Movies

ആഘോഷങ്ങളില്ലാതെ ദളപതിക്ക് ഇന്ന് പിറന്നാള്‍

തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ നാലപ്പത്തിയാറാം പിറന്നാളാണ് ഇന്ന്. തമിഴകത്തിനും മലയാളത്തിനും ഒരു പോലെ പ്രിയപ്പെട്ട താരത്തിന്‍റെ ഇത്തവണത്തെ ജന്‍മദിനത്തിന് ആഘോഷങ്ങളൊന്നുമുണ്ടാകില്ല.

ദളപതി വിജയ് എന്ന ഒറ്റ ടൈറ്റില്‍ കാര്‍ഡ് മാത്രം മതി ഇന്ന് തിയറ്ററുകള്‍ പൂരപ്പറമ്പാകാന്‍, നാളയെ തീര്‍പ്പില്‍ തുടങ്ങി ഇന്ന് മാസ്റ്റര്‍ വരെയെത്തി നില്‍ക്കുന്ന ആ വിജയ ചരിത്രം തമിഴകത്ത് രജനിക്ക് ശേഷം ഇനിയാരെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ്.

1974 ജൂൺ 22-ന് തമിഴ് സംവിധായകന്‍ സി.എ ചന്ദ്രശേഖരന്‍റെയും ശോഭയുടെയും മകനായാണ് വിജയുടെ ജ‍നനം. പത്താം വയസില്‍ വെട്രി എന്ന ചിത്രത്തില്‍ ബാലതാരമായി വെള്ളിത്തിരയിലെത്തിയ വിജയ് 1992ല്‍ നാളയെ തീര്‍പ്പ് എന്ന ചിത്രത്തിലാണ് നായകനായി എത്തുന്നത് എന്നാല്‍ അന്ന് നിറത്തിന്‍റെയും രൂപത്തിന്‍റെയും പേരില്‍ താരത്തിന് വളരെയധികം വിമര്‍ശനങ്ങളും കളിയാക്കലുകലുകളും നേരിടേണ്ടി വന്നു.

ഇവന്റെയൊക്കെ സിനിമ ആര് തീയറ്ററില്‍ പോയി കാണാനാ എന്ന് ചോദ്യത്തില്‍ നിന്നും തമിഴ് സിനിമാ ലോകത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിജയ് ചിത്രം ഇറങ്ങിയാല്‍ മതി എന്ന വാക്കുകളിലേക്കുള്ള മാറ്റം താരത്തിന്റെ മധുര പ്രതികാരം കൂടിയാണ്.

കരിയറിന്‍റെ ആദ്യഘട്ടങ്ങളില്‍ ഖുഷിയിലൂടെയും ഷാജഹാനിലൂടെയും കാതലുക്ക് മര്യാദൈയിലൂടെയുമൊക്കെ ചോക്ലേറ്റ് റൊമാന്‍റിക് ഹീറോ ആയി അരങ്ങു വാണ ഇളയദളപതി പിന്നീട് ചുവടല്‍പം മാറ്റി ആക്ഷന്‍ ഹീറോ എന്ന കുപ്പായം അണിഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ രജനിക്ക് പോലും നേടാന്‍ കഴിയാത്ത 50 കോടി കളക്ഷന്‍ എന്ന ബാലികേറാമല ഗില്ലിയിലെ കബഡി കോര്‍ട്ടില്‍ നിന്നും വിജയ് സ്വന്തമാക്കി.

പിന്നീട് ഇടയ്ക്ക് തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ വിജയ് എന്ന താരം അസ്തമിച്ചു എന്ന മുറവിളികള്‍ക്ക് മറുപടിയായാണ് തുപ്പാക്കിയില്‍ ക്യാപ്റ്റന്‍ ജഗദീഷ് ട്രയിന്‍ കയറി ലീവിന് വന്നത്. എന്തിരന്‍ എന്ന ബ്രഹ്മാണ്ഡ രജനി ചിത്രത്തിന് ശേഷം 100 കോടി ക്ലബിലെത്തിയ ചിത്രമായി തുപ്പാക്കി മാറി,

എല്ലാ വര്‍ഷവും കാരുണ്യപ്രവര്‍ത്തനങ്ങളും റീ റിലീസുകളുമൊക്കെയായി ആരാധകര്‍ ഗംഭീരമായാണ് താരത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കാറ്. എന്നാല്‍ ലോകം കൊവിഡിനെതിരെ പോരാടുന്ന ഈ അവസരത്തില്‍ തന്‍റെ പിറന്നാള്‍ ആഘോഷമാക്കരുതെന്ന് അഭ്യര്‍ഥിച്ച് വിജയ് തന്നെ മുന്നോട്ട് വന്നു. മൊത്തം 1.30 കോടി രൂപ താരം കോവിഡ് ധനസഹായമായി നൽകി. തമിഴിനും മലയാളത്തിനും കന്നടക്കും തെലുങ്കിനും ഒക്കെയായി തന്‍റെ സ്നേഹം കൂടിയാണ് വിജയ് വീതിച്ചു നൽകിയത്.

തന്‍റെ ചിത്രങ്ങളിലൂടെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളിലും ഇടപെടുന്ന വിജയിയുടെ മെര്‍സല്‍ മുതല്‍ ബിഗില്‍ വരെയുള്ള ചിത്രങ്ങളിലെ ഡയലോഗുകള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഈ പരാമര്‍ശങ്ങള്‍ക്കെതിരായ പകപോക്കലായിരുന്നു അദ്ദേഹത്തിന്‍റെ വസതിയില്‍ നടന്ന റെയ്ഡെന്ന തരത്തിലുള്ള ആരോപണങ്ങളും ഉണ്ടായിരുന്നു. മാസ്റ്റര്‍ എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലിരിക്കെയായിരുന്നു ഈ വിവാദങ്ങള്‍. പിന്നീട് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ ഇതേക്കുറിച്ച് താരം പറയാതെ പറഞ്ഞിരുന്നു. മാസ്റ്റര്‍ തന്നെയാണ് ദളപതിയുടെ റിലീസാകാനുള്ള ഏറ്റവും പുതിയ ചിത്രം.

Related Articles

Leave a Reply

Back to top button