LogoLoginKerala

ദുരൂഹതകൾ ഒഴിയുന്നില്ല; ബാലഭാസ്കറിന്റേത് കൊലപാതകമോ?

മലയാളികളുടെ പ്രിയങ്കരനായിരുന്ന സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം വീണ്ടും വാർത്തകളിൽ നിറയുന്നത് അതിലെ ഗൂഡാലോചനകളുടെയും ആസൂത്രിത കൊലപാതകത്തിന്റെയും സാധ്യതകളുമായാണ്. സ്വപ്ന സുരേഷും സന്ദീപും സരിത്തും ഉള്ക്കൊള്ളുന്ന സ്വർണക്കടത്ത് ക്രിമിനല് സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകമാണ് ബാലഭാസ്കറിന്റെ മരണം എന്ന സംശയത്തിലേക്കാണ് സൂചനകൾ നീളുന്നത്. സത്യം എത്രമൂടിവെച്ചാലും ഒരുനാള് പുറത്തുവരുമെന്ന് ഓർമിപ്പിച്ചുകൊണ്ട്, ബാലഭാസ്കറും ഒന്നരവയസുകാരി മകളും മരണത്തിന് കീഴടങ്ങിയിട്ട് ഒരു വര്ഷം ആകാറാകുമ്പോള് പുതിയ വെളിപ്പെടുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില് സിബിഐ അന്വേഷണം ഏറ്റെടുത്ത് കഴിഞ്ഞു. 2019 സെപ്റ്റംബര് …
 

മലയാളികളുടെ പ്രിയങ്കരനായിരുന്ന സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം വീണ്ടും വാർത്തകളിൽ നിറയുന്നത് അതിലെ ഗൂഡാലോചനകളുടെയും ആസൂത്രിത കൊലപാതകത്തിന്റെയും സാധ്യതകളുമായാണ്. സ്വപ്ന സുരേഷും സന്ദീപും സരിത്തും ഉള്‍ക്കൊള്ളുന്ന സ്വർണക്കടത്ത് ക്രിമിനല്‍ സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകമാണ് ബാലഭാസ്കറിന്റെ മരണം എന്ന സംശയത്തിലേക്കാണ് സൂചനകൾ നീളുന്നത്.

സത്യം എത്രമൂടിവെച്ചാലും ഒരുനാള്‍ പുറത്തുവരുമെന്ന് ഓർമിപ്പിച്ചുകൊണ്ട്, ബാലഭാസ്കറും ഒന്നരവയസുകാരി മകളും മരണത്തിന് കീഴടങ്ങിയിട്ട് ഒരു വര്‍ഷം ആകാറാകുമ്പോള്‍ പുതിയ വെളിപ്പെടുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്ത് കഴിഞ്ഞു.

2019 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു ബാലാഭാസ്കറും ഭാര്യ ലക്ഷമിയും പതിനെട്ട് വര്‍ഷം കാത്തിരുന്ന് കിട്ടിയ ഒന്നരവയസുകാരി മകളും അപകടത്തിൽപെട്ടത്. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തില്‍ പൂജയ്ക്കായി എത്തിയതായിരുന്നു ബാലഭാസ്കറും കുടുംബവും. വഴിപാടുകള്‍ പത്തരയോടെ പൂര്‍ത്തിയായി. താമസിക്കാനായി തൃശൂരിൽ ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നെങ്കിലും അതൊഴിവാക്കി രാത്രി തന്നെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തിരക്കുകൾ ഒട്ടും ഇല്ലാതിരുന്നിട്ടും എന്തിനായിരുന്നു ആ രാത്രിയിലെ യാത്ര? ബാലഭാസ്കർ കേസിലെ ദുരൂഹതകള്‍ അവിടെ തുടങ്ങുകയാണ്. ആരെങ്കിലും രാത്രിയാത്രക്ക് ബാലഭാസ്കറിനെ നിർബന്ധിച്ചിരുന്നോ? അല്ലെങ്കില്‍ എന്തെങ്കിലും വിലപിടിപ്പുള്ള സാധനങ്ങള്‍ ആ രാത്രിയിൽ തന്നെ എവിടെയെങ്കിലും എത്തിക്കാന്‍ ബാലഭാസ്കര്‍ നിയോഗിക്കപ്പെട്ടിരുന്നോ?

തിരുവന്തപുരത്തേക്ക് രാത്രി മടങ്ങാനുള്ള തീരുമാനം ബാലഭാസ്കറിന്റേതായിരുന്നു എന്നാണ് സൂചനകൾ. രാത്രി 11.50നാണ് തൃശൂരില്‍ നിന്ന് യാത്ര തുടങ്ങുന്നത്. ഡ്രൈവര്‍ ചെയ്തിരുന്നത് അര്‍ജുനായിരുന്നു. സാക്ഷിമൊഴികൾ അതുറപ്പിച്ചിട്ടുണ്ട്. ലക്ഷമിയും മകളും മുൻസീറ്റിൽ. കുടുംബസമേതമുള്ള ദീര്‍ഘയാത്രകളിലെല്ലാം ലക്ഷമി ഈ സീറ്റിലാണ് ഇരിക്കാറെന്നാണ് ബന്ധുക്കളുടെ മൊഴി. പിന്നിൽ മധ്യഭാഗത്തുള്ള സീറ്റിലാണ് ബാലഭാസ്കർ ഇരുന്നത്.

സമയം അര്‍ധരാത്രിയോട് അടുത്തിരുന്നു. ബാലഭാസ്കറിന്റെ കാർ ചാലക്കുടിയിലെ സ്പീഡ് ക്യാമറയില്‍ പതിയുമ്പോള്‍ വേഗം 94 കിലോമീറ്റര്‍. കൊച്ചിയും ആലപ്പുഴയും പിന്നീട്ട് ഇരുനൂറ്റിമുപ്പതോളം കിലോമീറ്റര്‍ താണ്ടി അപകടസ്ഥലം വരെയെത്താന്‍ എടുത്തത് രണ്ട് മണിക്കൂര്‍ നാല്‍പത് മിനിറ്റ്. ഇതിനിടയില്‍ ആകെ വാഹനം നിര്‍ത്തിയത് കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയില്‍. 3.40ന് വാഹനം ആറ്റിങ്ങലെത്തി.

ആറ്റിങ്ങല്‍ മുതല്‍ വണ്ടിയുടെ ഓരോ നീക്കവും കണ്ട ഒരു ദൃക്സാക്ഷിയുണ്ട്, പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ഡ്രൈവർ അജി. ഈ ദൃക്സാക്ഷിയുടെ വാക്കുകൾ ചേര്‍ത്ത് പരിശോധിച്ചാല്‍ ബാലഭാസക്കറിന്റെ യാത്ര ഇങ്ങനെയാണ്.

“മുന്‍പിലുണ്ടായിരുന്ന ആ ചെറിയ കയറ്റം കയറി, പള്ളിപ്പുറത്തെ സിഗ്നല്‍ പിന്നിട്ട് വണ്ടി മുന്നോട്ട് നീങ്ങുകയാണ്. ഈ വാഹനത്തിന്റെ മുന്നില്‍ ഒരു വെള്ള സ്വിഫ്റ്റ് കാറുണ്ട്, പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസും. സിഗ്നല്‍ പിന്നിട്ട് ഏതാണ്ട് ഈ ഭാഗം എത്തിയപ്പോഴേക്കും വാഹനം വലത്തേക്ക് മാറിത്തുടങ്ങി. എതിര്‍വശത്ത് നിന്ന് വണ്ടികളൊന്നും വരുന്നില്ല. അന്‍പത്/അറുപത് കിലോമീറ്റര്‍ വേഗത്തില്‍ വലത് വശത്തേക്ക് നീങ്ങിയ കാർ ടാറിട്ട റോഡില്‍ നിന്ന് പുറത്ത് കടന്നു. ഇതോടെ വാഹനത്തിന്റെ വേഗം വീണ്ടും കൂടി. പിന്നീട് കുതിച്ച് പാഞ്ഞ് മരത്തിലിടിച്ചു”.

ബാലഭാസ്ക്കറിന്റെ ഒന്നരവയസ്സുകാരി മകൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാഴ്ച ആശുപത്രികിടക്കയില്‍ മരണത്തോട് മല്ലിട്ടെങ്കിലും ബാലഭാസ്കറും ഒടുവിൽ കീഴടങ്ങി.

ഇത്രയും കേട്ടാല്‍ ആര്‍ക്കും സംശയം തോന്നില്ല. പക്ഷേ ഇനിയാണ് ദുരൂഹതകള്‍ വര്‍ധിക്കുന്നത്. ബാലഭാസ്ക്കറിന്റെ കാറില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണവും പണവും. തൃശൂരിൽ നിന്ന് പുറപ്പെടുമ്പോള്‍ ബാലഭാസ്‍കറിന്റെ കൂടെയുണ്ടായിരുന്നവരുടെ സാന്നിധ്യം. വാഹനം ഓടിച്ച ഡ്രൈവര്‍ അർജുനിന്റെ ക്രിമിനൽ പശ്ചാത്തലവും വൈരുധ്യമുള്ള മൊഴികളും ഒളിച്ചോട്ടവും. ഏറ്റവും ഒടുവില്‍ ബാലഭാസ്കറിന്റെ മാനേര്‍ജമാരും സുഹൃത്തുക്കളുമായ പ്രകാശന്‍ തമ്പിയുടേയും വിഷ്ണു സോമസുന്ദരത്തിന്റെയും സ്വര്‍ണക്കടത്ത് മാഫിയയുമായുള്ള ബന്ധം.

എന്തായാലും ബാലഭാസ്കറിന്റെ കുടുംബം ഉന്നയിച്ച സംശയങ്ങളില്‍ സിബിഐ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. അതേസമയം അവിചാരിതമായി അപകടസ്ഥലത്ത് എത്തിയ കലാഭവന്‍ സോബി താന്‍ നേരില്‍ കണ്ട സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടും പൊലീസ് കാര്യമായെടുത്തില്ല. അപകടമരണമെന്ന് വരുത്തിതീര്‍ക്കാന്‍ നേരത്തെ ഉറപ്പിച്ചമട്ടിലായിരുന്നു ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും.
ബാലഭാസ്കറിന്റേത് ആസൂത്രിത കൊലപാതകമാണെന്ന ആരോപണവുമായി പിതാവ് കെ.സി ഉണ്ണിയും രംഗത്തെത്തിയിരുന്നു. പക്ഷേ ക്രൈംബ്രാഞ്ചിനു താല്‍പര്യം ബാലഭാസ്കറിന്റേത് ഒരു സാധാരണ അപകടമരണമെന്ന് എഴുതിതീർക്കാനായിരുന്നു.

ബാലഭാസ്കർ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂട്ടിക്കെട്ടാൻ തീരുമാനിച്ചപ്പോഴാണ് ആകസ്മികമായി തെളിവുകള്‍ സ്വര്‍ണക്കടത്തിന്റെ രൂപത്തില്‍ ഉയർന്നുപൊങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടിച്ച കേസില്‍ സ്വര്‍ണക്കടത്ത് മാഫിയയുടെ മുഖ്യകണ്ണിയായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയത് ബാലഭാസ്കറിന്റെ എല്ലാമായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും. ബാലഭാസ്കറിന്റെ മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് ആരോപണമുന്നയിച്ച ബാലഭാസ്കറിന്റെ തന്നെ രണ്ട് ആത്മാര്‍ഥ സുഹൃത്തുക്കൾ.

ബാലഭാസ്കറിന്റെ അളവറ്റ സമ്പത്ത്, സുഹൃത്തുക്കള്‍ പ്രത്യേകിച്ച് പ്രകാശന്‍ തമ്പിയും വിഷ്ണുവും കൈക്കലാക്കിയിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാലഭാസ്കറുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന പാലക്കാട് പൂന്തോട്ടം കുടുംബത്തിന്റെ ഇടപാടുകളും സംശയത്തിലാണ്. ഇതാണ് അപകടം ആസൂത്രിതമാണെന്ന് കുടുംബം ഉയര്‍ത്തുന്ന പ്രധാന പരാതി. ഇതിന് ആക്കം കൂട്ടുന്നതാണ് സ്വര്‍ണക്കടത്തോടെ തെളിഞ്ഞ പ്രകാശന്‍ തമ്പിയുടെയും വിഷ്ണുവിന്റെയും ക്രിമിനല്‍ പശ്ചാത്തലം. ബാലഭാസ്കറുമായി ഇവര്‍ക്കെല്ലാം സാമ്പത്തിക ഇടപാടുണ്ടായിരുന്നൂവെന്ന് സൂചനകളുണ്ട്.

എ.ടി.എം മോഷണക്കേസിലടക്കം പ്രതിയായ ഒരാൾ, സാമ്പത്തിക ഇടപാടില്‍ ആരോപണവിധേയരായ പൂന്തോട്ടം കുടുംബത്തിന്റെ ബന്ധു. അതാണ് മരണയാത്രയില്‍ ബാലഭാസ്കറിനൊപ്പമുണ്ടായിരുന്ന ഡ്രൈവർ അര്‍ജുന്റെ പശ്ചാത്തലം. അപകടസമയത്ത് വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് ലക്ഷമി ആവര്‍ത്തിച്ച് പറയുകയും അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തു. അര്‍ജുന്‍ പറയുന്നത് ബാലഭാസ്കറാണെന്നാണ്. ഇത് കള്ളമൊഴിയാണെന്ന് തെളിയുന്നതിനിടയിലാണ് പരുക്കേറ്റ് കിടന്ന അർജുൻ അസമിലേക്ക് മുങ്ങുന്നത്. ഇതോടെ ഉത്തരം കിട്ടാത്ത രണ്ട് സംശയങ്ങള്‍. അർജുൻ എന്തിന് കള്ളംപറഞ്ഞു, എന്തിന് ഒളിവില്‍ പോയി?

ബാലഭാസ്കറിന്റെ വാഹനത്തില്‍ നിന്ന് കിട്ടിയ സ്വര്‍ണവും പണവും സ്വര്‍ണക്കടത്ത് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. കുഞ്ഞിന്റെയും ലക്ഷമിയുടെയും ആഭരണങ്ങളാണെന്നും ബാലഭാസ്കറിന്റെ പണമാണെന്നും ബന്ധുക്കളുടെ മൊഴിയുണ്ട്. എന്നാല്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍ എന്തിന് ഇത്രയധികം സ്വര്‍ണം കൊണ്ടുപോയി. എന്തിന് ഇത്രയധികം പണം കെട്ടുകളായി കയ്യില്‍ കരുതി? സംശയം നീളുന്നത് സ്വര്‍ണക്കടത്തിലേക്കാണ്. ആത്മാര്‍ഥ സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്തിലെ പ്രതികൾ, സാമ്പത്തിക ക്രമക്കേടില്‍ പങ്കാളികളായവരുടെ അടുത്ത് നിന്ന് തുടങ്ങിയ അന്നത്തെ ബാലഭാസ്കറിന്റെ യാത്ര…

തിരുവനന്തപുരം സ്വർണക്കടത്ത് പ്രതി സരിത്തിനെ അപകടസ്ഥലത്ത് കണ്ടതില്‍ ചുറ്റിപ്പറ്റിയാണ് സിബിഐയുടെ അന്വേഷണത്തിന്റെ ആദ്യഘട്ടം. പോലീസിനെയും ക്രൈംബ്രാഞ്ചിനെയും ആദ്യഘട്ടത്തില്‍ മൊഴി നല്‍കി ബാലഭാസ്കറിന്റേത് അപകടമരണമെന്ന് ആദ്യമേ സ്ഥാപിച്ചെടുത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആരാണ്? ‘സി. അജി’ എന്ന് പേരുള്ള ഈ ഡ്രൈവറുടെ മൊഴി മുഖവിലക്കെടുത്താണ് പൊലീസ് അന്വേഷണം അപകടമെന്ന് ഉറപ്പിച്ചത്.  ഇയാൾ ഇന്ന് യുഎഇ കോണ്‍സുലേറ്റ് വഴി നിയമിതനായ ദുബായ് സര്‍ക്കാർ ഡ്രൈവറാണ്!

സത്യകഥ എന്താണെന്ന് വെച്ചാൽ, ബാലഭാസ്കറിന്റെ കാര്‍ ഓടിച്ചത് ആരെണന്ന് പോലും കൃത്യമായി നിഗമനത്തിലെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ള അര്‍ജുന്‍ പറയുന്നു കാർ ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്ന്. ലക്ഷ്മിയും മറ്റ് തെളിവുകളും പറയുന്നു അര്‍ജുനാണെന്ന്.

ബാലഭാസ്കറിന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ അറിയാവുന്നതും ലക്ഷ്മിക്കാണ്, ഇനി അവശേഷിക്കുന്നതും പറയാന്‍ കഴിയുന്നതും ലക്ഷ്മിക്ക് മാത്രമാണ്. പക്ഷേ ലക്ഷ്മി ഇതുവരേയും ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ലക്ഷ്മിയില്‍ നിന്ന് വിശദമായി മൊഴിയെടുക്കാനാണ് സിബിഐ തീരുമാനം. പിതാവ് ഉണ്ണിയുടേയും സഹോദരി പ്രിയയുടേയും മൊഴിയെടുക്കും. ബാലഭാസ്കറിന്റേത് കൊലപാതകമാണെന്ന് ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ വധഭീഷണിനേരിടുന്ന കലാഭവന്‍ സോബി അടക്കമുള്ളവരുടേയും വിശദമായ മൊഴിയെടുക്കും.

സ്വര്‍ണക്കടത്തിന് പിടിയിലായതോടെ പ്രകാശന്‍ തമ്പി സംശങ്ങളുടെ കേന്ദ്രമായി മാറി. വീട്ടുകാര്‍ പോലും അറിയും മുന്‍പ് ബാലഭാസ്കറിന്റെ അപകടം അറിഞ്ഞയാള്‍, അപകടത്തിന് മുന്‍പ് ബാലഭാസ്കര്‍ അവസാനമായി വിശ്രമിച്ച ജ്യൂസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ തമ്പി ശേഖരിച്ചതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ദൃശ്യങ്ങള്‍ തമ്പിയാണ് ശേഖരിച്ചതെന്ന ആദ്യമൊഴി കടയുടമ തിരുത്തിയതും ആരുടെയോ സ്വാധീനത്തിലാണെന്ന് വ്യക്തം. പക്ഷേ പോലീസ് ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല.

ആരോപണങ്ങള്‍ ഒക്കെ ചെന്നുനില്‍ക്കുന്നത് ആസൂത്രിത അപകടവും ആസൂത്രിത കൊലപാതകവും എന്ന നിഗമനത്തിലേക്കാണ്. കോടികൾ ഇറക്കി ആരേയും വിലക്കുവാങ്ങാൻ ശേഷിയുള്ള കേരളത്തിലെ സ്വര്‍ണക്കടത്ത് സംഘം തടയിട്ടില്ലെങ്കില്‍ ബാലഭാസ്കറിന് നീതി ലഭിക്കും. നിലവിൽ സ്വര്‍ണക്കടത്തില്‍ പിടിയിലായ സരിത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോവുക. സിബിഐ മനസ്സുവെച്ചാൽ ഇനി വൈകില്ല, ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുളള ദുരൂഹതകള്‍ മറനീക്കി പുറത്തുവരിക തന്നെ ചെയ്യും.