LogoLoginKerala

പുരപ്പുറത്തെ പഠനം വൈറൽ; ഒടുവില്‍ നമിതയ്ക്ക് നെറ്റ് കിട്ടി

മലപ്പുറം: ബിഎ ഇംഗ്ലീഷ് അഞ്ചാം സെമസ്റ്റർ വിദ്യാർഥിനിയായ നമിത നാരായണന് ഇനി ഓൺലൈൻ പഠനത്തിനായി പുരപ്പുറത്തു കയറേണ്ട. ഒരു മൊബൈൽ നെറ്റ് വർക്കിനും റെയ്ഞ്ച് ഇല്ലാതെ വന്നതോടെയാണ് മലപ്പുറം കോട്ടയ്ക്കലിന് സമീപം അരീക്കലിൽ താമസിക്കുന്ന നമിതക്ക് പഠനത്തിന് പുരപ്പുറത്തുകയറേണ്ടിവന്നത്. ജൂൺ നാലിന് ഇതു സംബന്ധിച്ച വാർത്ത ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത പുറത്തുവന്നതോടെ ജിയോ അധികൃതരെത്തി വീട്ടിനുള്ളിൽ 4G റെയ്ഞ്ച് ലഭ്യമാക്കി. പുതിയ സിമ്മും നൽകി. കുറ്റിപ്പുറം കെഎംസിറ്റി ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥിയാണ് …
 

മലപ്പുറം: ബിഎ ഇംഗ്ലീഷ് അഞ്ചാം സെമസ്റ്റർ വിദ്യാർഥിനിയായ നമിത നാരായണന് ഇനി ഓൺലൈൻ പഠനത്തിനായി പുരപ്പുറത്തു കയറേണ്ട. ഒരു മൊബൈൽ നെറ്റ് വർക്കിനും റെയ്ഞ്ച് ഇല്ലാതെ വന്നതോടെയാണ് മലപ്പുറം കോട്ടയ്ക്കലിന് സമീപം അരീക്കലിൽ താമസിക്കുന്ന നമിതക്ക് പഠനത്തിന് പുരപ്പുറത്തുകയറേണ്ടിവന്നത്. ജൂൺ നാലിന് ഇതു സംബന്ധിച്ച വാർത്ത ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത പുറത്തുവന്നതോടെ ജിയോ അധികൃതരെത്തി വീട്ടിനുള്ളിൽ 4G റെയ്ഞ്ച് ലഭ്യമാക്കി. പുതിയ സിമ്മും നൽകി.

കുറ്റിപ്പുറം കെഎംസിറ്റി ആർട്സ് ആൻ‍ഡ് സയൻസ് കോളജിലെ വിദ്യാർത്ഥിയാണ് നമിത. സിഗ്നലിനായി രണ്ടുനില വീടിന്റെ മുകളിലാണ് നമിത വലിഞ്ഞുകയറിയത്. ‘വീട്ടിലെ മുക്കിലും മൂലയിലും വരാന്തയിലുമെല്ലാം റെയ്ഞ്ച് ലഭിക്കാനായി പരിശ്രമിച്ചു. ഏറ്റവും ഒടുവിലാണ് രണ്ടുനില കെട്ടിടത്തിന്റെ പുരപ്പുറത്ത് സിഗ്നൽ ലഭിക്കുന്നുവെന്ന് കണ്ടെത്തിയത്’- നമിതയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ചയാണ് ഓൺലൈൻ ക്ലാസ് തുടങ്ങിയത്. അന്നു മഴയായതിനാൽ കുടയും ചൂടിയായിരുന്നു പുരപ്പുറത്തെ പഠനം. ബുധനാഴ്ചത്തെ വെയിലിലും തണലേകാൻ കുട കരുതി.

നമിതയുടെ അച്ഛൻ കെ സി നാരായണൻകുട്ടി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലെ ജീവനക്കാരനാണ്. മലപ്പുറം ജിഎംഎൽപി സ്കൂളിലെ അധ്യാപികയാണ് അമ്മ ജലജ. ഇരുമ്പ് ഏണി ഉപയോഗിച്ചാണ് നമിത മുകളിൽ കയറിയത്. ”മഴ അല്ല, ഇടിയും മിന്നലുമായിരുന്നു പ്രശ്നം. എനിക്ക് മാത്രമല്ല. ഇവിടെ ഒരുപാടു വിദ്യാർഥികൾക്ക് കണക്ടിവിറ്റി പ്രശ്നങ്ങളുണ്ട്.” നമിത പറയുന്നു. കോട്ടയ്ക്കൽ പി എസ് വാരിയർ ആയുർവേദ കോളജിലെ നാലാം വർഷ ബിഎഎംഎസ് വിദ്യാർഥിയായ ചേച്ചി നയനയും അനുജത്തിക്ക് പൂർണ പിന്തുണയുമായി ഒപ്പം നിന്നു.

പഠിക്കാൻ വളരെ താൽപര്യമുണ്ട്. പഠിച്ച് സിവിൽ സർവീസ് നേടുക എന്നതാണ് നമിതയുടെ സ്വപ്നം. പുരപ്പുറത്തിരുന്ന് പഠിക്കുന്ന നമിതയുടെ ചിത്രം കണ്ട് സ്ഥലം എംഎൽഎ സയിദ് അബിദ് ഹുസൈൻ തങ്ങൾ വിളിച്ച് അന്വേഷിച്ചിരുന്നു. പഠിക്കാൻ നമിത കാണിച്ച ഉത്സാഹത്തെ ഇ.ടി.മുഹമ്മദ് ബഷീർ എംപി വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.