LogoLoginKerala

ബാലഭാസ്ക്കറിന്റെ മരണം; ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി സിബിഐ

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിൽ ദുരൂഹതകൾ തുടരുകയാണ്. അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുന്നു. തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് സ്വർണക്കടത്ത് സംഘത്തിന് ബാലുവിന്റെ മരണവുമായി ബന്ധമുണ്ടെന്ന് മാധ്യമറിപ്പോർട്ടുകൾ വരുന്നു. അതേസമയം ബാലുവിന്റെ ഭാര്യ ലക്ഷ്മി കേസുമായി ബന്ധപ്പെട്ട പ്രമാദമായ വിവരങ്ങൾ അന്വേഷണസംഘത്തോടും മറ്റുള്ളവരോടും മറച്ചുവെച്ചു എന്നും ആരോപണങ്ങൾ ഉയരുന്നു. സിബിഐ അന്വേഷണം തുടങ്ങിയത് തന്നെ ലക്ഷിമിയുടെ മൊഴി എടുത്തതുകൊണ്ടാണ്. അപകടം ഉണ്ടാക്കിയ യാത്രയെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രാഥമികമായി സിബിഐ സംഘം ലക്ഷ്മിയിൽ നിന്ന് ശേഖരിച്ചത്. വരുംദിവസങ്ങളിൽ ആവശ്യം വന്നാൽ സിബിഐക്ക് ലക്ഷ്മിയെ ചോദ്യം ചെയ്യേണ്ടി …
 

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിൽ ദുരൂഹതകൾ തുടരുകയാണ്. അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുന്നു. തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് സ്വർണക്കടത്ത് സംഘത്തിന് ബാലുവിന്റെ മരണവുമായി ബന്ധമുണ്ടെന്ന് മാധ്യമറിപ്പോർട്ടുകൾ വരുന്നു. അതേസമയം ബാലുവിന്റെ ഭാര്യ ലക്ഷ്മി കേസുമായി ബന്ധപ്പെട്ട പ്രമാദമായ വിവരങ്ങൾ അന്വേഷണസംഘത്തോടും മറ്റുള്ളവരോടും മറച്ചുവെച്ചു എന്നും ആരോപണങ്ങൾ ഉയരുന്നു.

സിബിഐ അന്വേഷണം തുടങ്ങിയത് തന്നെ ലക്ഷിമിയുടെ മൊഴി എടുത്തതുകൊണ്ടാണ്. അപകടം ഉണ്ടാക്കിയ യാത്രയെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രാഥമികമായി സിബിഐ സംഘം ലക്ഷ്മിയിൽ നിന്ന് ശേഖരിച്ചത്. വരുംദിവസങ്ങളിൽ ആവശ്യം വന്നാൽ സിബിഐക്ക് ലക്ഷ്മിയെ ചോദ്യം ചെയ്യേണ്ടി വരുമെന്നും സൂചനകൾ പുറത്തുവരുന്നു. ബാലുവിന്റെ പിതാവിന്റെയും സഹോദരിയുടെയും ഉൾപ്പടെ കൂടുതൽ പേരുകളുടെ മൊഴികളും സിബിഐ രേഖപ്പെടുത്തും.

2019 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു ബാലാഭാസ്കറും ഭാര്യ ലക്ഷമിയും പതിനെട്ട് വര്‍ഷം കാത്തിരുന്ന് കിട്ടിയ ഒന്നരവയസുകാരി മകളും അപകടത്തിൽപെട്ടത്. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തില്‍ പൂജയ്ക്കായി എത്തിയതായിരുന്നു ബാലഭാസ്കറും കുടുംബവും. വഴിപാടുകള്‍ പത്തരയോടെ പൂര്‍ത്തിയായി. താമസിക്കാനായി തൃശൂരിൽ ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നെങ്കിലും അതൊഴിവാക്കി രാത്രി തന്നെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തിരക്കുകൾ ഒട്ടും ഇല്ലാതിരുന്നിട്ടും എന്തിനായിരുന്നു ആ രാത്രിയിലെ യാത്ര? ബാലഭാസ്കർ കേസിലെ ദുരൂഹതകള്‍ അവിടെ തുടങ്ങുകയാണ്. ആരെങ്കിലും രാത്രിയാത്രക്ക് ബാലഭാസ്കറിനെ നിർബന്ധിച്ചിരുന്നോ? അല്ലെങ്കില്‍ എന്തെങ്കിലും വിലപിടിപ്പുള്ള സാധനങ്ങള്‍ ആ രാത്രിയിൽ തന്നെ എവിടെയെങ്കിലും എത്തിക്കാന്‍ ബാലഭാസ്കര്‍ നിയോഗിക്കപ്പെട്ടിരുന്നോ?

ബാലുവിന്റെയും ഒന്നരവയസ്സുള്ള മകളുടെയും മരണം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോഴാണ്‌ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. സിബിഐ എസ്പി നന്ദകുമാരൻ നായരുടെയും ഡിവൈഎസ്പി അനന്തകൃഷ്ണന്റെയും നേതൃത്വത്തിൽ സംഘം രണ്ടര മണിക്കൂറോളം ലക്ഷ്മിയുമായി സംസാരിച്ചു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലക്ഷ്മിയുടെ മൗനവും പരസ്പര വിരുദ്ധമായ മൊഴികളും ദുരൂഹതകൾ സൃഷ്ടിക്കുന്നുണ്ട്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആയിരുന്നെന്ന് ലക്ഷമി മൊഴി നൽകിയിരുന്നു. എന്നാൽ ബാലുവാണ് കാർ ഓടിച്ചിരുന്നതെന്ന് അർജുൻ പറയുന്നു. ഇവർ രണ്ടുപേരുമല്ല മൂന്നാമതൊരാളാണ് കാർ ഓടിച്ചിരുന്നതെന്ന് സാക്ഷി കലാഭവൻ സോബി വെളിപ്പെടുത്തുന്നു.

ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. അപകടസമയത്ത് ബാലഭാസ്ക്കറിന്റെ കാറില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണവും പണവും. തൃശൂരിൽ നിന്ന് പുറപ്പെടുമ്പോള്‍ ബാലഭാസ്‍കറിന്റെ കൂടെയുണ്ടായിരുന്നവരുടെ സാന്നിധ്യം. വാഹനം ഓടിച്ച ഡ്രൈവര്‍ അർജുനിന്റെ ക്രിമിനൽ പശ്ചാത്തലവും വൈരുധ്യമുള്ള മൊഴികളും ഒളിച്ചോട്ടവും. ഏറ്റവും ഒടുവില്‍ ബാലഭാസ്കറിന്റെ മാനേര്‍ജമാരും സുഹൃത്തുക്കളുമായ പ്രകാശന്‍ തമ്പിയുടേയും വിഷ്ണു സോമസുന്ദരത്തിന്റെയും സ്വര്‍ണക്കടത്ത് മാഫിയയുമായുള്ള ബന്ധം. ബാലുവിന്റെ സമ്മാനമായ മൊബൈൽ എന്തിനാണ് ലക്ഷ്മി തമ്പിക്ക് നൽകിയത് ? സ്വർണക്കടത്ത് മാഫിയമായി ലക്ഷ്മിക്ക് ബന്ധം ഉണ്ടായിരുന്നോ?

എന്തായാലും ബാലഭാസ്കറിന്റെ കുടുംബം ഉന്നയിച്ച സംശയങ്ങളില്‍ സിബിഐ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. അതേസമയം അവിചാരിതമായി അപകടസ്ഥലത്ത് എത്തിയ കലാഭവന്‍ സോബി താന്‍ നേരില്‍ കണ്ട സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടും പൊലീസ് കാര്യമായെടുത്തില്ല. അപകടമരണമെന്ന് വരുത്തിതീര്‍ക്കാന്‍ നേരത്തെ ഉറപ്പിച്ചമട്ടിലായിരുന്നു ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും.
ബാലഭാസ്കറിന്റേത് ആസൂത്രിത കൊലപാതകമാണെന്ന ആരോപണവുമായി പിതാവ് കെ.സി ഉണ്ണിയും രംഗത്തെത്തിയിരുന്നു. പക്ഷേ ക്രൈംബ്രാഞ്ചിനു താല്‍പര്യം ബാലഭാസ്കറിന്റേത് ഒരു സാധാരണ അപകടമരണമെന്ന് എഴുതിതീർക്കാനായിരുന്നു.

ബാലഭാസ്കർ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂട്ടിക്കെട്ടാൻ തീരുമാനിച്ചപ്പോഴാണ് ആകസ്മികമായി തെളിവുകള്‍ സ്വര്‍ണക്കടത്തിന്റെ രൂപത്തില്‍ ഉയർന്നുപൊങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടിച്ച കേസില്‍ സ്വര്‍ണക്കടത്ത് മാഫിയയുടെ മുഖ്യകണ്ണിയായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയത് ബാലഭാസ്കറിന്റെ എല്ലാമായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും. ബാലഭാസ്കറിന്റെ മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് ആരോപണമുന്നയിച്ച ബാലഭാസ്കറിന്റെ തന്നെ രണ്ട് ആത്മാര്‍ഥ സുഹൃത്തുക്കൾ.

ബാലഭാസ്കറിന്റെ അളവറ്റ സമ്പത്ത്, സുഹൃത്തുക്കള്‍ പ്രത്യേകിച്ച് പ്രകാശന്‍ തമ്പിയും വിഷ്ണുവും കൈക്കലാക്കിയിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാലഭാസ്കറുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന പാലക്കാട് പൂന്തോട്ടം കുടുംബത്തിന്റെ ഇടപാടുകളും സംശയത്തിലാണ്. ഇതാണ് അപകടം ആസൂത്രിതമാണെന്ന് കുടുംബം ഉയര്‍ത്തുന്ന പ്രധാന പരാതി. ഇതിന് ആക്കം കൂട്ടുന്നതാണ് സ്വര്‍ണക്കടത്തോടെ തെളിഞ്ഞ പ്രകാശന്‍ തമ്പിയുടെയും വിഷ്ണുവിന്റെയും ക്രിമിനല്‍ പശ്ചാത്തലം. ബാലഭാസ്കറുമായി ഇവര്‍ക്കെല്ലാം സാമ്പത്തിക ഇടപാടുണ്ടായിരുന്നൂവെന്ന് സൂചനകളുണ്ട്.

ബാലഭാസ്കറിന്റെ വാഹനത്തില്‍ നിന്ന് കിട്ടിയ സ്വര്‍ണവും പണവും സ്വര്‍ണക്കടത്ത് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. കുഞ്ഞിന്റെയും ലക്ഷമിയുടെയും ആഭരണങ്ങളാണെന്നും ബാലഭാസ്കറിന്റെ പണമാണെന്നും ബന്ധുക്കളുടെ മൊഴിയുണ്ട്. എന്നാല്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍ എന്തിന് ഇത്രയധികം സ്വര്‍ണം കൊണ്ടുപോയി. എന്തിന് ഇത്രയധികം പണം കെട്ടുകളായി കയ്യില്‍ കരുതി? സംശയം നീളുന്നത് സ്വര്‍ണക്കടത്തിലേക്കാണ്. ആത്മാര്‍ഥ സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്തിലെ പ്രതികൾ, സാമ്പത്തിക ക്രമക്കേടില്‍ പങ്കാളികളായവരുടെ അടുത്ത് നിന്ന് തുടങ്ങിയ അന്നത്തെ ബാലഭാസ്കറിന്റെ യാത്ര…

ബാലഭാസ്കറിന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ അറിയാവുന്നതും ലക്ഷ്മിക്കാണ്, ഇനി അവശേഷിക്കുന്നതും പറയാന്‍ കഴിയുന്നതും ലക്ഷ്മിക്ക് മാത്രമാണ്. പക്ഷേ ലക്ഷ്മി ഇതുവരേയും ഒന്നും വെളിപ്പെടുത്തിയിട്ടില്ല. സ്വര്‍ണക്കടത്തിന് പിടിയിലായതോടെ പ്രകാശന്‍ തമ്പി സംശങ്ങളുടെ കേന്ദ്രമായി മാറി. വീട്ടുകാര്‍ പോലും അറിയും മുന്‍പ് ബാലഭാസ്കറിന്റെ അപകടം അറിഞ്ഞയാള്‍, അപകടത്തിന് മുന്‍പ് ബാലഭാസ്കര്‍ അവസാനമായി വിശ്രമിച്ച ജ്യൂസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ തമ്പി ശേഖരിച്ചതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ദൃശ്യങ്ങള്‍ തമ്പിയാണ് ശേഖരിച്ചതെന്ന ആദ്യമൊഴി കടയുടമ തിരുത്തിയതും ആരുടെയോ സ്വാധീനത്തിലാണെന്ന് വ്യക്തം. പക്ഷേ പോലീസ് ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല.

എന്തായാലും ആരോപണങ്ങള്‍ ഒക്കെ ചെന്നുനില്‍ക്കുന്നത് ആസൂത്രിത അപകടവും ആസൂത്രിത കൊലപാതകവും എന്ന നിഗമനത്തിലേക്കാണ്. കോടികൾ ഇറക്കി ആരേയും വിലക്കുവാങ്ങാൻ ശേഷിയുള്ള കേരളത്തിലെ സ്വര്‍ണക്കടത്ത് സംഘം തടയിട്ടില്ലെങ്കില്‍ ബാലഭാസ്കറിന് നീതി ലഭിക്കും. സിബിഐ മനസ്സുവെച്ചാൽ ഇനി വൈകില്ല, ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുളള ദുരൂഹതകള്‍ വൈകാതെ മറനീക്കി പുറത്തുവരിക തന്നെ ചെയ്യും.