Automobile

പുതുപുത്തൻ ഹോണ്ട സിറ്റി അടുത്ത മാസം, വിശദശാംശങ്ങൾ പുറത്തുവിട്ട് കമ്പനി

ജാപ്പനീസ് കാർ നിർമ്മാതാക്കളായ ഹോണ്ട കഴിഞ്ഞ വർഷം നവംബറിലാണ് അഞ്ചാം തലമുറ സിറ്റി സെഡാനെ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. തായ്‌ലൻഡ് വിപണിയിൽ ആദ്യം എത്തിയ പുത്തൻ സിറ്റി സെഡാൻ ഈ വർഷം മാർച്ചിൽ ഇന്ത്യൻ വിപണിയിലെത്തേണ്ടിയിരുന്നതാണ്. പക്ഷെ കൊറോണ വൈറസിന്റെ വ്യാപനവും തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണും ലോഞ്ച് നീട്ടിവയ്ക്കാൻ ഹോണ്ടയെ നിർബന്ധിതരാക്കി. ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്ത മാസം പുത്തൻ സിറ്റി ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണ് ഹോണ്ട ഇന്ത്യ.

കെട്ടിലും മട്ടിലും കൂടുതൽ എക്‌സിക്യൂട്ടീവ് ലുക്കിലാണ് പുത്തൻ സിറ്റി വില്പനക്കെത്തുന്നത്. അതെ സമയം തായ്‌ലൻഡിൽ അവതരിപ്പിച്ച മോഡലുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ മോഡലിൽ ചില വ്യത്യാസങ്ങളുണ്ട്. എന്തൊക്കെയാണ് ഈ മാറ്റങ്ങൾ എന്നതടക്കം 2020 സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹോണ്ട കാർസ് ഇന്ത്യ പുറത്തുവിട്ടു. മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായ് വെർന, ഫോക്‌സ്വാഗൺ വെന്റോ, ടൊയോട്ട യാരിസ് എന്നീ സെഡാനുകളോട് മത്സരിക്കുന്ന പുത്തൻ സിറ്റിയെ അടുത്തറിയാം.

ഹോണ്ടയുടെ തന്നെ സിവിക്കിന്റെയും അക്കോർഡിന്റെയും ഒരു മിശ്രണം, പുത്തൻ സിറ്റിയുടെ രൂപഭംഗിയെ ഇങ്ങനെ ചുരുക്കിപ്പറയാം. സിറ്റിയുടെ അടിസ്ഥാന ആകാരത്തിന് കാര്യമായ മാറ്റമൊന്നും ഇല്ലെങ്കിലും, പുതിയ സിറ്റിയ്ക്ക് കൂടുതൽ പക്വതയുള്ളതും കൂടുതൽ എക്‌സിക്യൂട്ടീവും ആയ ഡിസൈൻ ആണ്. ഹോണ്ട മോഡലുകളുടെ മുഖമുദ്രയായ വീതിയേറിയ സിംഗിൾ സ്ലാറ്റ് ക്രോം ഗ്രിൽ പുത്തൻ സിറ്റിയിലും ഇടം പിടിച്ചിട്ടുണ്ട്. ഗ്രില്ലിനു ഇരു വശത്തും വീതികുറഞ്ഞ എൽഇഡി ഹെഡ്‍ലാമ്പുകൾ ഇടം പിടിച്ചിരിക്കുന്നു. വശങ്ങളിലെ പ്രധാന ആകർഷണം ഹെഡ്‍ലാംപ് മുതൽ ടെയിൽലാംപ് വരെ നീണ്ടു നിൽക്കുന്ന ഷോൾഡർ ലൈൻ ആണ്. ഷാർക്‌ ഫിൻ ആന്റിന, പുതിയ ഡിസൈനിലുള്ള 16-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയാണ് മറ്റുള്ള ശ്രദ്ധേയമായ ഘടകങ്ങൾ. കൂടുതൽ സ്റ്റൈലിഷ് ആണ് എൽഇഡി ടെയിൽലൈറ്റ്. പക്ഷെ ടെയിൽ ലൈറ്റ് ഒഴിച്ച് നിർത്തിയാൽ പിൻഭാഗത്തിന്റെ ഡിസൈനിനു കാര്യമായ പുതുമ അവകാശപ്പെടാനില്ല.

പുത്തൻ പ്ലാറ്റ്ഫോമിലാണ് 2020 ഹോണ്ട സിറ്റി തയ്യാറാക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞ, കൂടുതൽ സുരക്ഷിതത്വമുള്ള പ്ലാറ്റ്ഫോം ആണ് ഇതെന്ന് ഹോണ്ട അവകാശപ്പെടുന്നു. മാത്രമല്ല സെഡാന്റെ നോയിസ്, വൈബ്രേഷൻ, ഹാർനെസ്സ് ലെവലുകൾ ഇതുവരെ വില്പനയിലുണ്ടായിരുന്ന മോഡലുകളെക്കാൾ മെച്ചപ്പെട്ടതിരിയ്ക്കും. 4,549 എംഎം നീളം, 1,748 എംഎം വീതി, 1,489 എംഎം ഉയരം എന്നിങ്ങനെയാണ് പുത്തൻ സിറ്റിയുടെ അളവുകൾ. 100 എംഎം നീളവും, 53 എംഎം വീതിയും കൂടുതലാണ് പുതിയ സിറ്റിക്ക്. പക്ഷെ ഉയരം 6 എംഎം കുറച്ചു കൂടുതൽ സ്പോർട്ടിയായാണ് പുത്തൻ സിറ്റിയുടെ എത്തിയിരിക്കുന്നത്. 2,600 എംഎം വീൽബേസിൽ മാറ്റമില്ല.

 

 

 

ജാപ്പനീസ് ലാളിത്യം നിറഞ്ഞു തുളുമ്പുന്നതാണ് ഇന്റീരിയർ. ടോക്കിയോ മോട്ടോർ ഷോയിൽ അവതരിപ്പിച്ച ഹോണ്ട ജാസിന്റെ ഡാഷ്‌ബോർഡ് അനുസ്മരിപ്പിക്കും സിംപിളാണ് പുതിയ സിറ്റിയുടെയും ഇന്റീരിയർ. കണ്ട്രോൾ ബട്ടണുകൾ ഒഴിവാക്കി സങ്കീർണതകൾ കുറച്ച ഡാഷ്ബോർഡ് ഒരു പക്ഷെ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് വരില്ല. ബീജ്, ബ്ലാക്ക് കോമ്പിനേഷനിലുള്ള ഡ്യുവൽ ടോൺ ഇന്റീരിയർ ആണ് ഇന്ത്യക്കുള്ള മോഡലിന്. കൂടാതെ വുഡ് ഫിനിഷും നൽകിയിട്ടുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിലും പുത്തൻ ഹോണ്ട സിറ്റി മുന്നിലാണ്. മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ (MID), ആപ്പിൾ കാർപ്ലേ, സിരി വോയിസ് കണ്ട്രോൾ കണക്ടിവിറ്റിയുള്ള 8-ഇഞ്ച് അഡ്വാൻസ്ഡ് ടച്ച് ഡിസ്പ്ലേ ഓഡിയോ, മൾട്ടി-ഫങ്ക്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് എയർ-കണ്ടിഷനിംഗ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചറുകൾ. ഇപ്പോൾ വില്പനയിലുള്ള സിറ്റിയിലെ ഫീച്ചറുകളായ ഓട്ടോമാറ്റിക് സ്റ്റാർട്ട്/സ്റ്റോപ്പ് ഫങ്ക്ഷൻ, ഇക്കോ മോഡ് എന്നിവ പുത്തൻ സിറ്റിയിലും തുടരും.

ഭാരത് സ്റ്റേജ് 6 മലിനീകരണ നീയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച 1.5-ലിറ്റർ i-DTEC ഡീസൽ എൻജിൻ തുടരുമെങ്കിലും 1.5-ലിറ്റർ i-VTEC പെട്രോൾ എഞ്ചിന് പകരം പുത്തൻ എൻജിൻ അന്ന് സിറ്റിയിൽ. L15B കോടുള്ള 1.5-ലിറ്റർ എൻജിൻ തന്നെയാണ് പുതിയ എൻജിനും. ഇതുവരെയുണ്ടായിരുന്ന എഞ്ചിന് 1,497 സിസി ആയിരുന്നു ഡിസ്പ്ലേസ്‌മെന്റ് എങ്കിൽ പുത്തൻ എഞ്ചിന് 1,498 സിസി ആണ് ഡിസ്പ്ലേസ്മെന്റ്. എൻജിന്റെ പവർ 120 ബിഎച്ച്പിയിൽ നിന്നും 122 ബിഎച്ച്പി ആയി വർദ്ധിക്കും. 6-സ്പീഡ് മാന്വൽ, 7-സ്റ്റെപ് സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. മാന്വൽ പെട്രോൾ എഞ്ചിനുകൾക്ക് ലിറ്ററിന് 17.8 കിലോമീറ്ററും, സിവിടി ഓട്ടോമാറ്റിക് മോഡലിന് ലിറ്ററിന് 18.4 ലിറ്ററും ആണ് ഹോണ്ട അവകാശപ്പെടുന്ന മൈലേജ്. 100 എച്ച്പി പവറും 200 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഡീസൽ എൻജിനിൽ മാത്രമേ ലഭ്യമാവൂ. ലിറ്ററിന് 24.1 കിലോമീറ്റർ ആണ് ഡീസൽ ഹോണ്ട സിറ്റിയ്ക്ക് അവകാശപ്പെടുന്ന മൈലേജ്.

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum