരും നാല് കുട്ടികളും ആണുള്ളത്. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. മുതിർന്നവരിൽ തന്നെ ഏഴ് വനിതകളും ഏഴ് പുരുഷന്മാരുമാണുള്ളത്. മരിച്ചവരിൽ ജില്ല തിരിച്ചുള്ള വിവരം അനുസരിച്ച് കോഴിക്കോട്-8, മലപ്പുറം- 6, പാലക്കാട്-2 എന്നിങ്ങനെയാണുള്ളത്. മരണപ്പെട്ടവരിൽ ഒരാൾ കൊവിഡ് പോസിറ്റീവാണ്.

23 പേരുടെ നില ഗുരുതരമാണ്. 149 പേർ ആശുപത്രിയിൽ പരുക്കുകളോടെ പ്രവേശിപ്പിക്കപ്പെട്ടു. 23 പേർ ഡിസ്ചാർജായി. ആശുപത്രികളുടെ ചുമതല കളക്ടർക്കും സബ്കളക്ടർക്കും നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിലപ്പെട്ട 18 ജീവനാണ് നഷ്ടമായത്. ആ ഞെട്ടലോടെ തന്നെ, സാധാരണ ഇത്തരം അപകടം ഉണ്ടായാൽ സംഭവിക്കുന്ന ഒരു കാര്യം സംഭവിച്ചില്ല, പൊട്ടിത്തെറിയിൽ എത്താത്തത് ആശ്വാസകരമായ കാര്യമാണെന്നും മുഖ്യമന്ത്രി. അതിശയകരമായ സുരക്ഷാ പ്രവർത്തനമാണ് നടന്നത്. സമൂഹത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഏജൻസികളും നാട്ടുകാരും വേഗത്തിൽ രക്ഷാ പ്രവർത്തനം പൂർത്തിയാക്കി. വേദനാജനകമാണ് സംഭവമാണിത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും എല്ലാം വേദനയില്‍ പങ്കുചേർന്നു. പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചുവെന്നും മുഖ്യമന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഒപ്പമാണ് കോഴിക്കോട് മെഡിക്കൽ കോളജ് സന്ദർശിച്ചത്. സ്പീക്കർ പി ശ്രീരാമകൃഷ്ണനും അഞ്ച് മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും സംഘത്തിലുണ്ട്. മന്ത്രിമാർ വിവിധ ആശുപത്രികൾ സന്ദർശിക്കും. മന്ത്രി എ കെ ശശീന്ദ്രൻ മെട്രോ ഹോസ്പിറ്റൽ സന്ദർശനം നടത്തുകയാണ്. ഇനി മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളത്തിലെത്തും.