Other News

പാറമേക്കാവിലമ്മയുടെ തിടമ്പേറ്റി പൂരം വെടിക്കെട്ട് ആസ്വദിക്കാൻ ഇനി തൃപ്രയാർ രാമചന്ദ്രനില്ല

കൊച്ചിൻ ദേവസ്വം ബോർഡിലെ പ്രധാന ആനകളിൽ ഒന്നായ തൃപ്രയാർ രാമചന്ദ്രൻ ചരിഞ്ഞു. എഴുപതു വയസ്സ് ആയിരുന്നു. വാർദ്ധ്യക്യ സഹജമായ അസുഖങ്ങൾ ഏറെ നാളായി​ അലട്ടി​യി​രുന്ന രാമചന്ദ്രൻ കഴി​ഞ്ഞ തി​ങ്കളാഴ്ച തളർന്നുവീണി​രുന്നു. ക്രെയി​നി​ന്റെ സഹായത്തോടെ ആനയെ ഉയർത്തിശേഷം ചികിത്സ ആരംഭിച്ചിരുന്നുവെങ്കിലും ഫലവത്തായില്ല. ഇന്നലെ രാത്രി​ വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണ്ണിപ്പറമ്പിൽ വച്ചായിരുന്നു അന്ത്യം.

ശ്രീകുമാർ അരൂക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

പ്രണാമം.. തൃപ്രയാർ രാമചന്ദ്രന്..

അങ്ങനെ ഒരാൾ കൂടി അരങ്ങൊഴിഞ്ഞു. നമുക്കൊപ്പം നടന്ന.. അഥവാ നമ്മൾ ഒപ്പം നടന്ന ഒരാൾ കൂടി നമുക്ക് മുന്നേ കടന്നുപോകുന്നു. തൃപ്രയാർ തേവരുടെ മാനസപുത്രൻ തൃപ്രയാർ രാമചന്ദ്രൻ. ഇരട്ടച്ചങ്കൻ എന്നൊക്കെ ആരെയെങ്കിലും വിളിക്കാമെങ്കിൽ അതിന് സർവ്വധാ യോഗ്യൻ രാമചന്ദ്രൻ തന്നെയായിരിക്കും. തൃശൂർ പൂരത്തിന്റെ വെടിക്കെട്ട്.. ഇടിവെട്ട് മത്സരക്കമ്പം… കരിമരുന്നിന്റെ കാർക്കശ്യത്തിന് ഭ്രാന്ത് പിടിക്കുന്ന.. ദിഗന്തങ്ങൾ നടുങ്ങുമാറ് നെഞ്ചുംകൂട് പോലും ചിലമ്പിച്ച് വിറങ്ങലിക്കുന്ന.. രാത്രിപ്പൂരത്തിന്റെ നേരത്ത്.. പേരുകേട്ട ഗജരാജൻമാരെയൊക്കെ ആനപറമ്പുകളുടെ സുരക്ഷിതത്വത്തിലേക്ക് മാറ്റി നന്നായിട്ട് ഉറപ്പിച്ച് ബന്ധിക്കും. പക്ഷേ ആ നേരത്തും ഇടറാത്ത മനസ്സോടെ… പതറാത്ത തലയെടുപ്പോടെ… കല്ലേപ്പിളർക്കുന്ന ആത്മധൈര്യത്തിന്റെ പ്രതിരൂപമായി… ആണൊരുത്തൻ നിലപാടുതറയിൽ പാറമേക്കാവിലമ്മയുടെ തിടമ്പുമേന്തി “പൊട്ടട്ടങ്ങനെ പൊട്ടട്ടെ” എന്ന നിസ്സാരമട്ടിൽ ചുവടുറപ്പിച്ച് നിൽക്കുന്നുണ്ടെങ്കിൽ അത് അവനായിരിക്കും… ഒരേയൊരു രാമചന്ദ്രൻ.

രാമചന്ദ്രന്റെ എപ്പിസോഡുകൾ ചിത്രീകരിച്ചത് തേക്കിൻകാട് മൈതാനത്തും പിന്നെ തൃപ്രയാർ ക്ഷേത്രത്തിലുമായിരുന്നു. ചങ്കുറപ്പിന്റെ കാര്യത്തിലെന്ന പോലെ അത്യാവശ്യം കൈയ്യിലിരിപ്പിന്റെ കാര്യത്തിലും ഒട്ടും പുറകിലല്ലാത്ത അസ്സൽ ഒരു ‘തൃശൂർ ഗഡി’ തന്നെയായിരുന്നു രാമു. അവൻ അങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളു. എന്തെന്നാൽ കാടിന്റെ നൻമകളിലേക്കല്ല.. മറിച്ച് നാടിന്റെ ഉടായ്പ്പുകളിലേക്കാണ് അവൻ പിറന്നുവീണത്. കണ്ടു വളർന്നതും കേട്ടു പഠിച്ചതും ജഗജാല കില്ലാടികളായ മലയാളി മാമ്മൻമാരുടെ അടിതടകൾ. നാട്ടിൽ പിറന്നവൻ… നാട്ടാനയായ ഒരു മില്ലിലെ പണിയാനയുടെ ദിവ്യഗർഭത്തിൽ ഉരുവം കൊണ്ടവൻ.

രാമചന്ദ്രനെ സ്വന്തം കൂടപ്പിറപ്പിനെയെന്നോണം പരിപാലിച്ച്… ആത്മാർത്ഥമായി സ്നേഹിക്കുമ്പോഴും അവശ്യം വേണ്ട ജാഗ്രതയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച്ച കാട്ടിയിട്ടില്ലാത്ത വേണുച്ചേട്ടൻ – എന്ന അവന്റെ പ്രിയപ്പെട്ട പാപ്പാനൊപ്പം കൊക്കർണ്ണിപ്പറമ്പിനടുത്ത് ഷൂട്ട് ചെയ്ത നിമിഷങ്ങൾ ഇപ്പോഴും ഓർമ്മയിൽ തെളിഞ്ഞു കത്തുന്നു. ഓരോരുത്തരായി നമ്മളോട് യാത്ര പോലും പറയാതെ വിടവാങ്ങുമ്പോൾ…
മറക്കാനാവാത്ത കുറേ ഓർമ്മകൾ മാത്രം ബാക്കിയാവുന്നു… വിട..

അപേക്ഷ : നാടും പരിസരങ്ങളും കണ്ടൈൻമെന്റ് സോണായതിനാൽ രാമചന്ദനെ അവസാനമായി ഒന്ന് കാണുവാൻ അവന്റെ അന്ത്യയാത്ര രേഖപ്പെടുത്തി വയ്ക്കുവാൻ എത്തിച്ചേരാൻ ആവില്ല. അതിനാൽ അവിടെയുള്ള പ്രിയ സുഹൃത്തുക്കൾ കഴിയുമെങ്കിൽ ആ നിമിഷങ്ങൾ നന്നായി പകർത്തി തന്നാൽ സഹായം.. ഉപകാരം.

ഫേസ്ബുക്ക് പോസ്റ്റ് ലിങ്ക്: 

https://m.facebook.com/story.php?story_fbid=3347276668637486&id=100000655574570

Related Articles

Leave a Reply

Back to top button