
സംസ്ഥാനത്ത് ആറു ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ആറു ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോര്ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലര്ട്ടുള്ളത്. കൂടാതെ ലക്ഷദ്വീപിലും യെല്ലോ അലര്ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റു ജില്ലകളിലും മാഹിയിലും ഇന്ന് ഗ്രീൻ അലര്ട്ടാണുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ തിങ്കള്‍, ചൊവ്വ, ബുധൻ ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം പാലക്കാട് ജില്ലയിലും ബുധനാഴ്ച തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
സംസ്ഥാനത്ത് ഈ വര്‍ഷം ജൂൺ ഒന്നിനു തന്നെ പതിവു പോലെ കാലവര്‍ഷം ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. കേരള/ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ തിരമാലകളും കാറ്റും ഉണ്ടായേക്കുമെന്നുമാണ് മുന്നറിയിപ്പ്.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള സ്ഥലങ്ങളിൽ ആളുകള്‍ ജാഗ്രത പാലിക്കണം. അടുത്ത 24 മണിക്കൂറിനകം സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ 120 മുതൽ 200 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.