
തൃശൂർ: പെരിങ്ങോട്ട്കരയിൽ നവവധു മരിച്ച സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പൻഷൻ. അന്തിക്കാട് സിഐ പികെ മനോജിനും എസ്ഐ കെകെ ജിനേഷിനുമാണ് സസ്പൻഷൻ. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. 6 മാസം മുൻപാണ് ശ്രുതി ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
നേരത്തെ, കേസ് അന്വേഷണം നടത്തിയ പൊലീസിനെതിരെ ശ്രുതിയുടെ മാതാപിതാക്കൾ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ജനുവരി ആറിന് മരണം സംഭവിച്ച കേസിലെ അന്വേഷണം ഇതുവരെ എവിടെയും എത്തിയിട്ടില്ല. ആദ്യ ഘട്ടത്തിൽ തന്നെ തെളിവുശേഖരണത്തിൻ്റെ കാര്യത്തിൽ അന്തിക്കാട് പൊലീസിന് വലിയ തോതിലുള്ള വീഴ്ച സംഭവിച്ചിരുന്നു എന്നതാണ് പ്രധാന ആരോപണം. അതിൽ തന്നെ, സിഐ പികെ മനോജിനും എസ്ഐ കെകെ ജിനേഷിനും വീഴ്ച സംഭവിച്ചു എന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോൾ കേസ് അന്വേഷണം നടത്തുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.