Movies

മുന്തിയ പരിഗണന വേണമെന്നുള്ളവർ സ്വന്തമായി സിനിമ നിർമ്മിക്കൂ – നീരജ് മാധവിന് മറുപടിയുമായി നിർമ്മാതാവ് ഷിബു സുശീലൻ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് നിരവധിപേരാണ് സിനിമാ മേഖലയിൽ നിലനിൽക്കുന്ന ചേരിതിരിവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അത്തരത്തിൽ ഒരു കുറിപ്പ് കഴിഞ്ഞ ദിവസം നടൻ നീരജ് മാധവും പങ്കുവെച്ചിരുന്നു. വളര്‍ന്നുവരുന്ന ഒരു നടനെ എങ്ങനെ മുളയിലെ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെ സിനിമാ മേഖലയിൽ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം നീരജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. എന്നാൽ മലയാള സിനിമയിൽ മുളയിലേ നുള്ളുന്ന ഒരു രീതിയും നിലവിൽ ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവും പ്രൊഡക്‌ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ.

മലയാള സിനിമയിൽ മുളയിലേ നുള്ളുന്ന ഒരു രീതിയും നിലവിൽ ഇല്ല എന്നതിന് തെളിവ് ആണ് ഇപ്പോൾ സിനിമാലോകത്ത് കഴിവുള്ള കുറേപേരുടെ സജീവ സാന്നിധ്യമുള്ളതെന്നാണ് ഷിബു അഭിപ്രായപ്പെട്ടിരിക്കുന്നത്. പുതിയൊരു ആർടിസ്റ്റ് ആയാലും മറ്റ് ടെക്‌നീഷ്യൻ ആയാലും, വരുമ്പോൾ തന്നെ അവർക്ക് മുൻ നിരയിൽ ഉള്ളവർക്ക് കൊടുക്കുന്ന സൗകര്യങ്ങൾ കൊടുക്കേണ്ട കാര്യമില്ല, അങ്ങനെ വേണം എന്ന് വിചാരിക്കുന്നത് തന്നെ ശരി അല്ല. വേറെ ഏതു മേഖലയിൽ ആണ് മുന്തിയ പരിഗണന കിട്ടുന്നതെന്നും ഷിബു ചോദിച്ചിരിക്കുകയാണ്.

അവർ അവരുടെ കഴിവ് തെളിയിച്ചു വരുമ്പോൾ തനിയെ അതെല്ലാം വന്നു ചേരുകയാണ്. അങ്ങനെ തന്നെ ആണ് ഇന്ന് നിലവിൽ ഉള്ളവർ എല്ലാവരും വന്നതും. പുതിയതായി വരുന്നവരോട് സാധാരണ പ്രൊഡക്‌ഷൻ കൺട്രോളർ പറയും ലൊക്കേഷനിൽ വേണ്ട കാര്യങ്ങൾ, അതിൽ അദ്ഭുതം ഒന്നും ഇല്ല, ഇപ്പോൾ ചിലരുടെ ആഗ്രഹം വരുമ്പോൾ തന്നെ കാരവൻ വേണം,കൂടെ അസിസ്റ്റന്‍റ്, മേക്കപ്പ് ടീം അങ്ങനെ പലതും വേണമെന്നൊക്കെയാണ്. വളരെ തിരക്കുള്ള പലരും ഇതൊക്കെ ഇല്ലാതെയും ഇപ്പോഴും അഭിനയിക്കുന്നുണ്ടെന്നും ഷിബു ഓൺലൈൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുകയാണ്.

സെറ്റിൽ നിന്ന് സെറ്റിലേക്ക് ഓടിക്കൊണ്ടിരുന്നയാളാണ് ജഗതി ചേട്ടൻ. ഒരു സമയത്തും അദ്ദേഹത്തിന്‍റെ ബാഗ് പിടിക്കാൻ ആരെയും കണ്ടിട്ടില്ല. പക്ഷേ ചില താരങ്ങൾ അങ്ങനെ അല്ല. ഇതൊക്കെ ഇല്ലെങ്കിൽ എന്തോ ഒരു കുറവ് ആയിട്ട് ആണ് അവരുടെ ഫീലിങ്. ഇതൊക്കെ ഇല്ലാതെ വന്നവർ തന്നെ ആണ് ഇന്നത്തെ സീനിയേഴ്സായിട്ടുള്ളവര്‍. കുറേ ചെറുപ്പക്കാർ ഇപ്പോൾ സമയത്തു ലൊക്കേഷനിൽ എത്താറില്ല എന്നത് സത്യം ആണ്. ഇവർ കാരണം എന്തെല്ലാം ബുദ്ധിമുട്ട് ആ സെറ്റിൽ ഉണ്ടാകുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. നിർമാതാവിന്‍റെ അവസ്ഥ എന്താവും, യഥാർത്ഥത്തിൽ ഒരു വിഭാഗം സഹിക്കുക ആണ്. പ്രൊഡക്‌ഷൻ കൺട്രോളർ, മാനേജർമാർ, ഡയറക്ടർ സെക്ഷൻ ഇവർ എല്ലാം കുറെ ന്യൂ ജനറേഷനെ സഹിക്കുകയാണ് ചെയ്യുന്നത്.

പുതിയ താരങ്ങൾ ആയാലും ടെക്‌നിഷ്യൻ ആയാലും സ്വാഭാവികമായും പ്രതിഫലം കുറവായിരിക്കും. അത് എല്ലാകാലത്തും അങ്ങനെ തന്നെ ആണ് താനും. സീനിയേഴ്സ് എല്ലാവരും പുതിയ ആർടിസ്റ്റിനെയും ടെക്‌നീഷ്യനെയും ഉൾക്കൊള്ളാൻ മനസ്സ് ഉള്ളവർ തന്നെ ആണ്. നല്ല രീതിയിൽ ഉള്ള പെരുമാറ്റവും കഴിവും ഉള്ളവർ എല്ലാ മേഖലയിലും ശോഭിക്കാറുണ്ട്. അത് സിനിമയിൽ മാത്രം അല്ല എവിടെ ആയാലും. ദിവസവും ഒരാൾ എങ്കിലും അഭിനയിക്കാനും കഥ പറയാനും വേണ്ടി എന്നെ ബന്ധപ്പെടാറുണ്ട്. അവർ പറയുന്നത് ഒന്ന് സിനിമയിൽ വന്നാൽ മതി എന്നുമാത്രമാണ്. തുടക്കത്തിൽ മുന്തിയ പരിഗണന വേണം എന്ന് ആഗ്രഹിക്കുന്നവർ സ്വന്തം സിനിമ നിർമിച്ച് വന്നാൽ പോരെ ? എന്ന് ചോദിച്ചിരിക്കുകയുമാണ് ഷിബു.

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum