
വിദേശമദ്യ വിൽപന കുതിക്കുമ്പോഴും സംസ്ഥാനത്തു ബീയർ വിൽപനയിൽ ഇടിവ്. നിലവിൽ ബീയർ അധികസ്റ്റോക്കുണ്ടെന്നും ഇനി അറിയിച്ചിട്ടു മാത്രം അയച്ചാൽ മതിയെന്നും വിവിധ വെയർഹൗസ് അധികൃതർ ബവ്കോയ്ക്കു കത്തു നൽകി.
ബീയർ ആൻഡ് വൈൻ പാർലറുകൾ മാത്രമാണു നിലവിൽ സ്റ്റോക്കെടുക്കുന്നത്. വിൽപന ഇടിഞ്ഞതോടെ ഇവരും കുറച്ചു. ബാറുകൾ ബീയർ എടുക്കുന്നതേയില്ല. മുൻപു പ്രതിദിനം 200/300 കെയ്സ് ബീയർ വിറ്റിരുന്ന പല വെയർഹൗസുകളും ഇപ്പോൾ കഷ്ടിച്ച് 50/60 കെയ്സുകൾ മാത്രമാണു വിൽക്കുന്നത്. 6 മാസം മാത്രമാണു ബീയറിന്റെ കാലാവധിയെന്നും ലോക്ഡൗണിനെ തുടർന്നു ബീയർ കെട്ടിക്കിടക്കുന്നുണ്ടെന്നും സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം ശക്തമാണ്. മഴക്കാലവും തുടങ്ങിയതും വിൽപന കുറയാൻ കാരണമായതായി ബവ്കോ അധികൃതർ പറയുന്നു.