Other News

ആ ആനയമ്മയുടെ നിൽപ്പുസമരത്തിന് പ്രതിഷേധാഗ്നിക്ക്; ശ്രീകുമാർ അരൂക്കുറ്റി ഫേസ്ബുക്കിൽ എഴുതിയ വികാരനിർഭരമായ കുറിപ്പ്

മനുഷ്യൻ, മനുഷ്യത്വം, മലയാളി…

ജീവിതത്തിന്റെ തുടർച്ചയെ കുറിച്ചോ ജീവന്റെ നിലനിൽപ്പിനെ കുറിച്ചോ ആർക്കും ഒരു ഉറപ്പുമില്ലാത്ത ഈ കോവിഡ് കാലത്ത്, ജീവിച്ചിരിക്കുകയെന്നത് തന്നെ ഏറ്റവും വലിയ സൗഭാഗ്യവും ആർഭാടവുമായി മാറുന്ന ഈ ദുരന്ത കാലത്ത്, മനുഷ്യനെ കൊണ്ട് മാത്രം സാധ്യമാകുന്ന മഹാപാതകത്തിലൂടെ നമ്പർ വൺ മലയാളി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു.

ഇത്തിരി തീറ്റ തേടി, കാടിറങ്ങി വന്ന ഒരു പാവം പിടിയാനക്ക്, ഉള്ളിൽ സ്‌ഫോടക വസ്തു ഒളിപ്പിച്ച പൈനാപ്പിൾ എറിഞ്ഞു കൊടുത്താണ് മണ്ണാർക്കാട് മേഖലയിലെ ചില മഹാത്മാക്കൾ ‘മഹനീയ മാതൃക’ കാട്ടിയത് (മലപ്പുറം ജില്ലയിലാണ് എന്നായിരുന്നു ആദ്യം കിട്ടിയ വാർത്തകൾ)

മനുഷ്യന്റെ വലിയ മനസ്സിനോടുള്ള നന്ദിയോടും സ്നേഹത്തോടും കൂടി പൈനാപ്പിൾ കടിച്ചതും വായ പൊട്ടിച്ചിതറിയിട്ടുണ്ടാവും ആ മിണ്ടാപ്രാണിയുടെ !

കരള് പിളരുന്ന വേദനയിലും പക്ഷേ അവൾ ആരോടും പകവീട്ടുവാനോ കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുവാനോ തയ്യാറായില്ല. മറിച്ച് ഒരു പുഴയിൽ ഇറങ്ങി… മുറിവേറ്റ വായ വെള്ളത്തിലാഴ്ത്തി ഒരേ നിൽപ്പ് നിന്നു. അവളുടെ രക്ഷയ്ക്കായി ശ്രമിച്ച വനം വകുപ്പിന്റെയോ, അതിനായി എത്തിച്ച കുങ്കിയാനകളുടേയോ ദയാവായ്പ്പിനും സഹായ ഹസ്തത്തിനും മുന്നിൽ യാചനയോടെ കൈ നീട്ടാതെ അവസാന ശ്വാസം വരെ അവൾ അതേ നിൽപ്പ് നിന്നു.

തന്റെ ഓരോ രോമകൂപങ്ങളിലൂടെയും വേദനയുടെ അണുക്കൾ ഇരച്ചിരച്ച് കയറുമ്പോഴും.. മരണം തന്നെ കാർന്നുതിന്നുകയാണ് എന്ന് തിരിച്ചറിഞ്ഞിട്ടും, അവൾ ആ പുഴയുടെ തണുപ്പിൽ അഭയം തേടിയത് വേദനക്ക് ഇത്തിരി ആശ്വാസം എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നോ? അല്ല, മറിച്ച് അവളുടെ വയറ്റിലെ ഓരോ മുഴപ്പിലൂടെയും, കൈ കാലിട്ടിളക്കങ്ങളിലൂടെയും ഇന്നലെ വരെ അവളെ പുളകം കൊള്ളിച്ചു കൊണ്ടിരുന്ന അവളുടെ ഗർഭസ്ഥ ശിശുവിന് വേണ്ടി…

ഇത്തിരി നേരമെങ്കിൽ ഇത്തിരി നേരം തന്റെ പെടപ്പും മരണ വെപ്രാളവും ഒന്നും അറിയാതെ തന്റെ പൂങ്കുരുന്ന് കിടന്നുകൊള്ളട്ടെയെന്ന ചിന്തയിൽ ആ കുരുന്ന് ജീവന്റെ തുടിപ്പിനും ഇനി അധികം ആയുസ്സില്ല, നിമിഷങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന തിരിച്ചറിവിൽ…

അതേ… കണ്ണിൽ ചോരയില്ലാത്ത മനുഷ്യന്റെ കൊടും ക്രൂരതക്ക് ഇരയായ പിടിയാന ഗർഭിണിയുമായിരുന്നു എന്നതാണ് ഈ സംഭവത്തിലെ ഏറ്റവും വലിയ ദുര്യോഗം !

തന്റെ ഉദരത്തിൽ ഇപ്പോഴും ഒരു കുഞ്ഞു ജീവന്റെ മിടിപ്പ് അവശേഷിക്കുന്നു എന്ന പ്രാണവേദനയോടെ ആ പുഴയിലേക്ക് മറിഞ്ഞ് വീണ് അന്ത്യശ്വാസം വലിച്ച ആ ആനയമ്മയുടെ… നിൽപ്പുസമരത്തിന്… പ്രതിഷേധാഗ്നിക്ക്, മധുരാനഗരി ചുട്ടു ചാമ്പലാക്കിയ കണ്ണകിയുടെ കണ്ണുകളിലെ തീക്കാറ്റിനേക്കാൾ ചൂടും ചൂരുമുണ്ടാകും, ഉണ്ടാകണം.

നൂറുശതമാനം സാക്ഷരനെന്നും , സംസ്കാര സമ്പന്നനെന്നും, മാനുഷികതയുടെ അപ്പോസ്തലൻമാരെന്നും മേനി നടിക്കുന്ന മുഴുവൻ മലയാളിയുടേയും മുഖമടച്ചുള്ള ഒരടിയാണ് അവളുടെ ആ ജീവൻ – മരണ ഗർഭസത്യാഗ്രഹം.

‘എനിക്ക് ഈ ലോകവും ഇവിടുത്തെ മനുഷ്യരേയും ഒന്നും കാണാനാവില്ലല്ലോ അമ്മേ’ എന്നാണ് ആ പിഞ്ചു ജീവൻ, അവളോട് അവസാനമായി.. പറഞ്ഞിട്ടുള്ളതെങ്കിൽ…

‘മനുഷ്യൻ എന്ന ഹിംസ്രജന്തുവിന്റെ മുഖം കാണാൻ നിൽക്കാതെ ഈ ജൻമനിയോഗം പൂർത്തിയാക്കാൻ കഴിഞ്ഞത് നിന്റെ പുണ്യമല്ലാതെ മറ്റെന്ത് കുഞ്ഞേ ‘ എന്നാവും ഒരു പക്ഷേ ആ മാതൃഹൃദയം മറുപടി പറഞ്ഞിട്ടുണ്ടാവുക. മനുഷ്യാ… നിന്റെ അഹന്തയ്ക്കും പ്രപഞ്ചത്തിലെ ഇതര ജീവജാലങ്ങളോടുള്ള കൊടുംക്രൂരതകൾക്കും എണ്ണിയെണ്ണി കണക്ക് പറയേണ്ടിവരുന്ന ദിനങ്ങൾ വിദൂരത്തല്ല… നിന്റെ ചുറ്റുവട്ടത്ത് തന്നെയുണ്ട്. ഒരു കൊറോണ കൊണ്ടൊന്നും തീരുന്നതുമല്ല അത്.

അലിവ്… ആർദ്രത… സ്നേഹം… കരുണ… കരുതൽ ഇതെല്ലാം ചേർന്ന ഒരവസ്ഥയേയാണ് മനുഷ്യത്വം എന്ന വാക്ക് കൊണ്ട് നാം അർത്ഥമാക്കുന്നതെങ്കിൽ, തിരുത്തേണ്ട കാലം ആയിരിക്കുന്നു.

ക്രൂരം…. ഹിംസ്രാത്മകം… കണ്ണിൽ ചോരയില്ലാത്തത്… എന്നതൊക്കെയാണ് ‘മൃഗീയം’ എന്നതിലൂടെ
ഉദ്ദേശിക്കുന്നതെങ്കിൽ അതും തിരുത്തേണ്ടിയിരിക്കുന്നു.

ബോമ്പ് ഒളിപ്പിച്ച പൈനാപ്പിൾ നൽകി ആനയെ സൽക്കരിച്ച ഇരുകാലികൾക്കോ …
അതോ, എല്ലാ വേദനയും സഹിച്ച്… ‘ദുഷ്ടവർഗ്ഗമേ കൺ നിറയേ കാണൂ… കണ്ട് രസിക്ക്… ഞങ്ങടെ ചാവ് ‘ എന്ന് പറയാതെ പറഞ്ഞ്, തന്റെ നിൽപ്പ് സമരത്തിന് വിരാമം കുറിച്ച ആ ആനയമ്മയ്ക്കോ… ഇതിൽ ആർക്കാണ് മനുഷ്യത്വം….? ആർക്കാണ് മൃഗീയത….?

മനുഷ്യനായതിൽ… മലയാളിയായതിൽ… മാപ്പ്.

NB – ആമസോൺ കാട് കത്തുമ്പോഴും… ഉത്സവ നഗരികളിലെ ഏതെങ്കിലും ഒരാന ഒന്നിടയുമ്പോഴും മാത്രം ദീനാനുകമ്പയും ജന്തു സ്നേഹവും ഉരുൾ പൊട്ടിയൊലിക്കുന്ന പല അഭിനവ മൃഗസ്നേഹികളും നല്ലൊരു ശതമാനം മലയാള മാധ്യമങ്ങളും ,
ഇങ്ങനെയൊരു സംഭവം പുരോഗമന കേരളത്തിന് അപമാനകരമാം വിധം അരങ്ങേറിയ കാര്യം അറിഞ്ഞ മട്ടു പോലും കാട്ടുന്നില്ല.
(ഇപ്പോൾ നാഷണൽ മീഡിയയും ,വിരാട് കോഹ്ലി അടക്കമുള്ള ഉത്തരേന്ത്യൻ സെലിബ്രൈറ്റികളും വരെ ഏറ്റെടുത്ത് കഴിഞ്ഞപ്പോൾ മലയാള മാധ്യമങ്ങളും ഉറക്കച്ചടവ് വീട്ട് ഉണർന്ന് തുടങ്ങിയിട്ടുണ്ട്)

മലയാളി ‘പൊളി’യല്ലേ…?

ശ്രീകുമാർ അരൂക്കുറ്റി (E4Elephant ടിവി പ്രോഗ്രാമിന്റെ സംവിധായകനും സിനിമ തിരക്കഥാകൃത്തും എഴുത്തുകാരനുമാണ് ലേഖകൻ)

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum